പാരീസ്:റാഫേൽ യുദ്ധവിമാനക്കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിൽ പ്രഖ്യാപിച്ച് ആറ് മാസത്തിനകം അനിൽ അംബാനിയുടെ ഫ്രഞ്ച് ടെലികോം കമ്പനിക്ക് ഫ്രഞ്ച് അധികൃതർ 1,125 കോടി രൂപ നികുതി ഇളവ് നൽകിയതായി ഫ്രഞ്ച് ദിനപത്രമായ ലെ മോണ്ട് റിപ്പോർട്ട് ചെയ്‌തു.
റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായി ഫ്രാൻസിൽ രജിസ്റ്റർ ചെയ്‌ത 'റിലയൻസ് അറ്റ്‌ലാന്റിക് ഫ്ലാഗ് ഫ്രാൻസ്' എന്ന കമ്പനിക്കാണ് ഇളവ് നൽകിയത്. കമ്പനിക്ക് അവിടെ ടെലികോം ശൃംഖല ഉണ്ട്.
2015 ഏപ്രിലിൽ മോദി പാരീസ് സന്ദർശിച്ചപ്പോഴാണ് ഫ്രഞ്ച് കമ്പനിയായ
ദസോ ഏവിയേഷനിൽ നിന്ന് 36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കരാർ പ്രഖ്യാപിച്ചത്. ആറ് മാസം കഴിഞ്ഞപ്പോഴാണ് കമ്പനിക്ക് നികുതി ഇളവ് കിട്ടിയത്. അതിനകം അനിൽ അംബാനിയുടെ തന്നെ റിലയൻസ് ഡിഫൻസ് കമ്പനിയെ റാഫേൽ കരാറിന്റെ ഇന്ത്യയിലെ ഓഫ്സെറ്റ് പങ്കാളിയാക്കാനും തീരുമാനിച്ചതായി പത്രറിപ്പോർട്ടിൽ പറയുന്നു.
2007 - 2010 കാലയളവിൽ 'റിലയൻസ് അറ്റ്‌ലാന്റിക് ഫ്ലാഗ് ഫ്രാൻസ്' 60 ദശലക്ഷം യൂറോ (469.8 കോടി രൂപ) നികുതി നൽകാനുണ്ടെന്ന് ഫ്രഞ്ച് നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അത് 76 ലക്ഷം യൂറോ (59.50 കോടി രൂപ) നൽകി തീർപ്പാക്കാൻ റിലയൻസ് ശ്രമിച്ചെങ്കിലും ഫ്രഞ്ച് അധികൃതർ വഴങ്ങിയില്ല. തുടർന്ന് 2010 - 2012 കാലയളവിൽ 91 ദശലക്ഷം യൂറോ (712 കോടി രൂപ) കൂടി നികുതി ചുമത്തി. അങ്ങനെ മൊത്തം (151 ദശലക്ഷം യൂറോ ) 1182 കോടി രൂപ നികുതി കുടിശികയായി. ഇതിലാണ് 1125 കോടി ഒഴിവാക്കിയത്.
റിലയൻസിന്റെ വിശദീകരണം
2008ലെ ഒരു കേസാണ്. അത് തീർപ്പാക്കുന്നതിൽ യാതൊരു ആനുകൂല്യവും പറ്റിയിട്ടില്ല
ഫ്രാൻസിലെ എല്ലാ കമ്പനികൾക്കും ബാധകമായ നിയമങ്ങൾ പ്രകാരം നികുതി തർക്കം തീർപ്പാക്കി
2008 - 12 കാലത്ത് ഫ്ലാഗ് ഫ്രാൻസിന് 20 കോടി രൂപയുടെ നഷ്ടം ഉണ്ടായിരുന്നു
ആ കാലയളവിൽ ചുമത്തിയ നികുതി 1,100 കോടി രൂപ
തീർപ്പാക്കൽ ധാരണ പ്രകാരം 56 കോടി രൂപ അടച്ച് തീർപ്പാക്കി.
ബന്ധമില്ലെന്ന് പ്രതിരോധമന്ത്രാലയം
അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രാൻസിൽ നികുതി ഇളവ് നൽകിയതും റാഫേൽ കരാറും തമ്മിൽ വിദൂരബന്ധം പോലും ഇല്ല.രണ്ടും ബന്ധിപ്പിക്കുന്നതിന് പിന്നിൽ തെറ്റിദ്ധാരണ പരത്താനുള്ള ദുരുദ്ദേശ്യമാണ്.