ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ സ്ഥാനാർത്ഥിയാവാൻ സന്നദ്ധത അറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. ഹൈക്കമാന്റിനോടാണ് പ്രിയങ്ക നിലപാട് അറിയിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കമാന്റാണ് സ്വീകരിക്കുക.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാൽ പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഏറ്റവും അവസാനഘട്ടത്തിലായ മെയ് 19നാണ് വാരാണസിയിൽ തിരഞ്ഞെടുപ്പ് നടക്കുക. ഇതിനാൽ പ്രചാരണത്തിന് തടസ്സമാകില്ല എന്ന വിലയിരുത്തലിലാണ് ഇപ്പോൾ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
അതേസമയം, വാരാണസിയിൽ മോദിക്കെതിരെ ബി.എസ്.പി- എസ്.പി സഖ്യം ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്കാ ഗാന്ധി മണ്ഡലത്തിൽ മത്സരിക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും സൂചനയുണ്ടായിരുന്നു. 2022ൽ ഉത്തർപ്രദേശിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ താഴെയിറക്കുകയെന്നതാണ് പ്രിയങ്കയെ കോൺഗ്രസ് ഏൽപ്പിച്ചിരിക്കുന്ന ദൗത്യം.