തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിവാദം പറയുന്നിടത്ത് കൂടുതൽ പിന്തുണ ലഭിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ പ്രചാരണതന്ത്രം മാറ്റാൻ ബി.ജെ.പി തീരുമാനം. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ ശബരിമല വിഷയം കൂടുതൽ സജീവമാക്കാനാണ് ബി.ജെ.പിയിലെ ധാരണ. ശബരിമല വിഷയം ചർച്ച ചെയ്യാമെന്നും എന്നാൽ അയ്യപ്പന്റെ പേരിൽ വോട്ടുപിടിക്കരുതെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റ നിർദ്ദേശം നിലവിലുണ്ട്. ഇത് മറികടക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് ശബരിമല വിഷയം സജീവമാക്കി നിറുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എല്ലാ നിർദ്ദേശവും അംഗീകരിക്കാൻ ആകില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം മറികടന്നുള്ള ബി.ജെ.പിയുടെ പ്രചാരണത്തിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ഇടതുമുന്നണി.
അതിനിടെ ബി.ജെ.പി സ്ഥാനാർത്ഥികളെക്കുറിച്ച് പരാമർശമൊന്നുമില്ലാതെ ശബരിമല കർമ സമിതിയുടെ പേരിൽ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. സംസ്ഥാനമാമെ കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിച്ചും വീടുകളിൽ ലഘുലേഖ വിതരണം ചെയ്‌തുമാണ് പ്രചാരണം. ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ ഇറങ്ങിയവരെ സംസ്ഥാന സർക്കാർ കള്ളക്കേസിൽ കുടുക്കിയെന്നും തിരഞ്ഞെടുപ്പിൽ ഇക്കാര്യം മറക്കരുതെന്നുമാണ് പ്രധാന പ്രചാരണം. ഇതിന് പുറമെ മണ്ഡലമേതായാലം മണ്ഡലകാലം മറക്കരുതെന്ന മുദ്രാവാക്യവും കർമസമിതി ഉന്നയിക്കുന്നുണ്ട്. അതേസമയം, ബി.ജെ.പിയുടെ പേര് പരാമർശിക്കാത്ത നോട്ടീസുകൾക്ക് പിന്നിൽ ബി.ജെ.പി തന്നെയാണെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. അതിനിടെ ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ചട്ടലംഘനം ഉണ്ടായാൽ നടപടി എടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.