namo-tv-modi

ന്യൂഡൽഹി: മാദ്ധ്യമ ബിസിനസുകാരുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്... തിരഞ്ഞെടുപ്പു കാലത്ത് സൂപ്പർഹിറ്റാകുന്ന ഒരു ഡൊമെയ്ൻ വിൽപ്പനയ്‌ക്കുണ്ട്. നമോ ടിവി ഡോട്ട്കോം. അമേരിക്കൻ വെബ് ഹോസ്റ്റിംഗ് കമ്പനിയായ ഗോഡാഡി ഡോട്ട്കോമിനു വേണ്ടി പരാഗ് ജെ ഷാ ആണ് നമോ ടിവി ഡോട്ട്കോം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വാങ്ങാൻ താത്‌പര്യമുള്ളവർ പരാഗ്ജെഷാ@ജിമെയിൽ എന്ന വിലാസത്തിൽ ബന്ധപ്പെട്ടാൽ മതി. വിവാദങ്ങളിൽ മുങ്ങിനിൽക്കുമ്പോഴും എന്താണീ സംഭവമെന്ന് പലർക്കും ഇപ്പോഴും പിടിയില്ല.

ലൈസൻസ് ഉള്ള ടിവി ചാനലാണോ, പരസ്യ ചാനലാണോ, വെബ്സൈറ്റ് ആണോ.... ഒന്നുറപ്പ്: ലൈസൻസ് ഇല്ല. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കൈവശമുള്ള രജിസ്റ്റേർഡ് ടിവി ചാനലുകളുടെ പട്ടികയിൽ നമോ ടിവി ഇല്ല. എന്നിട്ടും രാജ്യത്തെ സർവമാന ഡി.ടി.എച്ച് പ്ളാറ്റ്ഫോമുകളിലും നമോ ടിവി ഇരുപത്തിനാലു മണിക്കൂറുമുണ്ട്. അതെങ്ങനെ? നമോ ടിവി ഒരു പരസ്യമാദ്ധ്യമം ആണെന്നും, ഡി.ടി.എച്ച് പ്ളാറ്റ്ഫോമിൽ ഇത്തരമൊരു ചാനൽ സംപ്രേഷണം ചെയ്യാൻ ലൈസൻസ് ആവശ്യമില്ലെന്നുമാണ് സേവന ദാതാക്കളുടെ വാദം. 2012 ഒക്‌ടോബർ നാലിനാണ് നമോ ടിവിയുടെ ഡൊമെയ്‌ൻ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

2018 സെപ്‌തംബർ ഒൻപതിന് രജിസ്ട്രേഷൻ പുതുക്കി. 2025 ഒക്‌ടോബർ നാലു വരെ രജിസ്‌ട്രേഷനു പ്രാബല്യമുണ്ട്. 2012-ൽത്തന്നെ നമോ ടിവിയുടെ സംപ്രേഷണം സംബന്ധിച്ച് പരാതികൾ ഉയർന്നപ്പോൾ ഒരാഴ്‌ചക്കാലം ചാനൽ അടച്ചുപൂട്ടിയിരുന്നു. പക്ഷേ, ഒന്നുരണ്ടാഴ്ച കഴിഞ്ഞ് വീണ്ടും തുടങ്ങി. ചാനലിന്റെ ചെലവ് ബി.ജെ.പിയുടെ അക്കൗണ്ടിൽ ചേർക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കുകയും ചെയ്‌തു. ഇപ്പോൾ കാര്യം ക്ളിയറായി. നമോ ടിവി, ബി.ജെ.പി പണം മുടക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണ ചാനലാണ്. ഡി.ടി.എച്ച് പ്ളാറ്റ്ഫോമിൽ ഇത്തരമൊരു ചാനൽ നൽകാൻ ലൈസൻസ് വേണ്ട! ചാനലിന്റെ ലോഞ്ച് ബി.ജെ.പി പ്രഖ്യാപിച്ചത് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ്. സംപ്രേഷണം തുടങ്ങി രണ്ടു ദിവസമായപ്പോഴേക്കും നമോ ടിവിയുടെ റീച്ച് 37 ശതമാനം എത്തിയെന്നാണ് മീഡിയ അനലിറ്റിക്‌സ് കമ്പനിയായ ക്രോം ഡി.എം പറയുന്നത്.

