ന്യൂഡൽഹി: ഇസ്രായേലുമായി ധാരണയിലെത്തിയിരുന്ന സ്‌പൈക് മിസൈലുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനിയായ റാഫേലിൽ നിന്ന് 240 സ്പൈക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും (എ.ടി.ജി.എം) 12 ലോഞ്ചേഴ്സുമാണു സേന വാങ്ങുന്നതെന്നു ‘ദ് വീക്ക്’ റിപ്പോർട്ട് ചെയ്തു. നേരത്തെ നടത്തിയ പരീക്ഷണങ്ങളിൽ പരാജയപ്പെട്ടതാണ് സ്പൈക് മിസൈലുകൾ. ഇതേ മിസൈൽ സേന വാങ്ങാൻ താൽപര്യപ്പെടുന്നതിൽ പ്രതിരോധ മന്ത്രാലയത്തിലെ ചിലർ അതൃപ്തി പ്രകടിപ്പിച്ചു.
എണ്ണായിരത്തിലേറെ സ്പൈക് മിസൈലുകൾ വാങ്ങാനായിരുന്നു കരാർ. എന്നാൽ, ചില മാനദണ്ഡങ്ങൾ പാലിക്കാൻ മിസൈലിനു സാധിക്കാത്തതിനാൽ എണ്ണം കുറയ്ക്കുകയായിരുന്നു. രണ്ടു വർഷത്തെ നിരന്തര ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം, കഴിഞ്ഞ ജനുവരിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ഇന്ത്യയിൽ എത്തുന്നതിനു ഒരാഴ്ച മുമ്പ് പ്രതിരോധ മന്ത്രാലയം ഇടപാട് റദ്ദാക്കി. കൈവശമുള്ള ആയുധങ്ങളിൽ 60 ശതമാനം കുറവുണ്ടെന്നതു പരിഹരിക്കാനായി നാലാം തലമുറ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ ഉൾപ്പെടെ വാങ്ങാൻ 2006ൽ ആണ് സേന ആലോചന തുടങ്ങിയത്.
പ്രതിരോധ മന്ത്രാലയം അവസാനിപ്പിച്ച കരാറിനെ മറികടന്ന് ‘അടിയന്തര കരസ്ഥമാക്കൽ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സേന ഇപ്പോൾ സ്പൈക് മിസൈൽ വാങ്ങാനൊരുങ്ങുന്നതെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിയന്തര സാഹചര്യങ്ങളിൽ മൂന്ന് സൈനിക ഉപമേധാവികൾക്ക് 500 കോടി രൂപ വരെ ഉപയോഗിക്കാനുള്ള സാമ്പത്തിക അധികാരം 2018 നവംബറിൽ കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഇടപാടുകൾക്കു അനുമതി നൽകുന്ന പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത സമിതിയായ ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ അനുവാദം ഇത്തരം വാങ്ങലുകൾക്ക് ആവശ്യമില്ല. സേനാ ഇടപാടിനെക്കുറിച്ചു പ്രതികരിക്കാൻ പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചു.
സൈനികർക്ക് കൈയിൽ കൊണ്ടുപോകാവുന്ന 'ഫയർ ആൻഡ് ഫൊർഗെറ്റ്' ഇനത്തിൽപ്പെട്ട മിസൈലാണ് സ്പൈക്ക്. ടാങ്ക് ഉൾപ്പെടെ ചലിക്കുന്ന വസ്തുക്കളെ തകർക്കാൻ ശേഷിയുള്ള മിസൈൽ തൊടുത്ത ശേഷം സൈനികന് വളരെ വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിയും. ഇന്ത്യയിലെ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസുമായി സഹകരിച്ച് റാഫേൽ ഹൈദരാബാദിൽ സ്പൈക്ക് മിസൈൽ നിർമ്മിക്കാനുള്ള ഫാക്ടറിയും മറ്റും സജ്ജീകരിച്ചിരുന്നു. റാഫേൽ കൈമാറുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ മിസൈൽ ഇവിടെ നിർമ്മിക്കാനായിരുന്നു ധാരണ. അമേരിക്കയുടെ ജാവലിൻ മിസൈലുകളെ മറികടന്നാണ് 2014ൽ ഇന്ത്യ സ്പൈക്ക് മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചത്. നിലവിൽ 26 രാജ്യങ്ങളാണ് സ്പൈക്ക് മിസൈലുകൾ ഉപയോഗിക്കുന്നത്.