sabarimala

മംഗലുരു: കേരളത്തിന് പുറത്തും ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ അയ്യപ്പന്റെ പേര് പോലും മിണ്ടാൻ വയ്യാത്ത അവസ്ഥയാണെന്ന് നരേന്ദ്രമോദി ആരോപിച്ചു. ശബരിമലയുടെ പേര് പറയുന്നവരെ ജയിലിലിടുകയാണ്. ബി.ജെ.പിയുടെ ഒരു സ്ഥാനാർത്ഥിക്ക് ശബരിമലയുടെ പേരിൽ സമരം ചെയ്തതിന് ജയിലിൽ കിടക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്നിടത്താണ് ഈ അവസ്ഥയെന്നും മോദി ആരോപിച്ചു.

മംഗലുരുവിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് മോദിയുടെ പരാമർശം. രാവിലെ തമിഴ് നാട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും മോദി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. ഇടതുവലതുമുന്നണികൾ ചേർന്ന് വിശ്വാസങ്ങളെ തകർക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. ബിജെപി അധികാരത്തിലുള്ളിടത്തോളം ഇത് നടക്കില്ലെന്നും തിരഞ്ഞെടുപ്പ് പരിപാടിയിൽ മോദി പറഞ്ഞു. വെള്ളിയാഴ്ച കോഴിക്കോട്ട് നടന്ന പ്രചാരണപരിപാടിയിൽ ശബരിമല എന്ന വാക്ക് എടുത്തു പറയാതിരുന്ന മോദിയാണ് സംസ്ഥാനത്തിന് പുറത്ത് ശബരിമല വിഷയത്തിൽ പ്രചാരണം നടത്തുന്നത്