കൊച്ചി: ഏപ്രിലിലെ ചുട്ടുപൊള്ളുന്ന ചൂടിലും തിരഞ്ഞെടുപ്പിന്റെ ആവേശം ഒരു തരി പോലും ചോരാതെ സ്ഥാനാർത്ഥികളെല്ലാം മണ്ഡലത്തിൽ സജീവമാണ്. എറണാകുളം എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവും കൂളായി മണ്ഡലത്തിൽ സജീവമായിരിക്കുകയാണ്. പ്രാചരണത്തിന്റെ ആവേശ ചൂടല്ലാതെ മറ്രൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് അൽഫോൺസ് കണ്ണന്താനം പറയുന്നു. പ്രചാരണത്തിനിടെ മണ്ഡലം മാറി വോട്ട് ചോദിച്ചതിനും കോടതിയിൽ കയറിയതിനും ഇതിന്റെ പേരിൽ തന്നെ ട്രോളുന്നവരോടും കണ്ണന്താനത്തിന് പറയാനുള്ളത് ഇത്ര മാത്രം.
ജഡ്ജി വരാതെ ഹാൾ കോടതിയാകുന്നില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ആ മുറിയിൽ വോട്ടു ചോദിക്കാൻ ചെന്നത്. മണ്ഡലം മാറി വോട്ടു ചോദിച്ചതായി തന്നെ ട്രോളിയവരോട് പറയാനുള്ളത്, സ്വന്തം മണ്ഡലത്തിലുള്ളവരോടു മാത്രം കൈ വീശിക്കാണിക്കാനും മണ്ഡലം മാറിയാൽ കൈ വീശാതിരിക്കാനും തനിക്കാവില്ലെന്നു മാത്രമാണ്. അതേസമയം ട്രോളുകൊണ്ട് തനിക്കു ഗുണമുണ്ടെന്നും കണ്ണന്താനം പറഞ്ഞു. ടൈം മാഗസിൻ തിരഞ്ഞെടുത്ത പ്രമുഖരായ 100 പേരിൽ ഒരാൾ താനായിരുന്നുവെന്ന കാര്യം നാലാൾ അറിഞ്ഞതു ട്രോളുവഴിയാണ്- കണ്ണന്താനം പറഞ്ഞു.