priyanka-vs-modi

ന്യൂഡ‌ൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പ്രചാരണം കടുപ്പിച്ച് വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചത് മോദിക്ക് കനത്ത വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. തിരഞ്ഞെടുപ്പിലെ താരപ്രചാരകനായ നരേന്ദ്ര മോദിക്ക് രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങാൻ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം വിലങ്ങുതടിയാകുമെന്നാണ് വിലയിരുത്തൽ. ശക്തമായ മോദി തരംഗമുണ്ടായ 2014ലെ തിരഞ്ഞെടുപ്പിനെ പോലയല്ല ഇത്തവണത്തെ കാര്യങ്ങൾ. പ്രതിപക്ഷ പാർട്ടികൾ പൊതുശത്രുവിനെ ഒന്നിക്കാൻ സാധ്യതയുള്ളതിനാൽ മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ പ്രചാരണം നടത്താൻ മോദി തയ്യാറായേക്കുമെന്നാണ് വിവരം. ഒപ്പം വാരണാസിക്ക് പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി മോദി മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

priyanka-vs-modi

ഓടി നടക്കാൻ പറ്റില്ല

2014ലേത് പോലെ രണ്ട് മണ്ഡലങ്ങളിൽ നിന്നും മോദി മത്സരിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ബി.ജെ.പി നേതൃത്വം തന്നെ തള്ളി. മോദി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്ന ഒഡിഷയിലെ പുരി മണ്ഡലത്തിലും പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതിനിടയിലാണ് പ്രിയങ്കാ ഗാന്ധിയുടെ വരവ്. ഇതോടെ മണ്ഡലത്തിൽ മോദിക്ക് പൂർണമായും ശ്രദ്ധിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ ആർ.എസ്.എസും പാർട്ടി സംവിധാനങ്ങളും ഉണ്ടെങ്കിലും നരേന്ദ്ര മോദി എന്നൊരു ഫാക്‌ടർ കൊണ്ടുമാത്രം ഇത്തവണ കരകയറില്ലെന്നാണ് പ്രതിപക്ഷ നേതാക്കളുടെ അവകാശവാദം. വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും 2014ൽ നേടിയ മൂന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞാൽ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ മോദി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സമയം മണ്ഡലത്തിൽ ചെലവിടാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാൽ അദ്ദേഹത്തിന്റെ മറ്റ് മണ്ഡലങ്ങളിലെ പ്രചാരണങ്ങളെ അത് ബാധിക്കുമെന്നാണ് ആശങ്ക.

priyanka-vs-modi

യു.പി തട്ടകമാക്കി പ്രിയങ്ക

ഉടൻ ഉണ്ടാകുമെന്ന് നിരവധി തവണ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പ്രിയങ്ക പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചതോടെ സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരും ഉഷാറായി. നിലവിൽ കോൺഗ്രസിന്റെ താരപ്രചാരകരിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രിയങ്ക മോദിക്കെതിരെ മത്സരിക്കുന്നത് ദേശീയ തലത്തിൽ തന്നെ നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഒപ്പം തങ്ങളുടെ മുഖ്യശത്രു ബി.ജെ.പിയാണെന്ന സന്ദേശം നൽകാനും പരാജയ ഭീതികൊണ്ടാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടാം മണ്ഡലം തേടിയതെന്ന പ്രചാരണം മറികടക്കാനും ആകുമെന്നാണ് പാർട്ടി പ്രതീക്ഷ. ഒരുപക്ഷേ തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ കൂടി രാജ്യഭരണത്തിൽ നിർണായകമാകുന്ന ഉത്തർപ്രദേശിൽ ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അതിശക്തയായ ഒരു നേതാവായി പ്രിയങ്കയെ ഉയർത്തിക്കാണിക്കാനും കോൺഗ്രസിനാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് കൂടി സജ്ജമാകാൻ പ്രിയങ്ക അടുത്തിടെ പ്രവർത്തകരെ ഓർമിപ്പിച്ചതും കൂട്ടിവായിക്കേണ്ടതാണ്.

