anil-ambani-narendra-modi

ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഒപ്പുവച്ചതിന് പിന്നാലെ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ 143.7 മില്യൺ യൂറോ (ഏകദേശം 1100 കോടി) നികുതിയിളവ് നൽകിയതായി വെളിപ്പെടുത്തൽ. അനിൽ അംബാനിയുടെ പേരിൽ ഫ്രാൻസിൽ പ്രവർത്തിക്കുന്ന റിലയൻസ് അറ്റ്‌ലാന്റിക് ഫ്രാൻസ് കമ്പനി 2007 മുതലുള്ള കാലയളവിൽ 158 മില്യൺ യൂറോ നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു. നികുതിയിളവ് വേണമെന്ന് ആവശ്യപ്പെട്ട് അംബാനി നിരവധി തവണ ഫ്രഞ്ച് സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. എന്നാൽ 2015ൽ 36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ നരേന്ദ്ര മോദി ഫ്രാൻസുമായി കരാറൊപ്പിട്ടപ്പോൾ ഇതിന്റെ ഓഫ്സ‌െറ്റ് പാർട്ടണറായി ചേർത്തിരുന്നത് അനിൽ അംബാനിയുടെ കമ്പനിയെയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ച് വ്യക്തമായ പ്രവർത്തന പരിചയം ഇല്ലാത്ത കമ്പനിക്ക് ഓഫ്സ‌െറ്റ് കരാർ നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നുവെന്ന ആരോപണത്തിനിടെയാണ് അംബാനിയുടെ കമ്പനിക്ക് വൻ നികുതിയിളവ് നൽകിയെന്ന വാർത്ത ഫ്രഞ്ച് ദിനപ്പത്രമായ ലെ മോൻഡേ പുറത്തുവിട്ടത്.

rafale-deal

അനിൽ അംബാനിയുടെ കമ്പനി 2007-2010 കാലയളവിൽ 60 മില്യൺ യൂറോയുടെ നികുതി വെട്ടിച്ചതായി ഫ്രഞ്ച് സർക്കാർ കണ്ടെത്തിയിരുന്നു. തുടർന്ന് കമ്പനിക്കെതിരെ ഫ്രഞ്ച് സർക്കാർ നിയമനടപടികൾ ആരംഭിച്ചു. 7 മില്യൺ യൂറോ അടച്ച് കേസ് നടപടികൾ തീർക്കാമെന്ന് അനിൽ അംബാനി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിരുന്നില്ല. റിലയൻസ് അറ്റ്‌ലാന്റിക് ഫ്രാൻസ് കമ്പനിക്കെതിരെ കേസുമായി മുന്നോട്ട് പോകുമെന്നും ഫ്രഞ്ച് സർക്കാർ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനി 2010 -12 കാലയളവിൽ 91 മില്യൺ യൂറോയുടെ തട്ടിപ്പ് കൂടി നടത്തിയതായി കണ്ടെത്തി. ഇതോടെ തിരിച്ചടയ്‌ക്കേണ്ട തുക 151 മില്യൺ യൂറോയായി ഉയർന്നു. ഇതിനിടയിലാണ് 2015ൽ ഫ്രഞ്ച് കമ്പനിയായ ഡസോൾട്ടിൽ നിന്നും 36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തുന്നത്. ഇതിൽ 30,000 കോടിയുടെ ഓഫ്സെറ്റ് പാർട്ട്ണർ ആയി അനിൽ അംബാനിയുടെ കമ്പനിയെ ഉൾപ്പെടുത്തി.


കരാറിനെക്കുറിച്ചുള്ള പ്രഖ്യാപനം വന്ന് ആറ് മാസത്തിനുള്ളിൽ അനിൽ അംബാനിയുടെ നികുതി കുടിശികയിൽ 143.7 മില്യൺ യൂറോ ഇളവ് ചെയ്യുകയും 7.6 മില്യൺ യൂറോ സ്വീകരിച്ച് കേസ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്‌തു. ഇതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും വാർത്ത റിപ്പോർട്ട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകൻ ജൂലിയൻ ബോയ്‌സോ ആരോപിക്കുന്നു. സംഭവത്തിൽ കേന്ദ്രസർക്കാർ വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.