തിരുവനന്തപുരം: എഴുത്തുകാരനും പ്രഭാഷകനും മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ. ഡി. ബാബുപോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുപോളിന്റെ നില അതീവഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിൽ, കൃത്രിമ ശ്വസനോപകരണങ്ങളുടെ സഹായത്തോടെ ജീവൻ പിടിച്ചുനിർത്തിയെങ്കിലും, അർദ്ധരാത്രിയോടെ ഡോക്‌ടർമാർ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതൽ ആരോഗ്യനില ആശങ്കാജനകമായി തുടർന്ന ബാബുപോളിന്റെ ശരീരം ഇന്നലെ ഉച്ചയോടെ തന്നെ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പെരുമ്പാവൂർ പുല്ലുവഴിയിൽ ജനിച്ച ഡി.ബാബുപോൾ തിരുവനന്തപുരത്തായിരുന്നു സ്ഥിരതാമസം. ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച അദ്ദേഹം കിഫ്ബി ഭരണസമിതി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.
കേരള സർവകലാശാലാ വൈസ് ചാൻസലർ, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ, ധനകാര്യ സെക്രട്ടറി, കെ.എസ്.ആർ.ടി.സി ചീഫ് എക്‌സിക്യുട്ടീവ്, ട്രാവൻകൂർ ടൈറ്റാനിയം മാനേജിംഗ് ഡയറക്‌ടർ തുടങ്ങി നിരവധി ഉന്നത തസ്‌തികകളിൽ സേവനമനുഷ്‌ഠിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിൽ കളക്‌ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
ഇരുപത്തിയൊന്നാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച അദ്ദേഹം 59-ാം വയസ്സിൽ ഐ.എ.എസ് വിട്ട് ഓംബുഡ്‌സ്‌മാൻ സ്ഥാനം സ്വീകരിക്കുകയായിരുന്നു. 2001 സെപ്‌തംബറിൽ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു.
പ്രഭാഷകന്റെ സൗമ്യ സാന്നിധ്യമായും ചിന്തകന്റെ കടലാഴമായും എഴുത്തുകാരന്റെ മധുരാക്ഷരമായും സാഹിത്യ- സാംസ്‌കാരിക നഭസ്സിൽ കനകതാരകമായി ശോഭിച്ച ഡി. ബാബുബോളിന്റെ ആദ്യ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത് 19-ാം വയസ്സിൽ- ഒരു യാത്രയുടെ ഓർമ്മകൾ. കഥ ഇതുവരെ ആണ് സർവീസ് സ്‌റ്റോറി. ഇംഗ്ളീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ബൈബിൾ വിജ്ഞാനകോശമായ വേദശബ്‌ദ രത്നാകരത്തിന്റെ രചയിതാവാണ്.
ഭാര്യ പരേതയായ അന്ന ബാബുപോൾ. മക്കൾ മറിയം ജോസഫ്, ചെറിയാൻ സി. പോൾ. സംസ്‌കാരം പിന്നീട്.