rabri

പാറ്റ്ന: 2020 ൽ നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വാഗ്ദാനം ചെയ്തിരുന്നതായി മുൻ ബീഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവി. ആർ.ജെ.ഡിയുമായി വീണ്ടും സഖ്യം ചേരാൻ നിതീഷ്​ കുമാർ ആഗ്രഹിച്ചിരുന്നുവെന്നും അതിനായി പ്രശാന്ത്​ കിഷോർ പലതവണ ലാലു പ്രസാദ്​ യാദവുമായി കൂടിക്കാഴ്​ച നടത്തിയിട്ടുണ്ടെന്നും റാബ്‌റി പറഞ്ഞു. എന്നാൽ,​ റാബ്‌റിയുടെ ആരോപണം പ്രശാന്ത് കിഷോർ നിഷേധിച്ചു.

ലാലു പ്രസാദ് യാദവിനെ അഭിസംബാധന ചെയ്​തുകൊണ്ടുള്ള പ്രശാന്ത് കിഷോറിന്റെ ട്വീറ്റിൽ​, എന്നോടൊപ്പം മാദ്ധ്യമങ്ങൾക്ക്​ മുന്നിലിരുന്നാൽ എനിക്കും നിങ്ങൾക്കുമിടയിൽ എന്താണ്​ സംഭവിച്ചതെന്ന് മനസിലാകുമെന്നും ആര്​ ആർക്കാണ്​ വാഗ്​ദാനം നൽകിയതെന്ന് തെളിയുമെന്നും പ്രശാന്ത്​​ പറഞ്ഞു. പൊതു ഓഫീസ്​ ദുരുപയോഗം ചെയ്​തതിനും ഫണ്ട്​ ക്രമക്കേടിനും കുറ്റം ചുമത്തപ്പെട്ടവർ സത്യത്തിന്റെ കാവൽക്കാരാണെന്ന് അവകാശപ്പെടുന്നു. പ്രശാന്ത് തുറന്നടിച്ചു.

അതേസമയം,​ ജെഡിയുവും ആർ.ജെ.ഡിയും വീണ്ടും സഖ്യം ചേരുന്നതിനായി നിതീഷ്​ കുമാർ ആഗ്രഹിച്ചിരുന്നുവെന്ന് ലാലുവിന്റെ മകൻ തേജസ്വി യാദവും പറഞ്ഞു. ''നിതീഷ്​ എന്തുകൊണ്ടാണ്​ നിശബ്​ദത പാലിക്കുന്നത്. അദ്ദേഹം മുന്നോട്ടുവന്ന് സംസാരിക്കണം. പ്രശാന്ത്​ കിഷോർ ഞങ്ങളെ വന്നു കണ്ടിരുന്നു. ലാലു പ്രസാദ്​ യാദവി​ന്റെ പുസ്​തകത്തിലും ഇക്കാര്യം പറയുന്നുണ്ട്​. പ്രശാന്ത്​ ആദ്യം നിതീഷിനോട്​ അനുവാദം ചോദിച്ച ശേഷം ട്വീറ്റ്​ ചെയ്യൂ." തേജസ്വി പ്രതികരിച്ചു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനുവേണ്ടി രാഷ്ട്രീയതന്ത്രങ്ങൾ മെനഞ്ഞ ആളാണ് പ്രശാന്ത് കിഷോർ.