congress

മാണ്ഡ്യ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ മാണ്ഡ്യ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി സുമലതയെ പിന്തുണച്ച ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരെ കോൺഗ്രസ് പുറത്താക്കി. കോൺഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യയും പ്രമുഖ നടിയുമായ സുമലത സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അവിടെ മത്സരിക്കുന്നത്. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സ്വതന്ത്രസ്ഥാനാർത്ഥിയായി സുമലത മത്സരിക്കുന്നത്. ബി.ജെ.പി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

സുമലതയ്ക്ക് സീറ്റില്ലെന്ന് വ്യക്തമായതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്ത് വന്നു. സുമലതയ്ക്ക് സീറ്റ് നൽകണമെന്നായിരുന്നു ആവശ്യം. ഇവർക്ക് സീറ്റ് നൽകിയില്ലെങ്കിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്നും പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ്-ജെ.ഡി.എസ് ധാരണപ്രകാരം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിലിനെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പോലും നിഖിലിനെ പിന്തുണയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പ്രവർത്തകരുടെ എതിർപ്പ് കുറഞ്ഞില്ല. മാത്രമല്ല കോൺഗ്രസ് പതാകയുമേന്തി തന്നെയാണ് ബി.ജെ.പി പിന്തുണയുള്ള സുമലതയ്ക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ വോട്ട് തേടിയത്. ഇതോടെ ജെ.ഡി.എസ് പിന്തുണ ആവശ്യമുള്ള സ്ഥലങ്ങളിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെ കടുത്ത നടപടികളിലേക്ക് നേതൃത്വം കടക്കുകയായിരുന്നു.