rajnath-singh

കൊല്ലം: ശബരിമലയിൽ സ്വീകരിച്ച നിലപാടിന് സി.പി.എമ്മും കോൺഗ്രസും വലിയ വില കൊടുക്കേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.. കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി. സാബുവിന്റെ തിരഞ്ഞെടുപ്പ് സമ്മേളനം കന്റോൺമെന്റ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിക്ക് കേന്ദ്രസർക്കാർ ഒപ്പം നിന്നു. സംസ്ഥാനം എന്താണു ചെയ്‌തതെന്ന് എല്ലാവർക്കുമറിയാം. അമിക്കസ്‌ക്യൂറി പറയുന്നത് കേരളത്തിലേത് മനുഷ്യ നിർമ്മിത ദുരന്തമെന്നാണ്. ആരാണ് പ്രളയത്തിന് ഉത്തരവാദിയെന്ന് മുഖ്യമന്ത്രി പറയണം. വികസന കാര്യത്തിൽ കേരളത്തോട് വിവേചനമുണ്ടായിട്ടില്ല- അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയം പറയുമ്പോൾ ബി.ജെ.പി പറയുന്നത് ദേശീയതയുടെ രാഷ്ട്രീയമാണ്. കേരളത്തെ സേവിക്കാനുള്ള അവസരം ഒരു തവണ ബി.ജെ.പിക്കു നൽകണം. എല്ലാ വിഭാഗങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്ന സർക്കാരായിരിക്കും അത്. സി.പി.എം 25 വർഷം ഭരിച്ച ത്രിപുരയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി സർക്കാരുണ്ടാക്കിയത്. സമാന സാഹചര്യമുണ്ടായാൽ പുതിയ വികസന മാതൃക നടപ്പാക്കാൻ ബി.ജെ.പിക്കു കഴിയും.

രാഹുൽ ഗാന്ധി അമേതി ഉപേക്ഷിച്ചത് വിജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. അമേതിയിലെ ജനങ്ങളെ വഞ്ചിച്ചതു പോലെ വയനാട്ടിലെ ജനങ്ങളെയും വഞ്ചിക്കും. പ്രധാനമന്ത്രി കള്ളനെന്നു പറയുന്ന രാഹുലിന് പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ മന്ത്രിമാരോ അഴിമതി കാണിച്ചെന്ന് തെളിയിക്കാനാകുമോ ? നമ്മുടെ കാവൽക്കാരൻ പരിശുദ്ധനാണ്. മോദി വീണ്ടും പ്രധാനമന്ത്രിയാകും. രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും.

നീരവ് മോദിയും വിജയ് മല്ല്യയുമൊക്കെ യു.പി.എ സർക്കാരിന്റെ കാലത്താണ് ബാങ്കുകളെ കബളിപ്പിച്ച് പണം കവർന്നത്. രാജ്യത്തിന്റെ കാവൽക്കാരൻ അധികാരത്തിൽ വന്നപ്പോഴാണ് ഇവരെല്ലാം ഇവിടെ നിന്നു കടന്നത്. ദാരിദ്ര്യം പറഞ്ഞാണ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇപ്പോൾ രാഹുലും വോട്ടു തേടുന്നത്. എന്നുവരെ കോൺഗ്രസ് ഉണ്ടാകുമോ, അന്നു വരെ രാജ്യത്ത് ദാരിദ്ര്യവും ഉണ്ടാകും.

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകിയത് സർക്കാർ നയത്തിന്റെ ഭാഗമാണ്. മത്സ്യത്തൊഴിലാളികൾക്കായി കേന്ദ്രം നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും അതൊന്നും അവരുടെ കൈയിലെത്തുന്നില്ല. കേരളത്തിലെ സി.പി.എം അനുഭാവികളായ തൊഴിലാളികൾക്കു മാത്രമാണ് അതിന്റെ ഗുണം ലഭിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.