ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ നികുതിയിളവ് നൽകിയെന്ന റിപ്പോർട്ടുകൾക്ക് റാഫേൽ ഇടപാടുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. റാഫേൽ ഇടപാട് നടന്ന സമയത്തല്ല കമ്പനിക്ക് നികുതിയിളവ് ലഭിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം അറിയിച്ചു.
റാഫേൽ ഇടപാട് പ്രഖ്യാപിച്ചതിന് പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാൻസ് 143.7 ദശലക്ഷം യൂറോയുടെ നികുതി ഒഴിവാക്കിനൽകിയെന്നായിരുന്നു ഫ്രഞ്ച് ദിനപ്പത്രമായ ലെ മോൻഡേ റിപ്പോർട്ട് ചെയ്തത്.
എന്നാൽ റിലയൻസിന്റെ പേരിൽ ഫ്രാൻസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിലയൻസ് അറ്റ്‌ലാന്റിക് ഫ്ലാഗ് ഫ്രാൻസ് എന്ന പേരിലുള്ള കമ്പനിക്ക് നികുതിയിളവ് നൽകിയതും റാഫേൽ കരാറും തമ്മിൽ ബന്ധമില്ലെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്.