modi

ചെന്നൈ: ശബരിമല വിഷയത്തിൽ കേരളത്തിൽ കോൺഗ്രസും മുസ്ലിംലീഗും ഇടതുപക്ഷവും അപകടകരമായ കളികളാണ് കളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവർ നമ്മുടെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അടിവേരുകൾ തകർക്കാൻ മൃഗീയ ശക്തികളെ ഉപയോഗിക്കുകയാണെന്നും, ബി.ജെ.പി അതിനൊരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ തേനിയിലും രാമനാഥപുരത്തും തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു മോദി.

കോൺഗ്രസിനും മുസ്ലിംലീഗിനും പുറമേ ഡി.എം.കെയ്‌ക്ക് എതിരെയും രൂക്ഷമായ വിമർശനങ്ങളാണ് മോദി ഉന്നയിച്ചത്. 23-ന് വോട്ടു ചെയ്യുമ്പോൾ, കോൺഗ്രസിനോ മുസ്ലിംലീഗിനോ ഡി.എം.കെയ്ക്കോ നൽകുന്ന വോട്ടുകൾ തീവ്രവാദികളെ സഹായിക്കുന്നതു പോലെയാകുമെന്ന് ഓർക്കണമെന്നും മോദി പറഞ്ഞു.

ധീരന്മാർക്കു പേരുകേട്ട സ്ഥലമാണ് തേനി. നമ്മുടെ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെയും എയർ സ്ട്രൈക്കിനെയും ചോദ്യംചെയ്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾക്കു തീരുമാനിക്കാം. ഭീകരശക്തികളെ ഇല്ലായ്മ ചെയ്യുമെന്നും ഇന്ത്യയുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്നും ഞങ്ങൾ ഉറപ്പു തരുന്നു. പാകിസ്ഥാന്റെ പിടിയിലായ ഫൈറ്റർ പൈലറ്റ് റെക്കാഡ് സമയംകൊണ്ടാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. അപ്പോൾപ്പോലും കോൺഗ്രസ് ദേശസുരക്ഷയുടെ പേരിൽ രാഷ്ട്രീയം കളിക്കുകയും സേനയെ അപമാനിക്കുകയുമാണ് ചെയ്‌തത്- മോദി പറഞ്ഞു.

മഹാനായ എം.ജി.ആറിനോട് നീതി കാണിച്ചതാരാണ്? ഭോപ്പാൽ ദുരന്തത്തിന്റെ ഇരകളോട് ന്യായം പ്രവർത്തിച്ചത് ആരാണ്? 1984-ലെ സിഖ് കലാപത്തിലെ ഇരകളോട് ന്യായം പ്രവർത്തിച്ചത് ആരാണ് ? കോൺഗ്രസിന്റെ ന്യായ് പദ്ധതിയെ വിമർശിച്ചുകൊണ്ട് മോദി ചോദിച്ചു.

അവിടെ പറഞ്ഞത്

ഇവിടെ പറഞ്ഞില്ല

കഴിഞ്ഞദിവസം കേരളത്തിലെ തിരഞ്ഞെടുപ്പു റാലിയിൽ നരേന്ദ്രമോദി ശബരിമല വിഷയം പരാമർശിച്ചിരുന്നില്ല. അതിന്റെ പേരിൽ സംസ്ഥാന നേതാക്കൾ അദ്ദേഹത്തെ മാതൃകയാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറയുകയും ചെയ്‌തിരുന്നു. അതിനു പിന്നാലെയാണ് മോദിയുടെ തമിഴ്നാട്ടിലെ ശബരിമല പ്രസംഗം.