കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയ കർഷക കൂട്ടായ്മക്കെതിരെ പൊലീസ് കേസെടുത്തു. പ്രധാനമന്ത്രി എത്തുന്ന ദിവസം പോസ്റ്റർ പതിച്ച് പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ അഞ്ച് കിസാൻ മഹാസംഘ് പ്രവർത്തകരെ കോഴിക്കോട് കസബ പൊലീസ് 12 മണിക്കൂർ കരുതൽ തടങ്കലിൽ വച്ചു. ശേഷം കേസെടുത്ത് വിട്ടയച്ചു. തീർത്തും സമാധാനപരമായും ജനാധിപത്യപരമായും ആശയ പ്രചരണം നടത്തിയ ഞങ്ങളെ ബലംപ്രയോഗിച്ചു പൊലീസുകാർ പിടിച്ചു കൊണ്ടു പോവുകയായിരുന്നെന്ന് കർഷക സംഘടനാ പ്രവർത്തകൻ കെ.വി ബിജു പറഞ്ഞു.
‘മോദി കർഷക ദ്രോഹി, 70000 കർഷകരുടെ ആത്മഹത്യയ്ക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകൂ’ എന്ന തലക്കെട്ടോടെ മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളെയും വ്യാജ വാഗ്ദാനങ്ങളെയും തുറന്നു കാട്ടുന്ന നോട്ടീസായിരുന്നു കർഷക സംഘടനാ പ്രവർത്തകർ വിതരണം ചെയ്തത്.