വാർത്താ ചാനൽ വമ്പനായ എൻ.ഡി.ടിവിയുടെ റീച്ച് പോലും 43 ശതമാനമാണ്. മോദിയുടെ ബുദ്ധിയിൽ ലൈസൻസ് വേണ്ടാത്ത പാ‌ർട്ടി പ്രചാരണ ചാനൽ എന്ന ഐഡിയ ഇതാദ്യമല്ല. 2007-ൽ ഗുജറാത്ത് നിയമസഭാ തിഞ്ഞെടുപ്പു കാലത്ത് ബി.ജെ.പി വന്ദേ ഗുജറാത്ത് എന്നൊരു ചാനൽ തുടങ്ങിയിരുന്നു. അന്ന് ഗുജറാത്തിൽ വന്ദേ ഗുജറാത്ത് ചാനൽ സംപ്രേഷണം ചെയ്യാൻ സംസ്ഥാനത്തെ അഞ്ച് പ്രാദേശിക ചാനലുകളുമായി പാർട്ടി കരാറൊപ്പിട്ടിരുന്നു. ഇതേ മോഡൽ തന്നെ നമോ ടിവിയും. അണിയറയിൽ തങ്ങളാണെന്ന് ബി.ജെ.പി തുറന്നു സമ്മതിക്കുന്നില്ലെന്നു മാത്രം. നരേന്ദ്ര മോദിയുടെ മുഖമാണ് ചാനലിന്റെ ലോഗോ. മോദിയുടെ പഴയതും പുതിയതുമായ പ്രസംഗങ്ങൾ 24 മണിക്കൂറും. ഈ ടെക്‌നിക് അറിയാത്തവരല്ല കോൺഗ്രസുകാർ. കഴിഞ്ഞ ജനുവരിയിൽ തിരംഗ ടിവി എന്നൊരു ഡി.ടി.എച്ച് ചാനൽ പാർട്ടി തുടങ്ങിയിരുന്നു. കപിൽ സിബൽ ആയിരുന്നു ഉദ്ഘാടകൻ.

ബർഖാ ദത്ത, കരൺ ഥാപർ തുടങ്ങിയ കിടിലോൽക്കിടിലങ്ങൾ എഡിറ്റോറിയൽ ബോർഡിൽ. തിരഞ്ഞെടുപ്പു കാലത്തിനു മുമ്പ് ആയതുകൊണ്ട് വലിയ കോലാഹലങ്ങളൊന്നും ഉണ്ടായില്ലെന്നു മാത്രം. തിരഞ്ഞെടുപ്പു കാലത്ത് പ്രമുഖ രാഷ്‌ട്രീയ പാർട്ടികൾ പ്രാദേശിക ടെലിവിഷൻ ചാനലുകളെ വിലയ്‌ക്കെടുക്കുന്ന രീതി വ്യാപകമായി വരുന്നതെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ടെത്തൽ. പാർട്ടികൾ കോടികളുടെ ഫണ്ട് നൽകും. പാർട്ടി പറയുന്നതു മാത്രമേ സംപ്രേഷണം ചെയാവൂ എന്നു മാത്രം. നേതാക്കളുടെ പ്രസംഗങ്ങൾ, ഭരണത്തിലുള്ള പാർട്ടിയാണെങ്കിൽ വികസന നേട്ടങ്ങൾ, ജനക്ഷേമ പ്രവർത്തനങ്ങൾ, പാർട്ടി ഗാനങ്ങൾ... ഇതൊക്കെയാവും മുഴുവൻ സമയവും ഇന്ത്യയിൽ തിരഞ്ഞെടുപ്പു കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന 350-ലേറെ പ്രദേശിക ടിവി ചാനലുകളുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവയ്‌ക്കൊന്നിനും ഇത്തരമൊരു സംപ്രേഷണത്തിന് ലൈസൻസ് ഉണ്ടാകില്ല. ആര് ചോദിക്കാൻ!