ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്തെത്തി. രാഹുലിന്റെ വിദ്യഭ്യാസ യോഗ്യതകൾ പരിശോധിച്ചാൽ ഒട്ടേറെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരുമെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പരിഹാസം.
പി.ജി യോഗ്യത ഇല്ലാതെയാണ് രാഹുൽ ഗാന്ധി എം.ഫിൽ ബിരുദം നേടിയത് എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ആരോപണം. മുൻപ് രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതകളെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയും രംഗത്തെത്തിയിരുന്നു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തനിക്ക് ബിരുദം ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ വൻ വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഡിഗ്രി പാസായിട്ടുണ്ടെന്ന് പറഞ്ഞ സ്മൃതി ഇറാനി ക്രിമിനൽ കുറ്റമാണ് ചെയ്തതെന്ന് കോൺഗ്രസ് വൃത്തങ്ങൾ ആരോപിച്ചു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അരുൺ ജെയ്റ്റ്ലി രംഗത്തെത്തിയത്.