priyanka-vs-modi

പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ മത്സരിച്ചത് ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളാണ്. ഒപ്പം കോൺഗ്രസ് ബി.എസ്.പി തുടങ്ങിയ പാർട്ടികളും മത്സരിച്ചു. ഇന്ന് പൊതുശത്രുവായ മോദിക്കെതിരെ ഈ പാർട്ടികളെല്ലാം ഒരുമിക്കാനുള്ള ശ്രമത്തിലാണ്. ഉത്തർപ്രദേശിലെ എസ്.പി - ബി.എസ്.പി സഖ്യവും വാരണാസിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്കാ ഗാന്ധി സ്ഥാനാർത്ഥിയായാൽ ഇവിടെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുണ്ടാകുമെന്നാണ് വിവരം. 2014ലെ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാ മണ്ഡലങ്ങലിൽ എസ്.പി - ബി.എസ്.പി സ്ഥാനാർത്ഥികൾ തങ്ങളുടെ നില മെച്ചപ്പെടുത്തിയെന്നതും പ്രതിപക്ഷ ക്യാമ്പിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ പൊതുവെ എൻ.ഡി.എയെ തുണയ്‌ക്കുന്ന മണ്ഡലങ്ങളിൽ തിരിഞ്ഞുനോക്കാനില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്. മേയ് 19ന് വോട്ടിംഗ് നടക്കുന്ന മണ്ഡലത്തിൽ ഏപ്രിൽ 26ന് മോദി പത്രിക സമർപ്പിക്കുമെന്നാണ് വിവരം.

priyanka-vs-modi

ഗംഗാ യാത്രയ്‌ക്ക് ഒരുങ്ങി പ്രിയങ്ക

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി രണ്ടാം ഗംഗാ യാത്രയ്ക്ക് ഒരുങ്ങുന്നു. കിഴക്കൻ ഉത്തർപ്രദേശിലെ വാരണാസി മുതൽ ബല്യ വരെയാവും യാത്ര. കഴിഞ്ഞ മാർച്ചിലാണ് പ്രിയങ്ക, പ്രയാഗിൽ നിന്നും നരേന്ദ്ര മോദിയുടെ ലോക്‌സഭ മണ്ഡലമായ വാരണാസി വരെ ഗംഗാ നദിയിൽ മൂന്നു ദിവസം നീണ്ടുനിന്ന ബോട്ട് യാത്ര നടത്തിയത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്കയുടെ രണ്ടാംഘട്ട ഗംഗായാത്ര ഈ മാസം തന്നെ ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

മാർച്ച് 18 മുതൽ 20 വരെ നടത്തിയ ആദ്യ ഘട്ട ഗംഗയാത്രയിൽ പ്രിയങ്ക അലഹബാദ്, ഭദോഹി, മിർസാപൂർ, വാരണാസി എന്നീ ലോക്‌സഭ മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. രണ്ടാം ഘട്ടയാത്രയിൽ ചാൻധൗലി, ഘാസിപൂർ, മൗ, ബല്യ എന്നീ ലോക്‌സഭ മണ്ഡലങ്ങളിലെ പ്രചാരണമാണ് ലക്ഷ്യം. നേരത്തെ നടത്തിയ യാത്രയിൽ ഗംഗാ നദിയുടെ തീരത്തെ ജനങ്ങളോട് ഇടപഴകുന്നതിനോടൊപ്പംതന്നെ പ്രധാന ദേവാലയങ്ങളും പ്രിയങ്ക സന്ദർശിക്കുകയും അലഹാബാദിൽ ഗംഗാ പൂജ ചെയ്യുകയും ചെയ്‌തിരുന്നു.

വാരണാസിയിലേക്കുള്ള യാത്ര തുടങ്ങും മുൻപ് തന്നെ താൻ ഉത്തർപ്രദേശിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് തുറന്ന കത്തിലൂടെ അറിയിച്ചിരുന്നു. 'ജലമാ‌ർഗവും കരയിലൂടെയും കാൽനടയായും എല്ലാവരിലേക്കും എത്തും. സത്യത്തിന്റെയും തുല്യതയുടെയും പ്രതീകമാണ് ഗംഗാ നദി. ഗംഗ മനുഷ്യരിൽ വിവേചനം സൃഷ്‌ടിക്കുന്നില്ല. ഉത്തർപ്രദേശിലെ ജനങ്ങളുടെ ബലമായ ഗംഗയുടെ സഹായത്തോടെ തന്നെയാണ് ഞാൻ നിങ്ങളിലേക്ക് എത്തുന്നതെന്നും പ്രിയങ്ക തന്റെ കത്തിൽ പറഞ്ഞു.

അയോധ്യയിലേക്ക് പ്രിയങ്ക ട്രെയിൻ യാത്രയ്ക്കൊരുങ്ങിയെങ്കിലും അതുപേക്ഷിക്കേണ്ടി വന്നതിനാൽ കാറിൽ റായിബറേലി മുതൽ അയോധ്യവരെ പ്രചാരണം നടത്തിയിരുന്നു. വരും ദിവസങ്ങിൽ പശ്ചിമ ഉത്തർപ്രദേശിലെ അലിഗഢ്, ഫത്തേപ്പൂർസിക്രി തുടങ്ങിയ മണ്ഡലങ്ങളിലായിരിക്കും പ്രിയങ്ക പ്രചാരണത്തിനെത്തുക.