ചിത്രദുർഗ: കാവൽക്കാരൻ നൂറ് ശതമാനവും കള്ളനാണെന്ന് ആവർത്തിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പ് ശരിക്കും അനിൽ അംബാനിയും സാധാരണജനങ്ങളും, കള്ളന്മാരും സത്യസന്ധരും തമ്മിലുള്ള യുദ്ധമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. കർണാടകയിലെ ചിത്രദുർഗയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
''എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെ പേരിനൊപ്പവും മോദി എന്ന് വന്നത്? ഇനിയെത്ര മോദിമാർ വരുമെന്ന് നമുക്കറിയില്ല. എനിക്ക് കാവൽക്കാരനാകല്ല ആഗ്രഹം, മറിച്ച് ജനങ്ങളുടെ ശബ്ദമാകാനാണ്. 30000 കോടി കാവൽക്കാരൻ മോഷ്ടിച്ച് തന്റെ കള്ളനായ കൂട്ടുകാരന് നൽകി. കാവൽക്കാരൻ തീർച്ചയായും 100 ശതമാനവും കള്ളനാണ്. നിരവ് മോദി, മെഹുൽ ചോക്സി, ലളിത് മോദി, വിജയ് മല്യ, അനിൽ അംബാനി..ഇവരെല്ലാം കള്ളന്മാരുടെ കൂട്ടമാണ്. "രാഹുൽ ആഞ്ഞടിച്ചു.
അഞ്ച് കോടി കുടുംബങ്ങൾക്ക് 72000 രൂപ വർഷം തോറും ലഭിക്കുന്ന കോൺഗ്രസിന്റെ ന്യായ് പദ്ധതിയെക്കുറിച്ച് കേട്ടതോടെ കാവൽക്കാരന്റെ മുഖംചുളിഞ്ഞു. പണം എവിടെനിന്ന് വരുമെന്നായിരുന്നു ചോദ്യം. നിങ്ങളുടെ കൂട്ടുകാരൻ അനിൽ അംബാനിയുടെ പോക്കറ്റിൽനിന്നെടുത്ത് തരുമെന്നാണ് എനിക്ക് പറയാനുള്ളത്. രാഹുൽ പറഞ്ഞു.