തിരുവനന്തപുരം: സിവിൽ സർവീസുകാരനെന്നതിലുപരി നിശ്ചയ ദാർഢ്യവും സ്നേഹസമ്പന്നവും തൻമയത്വവുമായ പെരുമാറ്റവും കൊണ്ട് നാടറിഞ്ഞ ഭരണാധികാരിയായിരുന്നു ഡോ.ഡി ബാബുപോൾ. ഭരണ പരിചയവും അഗാധമായ പാണ്ഡിത്യവും വികസന പദ്ധതികളുടെ ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും കൊണ്ട് കളക്ടറായിരുന്ന കാലം മുതലേ ശ്രദ്ധേയനായ തലക്കനമില്ലാത്ത പച്ച മനുഷ്യൻ. സർവീസിലിരുന്നപ്പോഴും വിരമിച്ചശേഷവും എഴുത്തിന്റെയും അറിവിന്റെയും വഴികളിൽ യാത്ര തുടർന്ന അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായെത്തിയ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. സാധാരണക്കാരന്റെ ജീവിതദുരിതങ്ങൾ കണ്ടറിഞ്ഞ് അതിന് പരിഹാരം കാണുന്നതിൽ ബദ്ധശ്രദ്ധനായ ബാബുപോൾ തിരുവനന്തപുരത്ത് കളക്ടറായിരിക്കുമ്പോൾ ആവലാതികളുമായി തന്നെ തേടി വരുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരമാവധി ശ്രമിച്ചിട്ടുള്ള വ്യക്തിയാണ്.
ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് താൻ പുറത്താണെങ്കിൽ പോലും വരുന്നവരുടെ ആവശ്യങ്ങളും ആവലാതികളും തന്നെ അറിയിക്കാൻ വീട്ടിന്റെ പൂമുഖത്ത് ഒരു ബുക്ക് അദ്ദേഹം വയ്ക്കുമായിരുന്നു. ബാബുപോളിനോട് സങ്കടം ഉണർത്തിക്കാനെത്തുന്നവർ തങ്ങളുടെ ആവശ്യം അതിൽ പേരും മേൽവിലാസവും സഹിതം രേഖപ്പെടുത്തിയാൽ മേൽവിലാസക്കാരനെ ഫോൺവഴിയോ ഉദ്യോഗസ്ഥ തലത്തിലോ ബന്ധപ്പെട്ട് പരാതികൾക്ക് നിവൃത്തിവരുത്തിയതിന്റെ ഉദാഹരണങ്ങളാണ് ജനങ്ങൾക്കിടയിൽ ഒരുഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്. സദാ ചിരിച്ച മുഖവുമായാണ് അദ്ദേഹത്തെ കാണപ്പെടാറുള്ളത്. ആരോടും ദേഷ്യപ്പെടുന്ന പ്രകൃതക്കാരനല്ല. കീഴുദ്യോഗസ്ഥർക്കോ മന്ത്രിമാർക്കോ തെറ്റ് സംഭവിച്ചതായി കണ്ടാൽ അവർക്ക് വേദനയുണ്ടാക്കാത്ത വിധം അവരെ ബോദ്ധ്യപ്പെടുത്താനും അദ്ദേഹത്തിന് ഒരു നയമുണ്ടായിരുന്നു. തമാശയിൽ പൊതിഞ്ഞ് ചെറുചിരിയോടെ കണ്ണിറുക്കികൊണ്ടാകും ബാബുപോൾ സാർ ആ തെറ്റുകൾ ശരിയാക്കുക.
സംസ്ഥാനത്തിന്റെ വികസന-സാംസ്കാരിക മേഖലകളിൽ നിർണായകമായ പദ്ധതികൾക്ക് ചുക്കാൻപിടിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിൽ സിവിൽ സർവിസ് ജീവിതത്തെ സാർത്ഥകമാക്കി. പാലക്കാട് കലക്ടർ ആയിരിക്കെ ഇടുക്കി വൈദ്യുതി പദ്ധതിയുടെ പ്രോജക്ട് കോ-ഒാർഡിനേറ്ററായി നിയോഗിച്ചത് സി. അച്യുതമേനോനാണ്.ഇതിനിടെയാണ് ഇടുക്കി ജില്ലയുടെ രൂപവത്കരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ. മലയോര ജില്ല രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതാവായിരുന്ന കെ.എം. ജോർജ് സമരമാരംഭിച്ചു. ഇടക്കിടെ ഇത്തരം പ്രക്ഷോഭമുണ്ടാകാറുണ്ടെങ്കിലും അച്യുതമേനോൻ വിഷയം കാര്യമായെടുത്തു. രണ്ടാഴ്ചകൊണ്ട് ജില്ല രൂപവത്കരണ തീരുമാനം. പഴയ ഫയലൊക്കെ പൊടിതട്ടിയെടുത്തു. പിന്നാലെ പ്രഖ്യാപനവും.
ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്പെഷൽ കളക്ടറായിരുന്ന ബാബുപോളിനെ ജില്ല കളക്ടറായി നിയമിച്ചു. വർഷങ്ങൾക്കു ശേഷമാണ് യാഥാർത്ഥ്യമായതെങ്കിലും വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ എന്ന ആശയം മുന്നോട്ടുവെച്ചതും ബാബുപോളാണ്. ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം, ഫിഷറീസ് തുടങ്ങി ഒട്ടേറെ വകുപ്പുകളുടെ സെക്രട്ടറിയായിരുന്നു. എഴുത്തച്ഛൻ പുരസ്കാരം, ജെ.സി. ഡാനിയേൽ അവാർഡ്, സ്വാതി പുരസ്കാരം എന്നിവ ഏർപ്പെടുത്തിയതും ചലച്ചിത്ര അക്കാദമി, നാടൻ കലാഅക്കാദമി, ആറന്മുള വാസ്തുവിദ്യാ കേന്ദ്രം, തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കലാമണ്ഡലം, ആർട്സ് സ്കൂൾ തുടങ്ങിയവയൊക്കെ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തതും ഇദ്ദേഹമാണ്.