മലമ്പുഴയെന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുക അവിടത്തെ യക്ഷിയെ രൂപമായിരിക്കും. എന്നാൽ, യക്ഷിയെ കൂടാതെ നിരവധി കാഴ്ചകൾ മലമ്പുഴയിൽ പിന്നെയും കാണാനുണ്ട്. കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ. പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും കാവൽ നിൽക്കുന്ന മലനിരകളുമെല്ലാം ഉൾപ്പെടുന്ന പ്രദേശം പ്രകൃതിസൗന്ദര്യം ആവോളം നിറഞ്ഞു നിൽക്കുന്നിടങ്ങളാണ്. അണക്കെട്ടും റിസർവ്വോയറും ചേരുന്നഭാഗം പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമാണ്. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസർവോയറിന്റെയും അണക്കെട്ടിന്റെയും കാഴ്ച കാണേണ്ടതു തന്നെയാണ്. ഡാമിൽ എത്തുന്നവർക്ക് കാഴ്ചവിരുന്നൊരുക്കി മനോഹരമായ ഒരു പൂന്തോട്ടവും സമീപത്തുണ്ട്.
കേരളത്തിന്റെ പൂന്തോട്ടം എന്നാണ് ഇത് അറിയപ്പെടുന്നത്. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ കാലത്ത് 10 മുതൽ വൈകീട്ട് 6വരെയും ശനി, ഞായർ ദിവസങ്ങളിൽ കാലത്ത് 10 മുതൽ വൈകീട്ട് 8 വരെയുമാണ് പൂന്തോട്ടത്തിലെ സന്ദർശന സമയം. മറ്റൊരു ആകർഷണം മലമ്പുഴയിലെ റോപ്വേയാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോപ്വേയാണിത്. അതോടനുബന്ധിച്ച് സ്നേക്ക് പാർക്കും ഒരുക്കിയിട്ടുണ്ട്. ഇഴജന്തുക്കളുടെ പുനരധിവാസകേന്ദ്രമാണ് ഈ പാർക്ക്. വലിയൊരു അക്വേറിയം സമീപത്തായി ഒരുക്കിയിട്ടുണ്ട്. കൂറ്റൻ മത്സ്യത്തിന്റെ ആകൃതിയിലൊരുക്കിയ അക്വേറിയം സന്ദർശകരുടെ മനം കവരും.
റോക്ക് ഗാർഡനാണ് മലമ്പുഴയിലെ മറ്റൊരു വലിയ ആകർഷണം. മലമ്പുഴ ഉദ്യാനത്തിന് അനുബന്ധമായി നിർമ്മിക്കപ്പെട്ടതാണെങ്കിലും ഉദ്യാനത്തിന് പുറത്തായി സ്ഥിതി ചെയ്യുന്നതാണ് മലമ്പുഴ ത്രെഡ് ഗാർഡൻ. എംബ്രൊയ്ഡറിക്കായി ഉപയോഗിക്കുന്ന വ്യത്യസ്തനിറങ്ങളിലുള്ള നൂലുകൾ സൂചിയോ,മറ്റ് പ്രത്യേക ഉപകരണങ്ങളോ ഉപയോഗിക്കാതെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ നൂലുദ്യാനത്തിൽ പൂക്കളുടെയും, സസ്യങ്ങളുടെയും, വിവിധങ്ങളായ ജീവസ്സുറ്റ മാതൃകകൾ കാണികളുടെ ഹൃദയം കവരുന്നു. ഇത് മലമ്പുഴ ഫാന്റസി പാർക്കിനോടടുത്താണ് ഉള്ളത്. അണക്കെട്ടിനും പൂന്തോട്ടത്തിനും അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. പൂന്തോട്ടത്തിനടുത്തായിട്ടാണ് പ്രശസ്തമായ മലമ്പുഴ യക്ഷി ശില്പം സ്ഥാപിച്ചിരിക്കുന്നത്. സമീപത്തായി ഒരു അമ്യൂസ്മെന്റ് പാർക്കും ഒരുക്കിയിട്ടുണ്ട്.