തിരുവനന്തപുരം: പ്രചാരണത്തിന് പാർട്ടിക്കാരുടെ സഹകരണമില്ലെന്നും വോട്ടുമറിക്കാൻ സാധ്യതയുണ്ടെന്നുമുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ എ.ഐ.സി.സി പ്രത്യേക നിരീക്ഷകനെ നിയോഗിച്ചു. മണ്ഡലത്തിലെ പ്രചാരണങ്ങൾ നിരീക്ഷിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പട്ടോളയെയാണ് എ.ഐ.സി.സി നിയോഗിച്ചത്. ഇതിന് പുറമെ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വരും ദിവസങ്ങളിൽ പ്രചാരണത്തിൽ സജീവമാകുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞാൽ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരിച്ചു.
തിരുവനന്തപുരത്തെ പ്രചാരണത്തിന് മുതിർന്ന നേതാക്കൾ എത്തുന്നില്ലെന്നും ഒരു വിഭാഗം പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നില്ലെന്നുമാണ് ശശി തരൂരുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ ആരോപണം. ഇതുസംബന്ധിച്ച് ഹൈക്കമാൻഡിന് പരാതി നൽകിയെന്ന് വിവരമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം നൽകാൻ ആരും തയ്യാറല്ല. ഇത്തരം ആരോപണങ്ങൾ നിലനിൽക്കേയാണ് മുതിർന്ന നേതാക്കൾ സഹകരിക്കുന്നില്ലെന്ന് കാട്ടി ഡി.സി.സി സെക്രട്ടറി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. തരൂരിനെ പരാജയപ്പെടുത്താൻ പാർട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന് തരൂരുമായി ബന്ധപ്പെട്ട വൃത്തങ്ങളും ആരോപിക്കുന്നുണ്ട്. ഇതിന് പിന്നാലെ തന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി ആരോപിച്ച് തരൂരിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷൻ വി.എസ്.ശിവകുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. എന്നാൽ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും തരൂർ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമാണ് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
ഇതിന് പുറമെ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ വീഴ്ചയുണ്ടെന്ന പരാതിയിലും ഹൈക്കമാൻഡ് ഇടപെടലുണ്ടാകും. മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തിന് പിന്നിൽ പാർട്ടിയിലെ തന്നെ ചില സീറ്റ് മോഹികളാണെന്നാണ് നേതാക്കളുടെ വിശദീകരണം.