ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശമനുസരിച്ചാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു. കഴിഞ്ഞ ദിവസം ആന്ധ്രയിൽ നടന്ന വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി കമ്മിഷനിൽ പരാതി നൽകിയ ശേഷമായിരുന്നു നായിഡുവിന്റെ പരാമർശം.
ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പ് പ്രകിയയുടെയും പവിത്രത സംരക്ഷിക്കണമെങ്കിൽ ബാലറ്റ് സംവിധാനത്തിലേക്ക് തിരികെ പോകുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു സ്വയംഭരണ സ്ഥാപനമാണ്. എന്നാൽ പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ചാണ് അത് ഇപ്പോൾ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളോടു സഹകരിക്കാൻ തയാറാവുന്നില്ല.– നായിഡു പറഞ്ഞു.
ആന്ധ്രയിൽ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 30മുതൽ40 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും ശരിയായ രീതിയിലല്ല പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 4,583 മെഷീനുകൾ വോട്ടിങ്ങിനിടെ പ്രവർത്തന രഹിതമായി. 150 പോളിങ് ബൂത്തുകളിൽ റീപോളിങ് വേണമെന്ന ആവശ്യവും ചന്ദ്രബാബു നായിഡു ഉന്നയിച്ചു.
തിരഞ്ഞെടുപ്പിനിടെ വൈ.എസ്.ആർ, ടി.ഡി.പി പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ ടി.ഡി.പി പ്രവർത്തകൻ മരിക്കാനിടയായ സംഭവത്തെ അദ്ദേഹം വിമർശിച്ചു. വോട്ടിങ് സുഗമമായി നടത്തുന്നതിൽ ശ്രദ്ധിക്കേണ്ടതിന് പകരം വൈ.എസ്.ആർ കോൺഗ്രസിന്റെ നിർദേശമനുസരിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റുന്നതിലായിരുന്നു കമ്മിഷന്റെ ശ്രദ്ധയെന്നും. ഇത്രയും നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവെന്ന നിലയിൽ കമ്മിഷനെ തിരുത്തേണ്ട ധാർമിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും നായിഡു പറഞ്ഞു.