kaumudy-news-headlines

1. വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീക്ഷണിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. തട്ടികൊണ്ട് പോകാനോ പ്രചാരണ സ്ഥലത്ത് അക്രമം ഉണ്ടാക്കാനോ സാധ്യത. വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഗണ്‍മാന്‍മാരെ നിയോഗിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയുടേയും പി.പിസുനീറിന്റെയും സുരക്ഷ ശക്തമാക്കി. വനാതിര്‍ത്തിയിലെ പ്രചാരണത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. രാഹുല്‍ ഗാന്ധി അടുത്ത ആഴ്ച വയനാട്ടില്‍ എത്തും. അമിത്ഷാ അടക്കമുള്ള നേതാക്കളും അടുത്ത ആഴ്ച വയനാട്ടില്‍ വരും

2. രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനാല്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് വയനാട്. ദേശീയശ്രദ്ധ ആകര്‍ഷിക്കാന്‍ മാവോയിസ്റ്റ് ശ്രമിക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ലഘുലേഖകള്‍ വയനാട് മേഖലയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

3. മുന്‍ സംസ്ഥാന അഡിഷണല്‍ സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ ഡി ബാബു പോള്‍ അന്തരിച്ചു. രോഗബാധയെത്തുടര്‍ന്നു തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയായിരുന്നു. സംസ്ഥാന ഭരണ രംഗത്ത് മികച്ച ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്ന് പേരെടുത്ത വ്യക്തിയായിരുന്നു ഡോ ഡി ബാബു പോള്‍.

4. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവുകളെ കാറ്റില്‍ പറത്തി ശബരിമല മുഖ്യ പ്രചരണ വിഷയമാക്കാന്‍ ബി.ജെ.പി തീരുമാനം. ശബരിമല യുവതീ പ്രവേശനം പറയുന്നിടത്ത് പാര്‍ട്ടിക്ക് പിന്തുണ കൂടുന്നു എന്ന് വിലയിരുത്തല്‍. ശബരിമല വിഷയം ചര്‍ച്ച ചെയ്യാം എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കരുത് എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശത്തെ മറികടക്കാനും ബി.ജെ.പിയ്ക്കുള്ളില്‍ ധാരണ. ഇലക്ഷന്‍ കമ്മിഷന്റെ എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിക്കാന്‍ ആവില്ല എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള

5. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം മറികടന്നുള്ള ബി.ജെ.പിയുടെ പ്രചാരണത്തിന് എതിരെ പരാതി നല്‍കാന്‍ ഒരുങ്ങി ഇടതു മുന്നണി. അതിനിടെ, സര്‍ക്കാരിന് എതിരെ പ്രചരണവുമായി ശബരിമല കര്‍മ്മ സമിതിയും രംഗത്ത്. ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങിയവരെ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി എന്നും തിരഞ്ഞെടുപ്പില്‍ ഇക്കാര്യം മറക്കരുത് എന്നുമാണ് പ്രധാന പ്രചരണം. ഇതിനു പുറമെ മണ്ഡലകാലം മറക്കരുത് എന്ന മുദ്രാവാക്യവും കര്‍മ്മ സമിതി ഉന്നയിക്കുന്നുണ്ട്