-sreedharan-pillai

കോഴിക്കോട്: 2030 ആകുമ്പോഴേക്കും അമേരിക്കയെ തള്ളി മാറ്റി ഇന്ത്യ ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിജയ് സങ്കൽപ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "അന്താരാഷ്ട്ര സമൂഹം പ്രഖ്യാപിക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്ക് നമ്മൾ എത്തിയിരിക്കുന്നു. നമ്മൾ ഇറക്കിയ പ്രകടപത്രികയിലെ കണക്ക് പ്രകാരം 345 ലക്ഷം കോടി രൂപ ഉള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുക എന്ന് പറഞ്ഞാൽ അടുത്ത മൂന്ന് കൊല്ലത്തിനുള്ളിൽ മൂന്നാമത്തെ ശക്തിയായി മാറും. അത് കഴിഞ്ഞ് 2030 ആകുമ്പോൾ അമേരിക്കയെ തള്ളിമാറ്റി ഇന്ത്യ ഒന്നാമതോ രണ്ടാമതോ എത്തുമെന്നും" അദ്ദേഹം പറഞ്ഞു.

ശബരിമല സമരത്തിനായി ആദ്യമായിട്ടിറങ്ങിയ പ്രസ്ഥാനം ബി.ജെ.പിയാണ്. ശബരിമല സമരത്തിലെ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ഉറപ്പിച്ച് പറയുന്നു. അത് തടയാൻ ആർക്കും കഴിയില്ല. വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്രമോദിയെന്ന അതുല്യ പ്രതിഭക്ക് പകരം മോദി മാത്രമേയുള്ളൂവെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു. ബി.ജെ.പി പ്രകടനപത്രികയിൽ ശബരിമല വിഷയം ഉൾപ്പെടുത്തിയതിന് അദ്ദേഹം മോദിക്ക് നന്ദി അറിയിക്കുകയും ചെയ്തു.