കാസർകോട്: പോക്കിരി രാജ അവശേഷിപ്പിച്ച അലയൊലികളുടെ തുടർച്ചയായാണ് മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ മധുര രാജ റിലീസിനെത്തിയത്. ഏറെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ പ്രിയതാരത്തിന്റെ ചിത്രം തീയേറ്ററിൽ എത്തുമ്പോൾ കാസർകോട്ടെ ചില മമ്മൂട്ടി ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ജില്ലയിൽ മധുരരാജ റിലീസിനെത്തുന്ന പ്രധാന തീയേറ്ററുകളിലൊന്നായ മെഹബൂബ് തിയേറ്റർ കോംപ്ലക്സ് വ്യാഴാഴ്ച ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നഗരസഭാ അധികൃതർ പൂട്ടിയതോടെ ചിത്രം കാണാൻ വന്ന ആരാധകർ നിരാശയോടെ മടങ്ങുകയായിരുന്നു.
സംഭവം കോടതി ഉത്തരവിനെ തുടർന്നായതിനാൽ എവിടെയും പരാതി നൽകാനാകാതെ വിഷമിച്ചു. മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ റിലീസ് ദിവസം തന്നെ കാണുന്ന ആരാധകർ പിന്നെ രണ്ടും കൽപിച്ച് മംഗലാപുരത്തേക്കും കാഞ്ഞങ്ങാട്ടേക്കും വണ്ടി കയറി. ഇതിനിടെ തീയേറ്റർ അടച്ചുപൂട്ടിയ കാര്യം അറിയാതെ ഒട്ടേറെ പേർ സ്ഥലത്ത് വന്നു നിരാശയോടെ മടങ്ങി.
പത്രങ്ങളിൽ വന്ന സിനിമാപരസ്യത്തിൽ മെഹബൂബ് തിയേറ്ററിന്റെ പേരുമുണ്ടായത് തെറ്റിദ്ധാരണയ്ക്കിടയാക്കി. സിനിമ കാണുമെന്ന പ്രതീക്ഷയിലെത്തിയ ചിലർക്ക് ദേഷ്യവും സങ്കടവുമടക്കാനായില്ല. ഉച്ചയോടെ കാസർകോട്ടെ മറ്റൊരു തിയേറ്ററിൽ പ്രദർശിപ്പിക്കുമെന്ന അറിയിപ്പ് വന്നതോടെ ആരാധകരുടെ നിരാശ മാറി.
അഗ്നിസുരക്ഷാ സംവിധാനമില്ലാത്തതിന്റെ പേരിലാണ് തിയേറ്ററിനെതിരെ ഹൈക്കോടതി നടപടിയെടുത്തത്. കേരളം മുഴുവൻ പടം പ്രദർശനത്തിനെത്തിയ സമയത്ത് കാസർകോട് മാത്രമില്ലാത്തത് ആരാധകരെ വിഷമിപ്പിച്ചുവെന്ന് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അൻഷാദ് ചെമ്മനാട് പറഞ്ഞു.