maoist-

കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതായി പൊലീസ് റിപ്പോർട്ട്. ഇതേ തുടർന്ന് മണ്ഡലത്തിൽ പ്രചാരണം നടത്തുന്ന സ്ഥാനാർത്ഥികളായ പി.പി സുനീർ,​ തുഷാർ വെള്ളാപ്പള്ളി എന്നിവർക്ക് ഗൺമാൻ ഉൾപ്പടെയുള്ള സുരക്ഷ ശക്തമാക്കി. വനാതിർത്തിയിൽ പര്യടനം നടത്തുന്ന സ്ഥാനാർത്ഥികളെ കൊലപ്പെടുത്താനോ തട്ടിക്കൊണ്ടു പോകാനോ സാദ്ധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.

അതേസമയം,​ വയനാട്ടിലെ കർഷകർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ലഘുലേഖ വിതരണം ചെയ്തിരുന്നു. സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിൽ പുറത്തുവന്ന ലഘുലേഖ കൽപ്പറ്റ പ്രസ് ക്ലബിൽ തപാൽമാർഗമാണ് എത്തിയത്.

മാറിവരുന്ന സർക്കാരുകൾ കർഷകവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അതിനാൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നുമാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലമായതിനാൽ അതീവഗൗരവത്തോടെയാണ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ആഴ്ചകൾക്ക് മുമ്പ് വയനാട്ടിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനുമുമ്പാണ് ലക്കിടിയിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിനെ ഏറ്റുമുട്ടലിൽ വധിച്ചത്. ഈ സംഭവത്തിനുശേഷം വയനാട്ടിൽ സുരക്ഷ ശക്തമാക്കിയിരുന്നു.