മുംബയ്: കടക്കെണിയിൽപ്പെട്ട് നട്ടംതിരിയുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.എൽ ആൻഡ് എഫ്.എസ് ഫിനാൻഷ്യൽ സർവീസസിന്റെ (ഐ.എഫ്.ഐ.എൻ) മുൻ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ രമേശ് ബാവയെ ഗുരുതര കുറ്റകൃത്യങ്ങൾ സംബന്ധിച്ച് അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്രിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അറസ്‌റ്ര് ചെയ്‌തു. ഐ.എൽ ആൻഡ് എഫ്.എസിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച അന്വേഷണത്തിലെ രണ്ടാം അറസ്‌റ്റാണിത്. കമ്പനിയുടെ ചെയർമാനായിരുന്ന ഹരി ശങ്കരൻ ഈമാസം ആദ്യം അറസ്‌റ്റിലായിരുന്നു.
കേന്ദ്ര കോർപ്പറേറ്ര് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ വിഭാഗമാണ് എസ്.എഫ്.ഐ.ഒ. കമ്പനീസ് ആക്‌ടിലെ സെക്‌ഷൻ 447 പ്രകാരമാണ് ഇരുവരുടെയും അറസ്‌റ്ര്. സാമ്പത്തിക തിരിമറി നടത്തുന്നവരെ അറസ്‌റ്ര് ചെയ്യാൻ എസ്.എഫ്.ഐ.ഒയ്ക്ക് അനുമതി നൽകുന്ന ചട്ടമാണിത്. ഹരി ശങ്കരൻ ഇപ്പോൾ മുംബയിലെ ബൈക്കുള ജില്ലാ ജയിലിലാണുള്ളത്. വെള്ളിയാഴ്‌ച അർദ്ധരാത്രിയാണ് ബാവ അറസ്‌റ്രിലായത്. അദ്ദേഹം സമർപ്പിച്ച മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലായിരുന്നു അറസ്‌റ്ര്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വായ്‌പ നൽകുന്ന സ്ഥാപനമാണ് ഐ.എൽ ആൻഡ് എഫ്.എസ്. വിശ്വാസ്യതയില്ലാത്ത കമ്പനികൾക്ക്, പദവി ദുരുപയോഗപ്പെടുത്തി വൻതുക വായ്‌പ നൽകിയെന്നും പിന്നീട് ആ വായ്‌പകൾ കിട്ടാക്കടമാക്കിയെന്നുമാണ് ഇരുവർക്കെതിരെയും കണ്ടെത്തിയ കുറ്റം. വൻതുകകൾ കിട്ടാക്കടം ആയതോടെ ഐ.എൽ ആൻഡ് എഫ്.എസിന്റെ സാമ്പത്തിക അടിത്തറ തകരുകയായിരുന്നു. 91,000 കോടി രൂപയുടെ കടക്കെണിയിലേക്ക് കമ്പനി കൂപ്പുകുത്തിയതോടെ, ഡയറക്‌ടർ ബോർഡിനെ പിരിച്ചുവിടുകയും കമ്പനിയുടെ നിയന്ത്രണം കേന്ദ്രസർക്കാർ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.
പിന്നീട്, ഉദയ് കോട്ടക്കിനെ ചെയർമാനാക്കി പുതിയ ബോർഡിനെയും നിയമിച്ചു. ബാങ്കുകൾക്കും മറ്ര് ധനകാര്യ സ്ഥാപനങ്ങൾക്കുമായി 17,000 കോടിയോളം രൂപ ഐ.എൽ ആൻഡ് എഫ്.എസ് തിരിച്ചടയ്ക്കാനുണ്ട്. തിരിച്ചടവ് തുടർച്ചയായ മുടങ്ങിയ പശ്‌ചാത്തലത്തിൽ കഴിഞ്ഞ സെപ്‌തംബറിൽ രമേശ് ബാവ രാജിവച്ചിരുന്നു.
കേസെടുത്ത് ഇ.ഡിയും
ഐ.എൽ ആൻഡ് എഫ്.എസിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇ.ഡി) അന്വേഷിക്കുന്നുണ്ട്. ഉപസ്ഥാപനങ്ങളായ ഐ.എൽ ആൻഡ് എഫ്.എസ് റെയിൽ, ഐ.എൽ.എഫ് ട്രാൻസ്‌പോർട്ടേഷൻ നെറ്ര്‌വർക്ക്സ് എന്നിവയ്‌ക്കെതിരെ ഫെബ്രുവരിയിലാണ് ഇ.ഡി കേസ് രജിസ്‌റ്റർ ചെയ്‌തത്. കമ്പനിയുടെ മൊത്തം കടബാദ്ധ്യത 91,000 കോടി രൂപയിൽ എത്തിയത് സംബന്ധിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്.
1500
ഐ.എൽ ആൻഡ് എഫ്.എസിന്റെ തകർച്ച, രാജ്യത്തെ മറ്ര് മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻ.ബി.എഫ്.സി) സാമ്പത്തികസ്ഥിതി സംബന്ധിച്ച ആശങ്ക ഉയരാൻ വഴിതെളിച്ചിരുന്നു. ഐ.എൽ ആൻഡ് എഫ്.എസിന്റെ തകർച്ച പുറംലോകം അറിഞ്ഞ കഴിഞ്ഞ സെപ്‌തംബർ-ഒക്‌ടോബറിൽ ഓഹരി വിപണി നേരിട്ടത് 1,500 പോയിന്റോളം ഇടിവാണ്. പ്രമുഖ ഭവന വായ്‌പാ വിതരണ സ്ഥാപനമായ ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡാണ് (ഡി.എച്ച്.എഫ്.എൽ) ഏറ്രവും കൂടുതൽ നഷ്‌ടം രുചിച്ചത്.