modi

ചെന്നൈ: തമിഴ്നാട്ടിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ ശബരിമലയുടെ പേര് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ശബരിമല വിഷയം പരാമർശിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. കേരളത്തിലെ കോൺഗ്രസും മുസ്ലീം ലീഗും ഇടതുപക്ഷ പാർട്ടികളും ശബരിമല വിശ്വാസത്തെ തകർക്കാൻ ശ്രമിച്ചെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി എന്നും വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ മോദി ശബരിമല വിഷയം പരാമർശിച്ചിരുന്നില്ല.

നേരത്തെ സംസ്ഥാന തലത്തിൽ ശബരിമല പ്രചാരണ വിഷയമാക്കി മുന്നോട്ട് വയ്ക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ തലത്തിൽ പ്രധാനമന്ത്രിയും ശബരിമല വിഷയം ഉന്നയിച്ചിരിക്കുന്നത്. അതേസമയം,​ ശബരിമല വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണം നിലനിൽക്കെ പ്രധാനമന്ത്രി തന്നെ ഇത് ലംഘിച്ചത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് കമ്മിഷനെ നേരിട്ട് വെല്ലുവിളിച്ചാണ് ശബരിമല വിഷയം ദേശീയ തലത്തിൽ ബി.ജെ.പി പ്രചാരണ വിഷയമാക്കുന്നത്.