കൊല്ലം: ചവറ തെക്കുംഭാഗത്ത് ക്ലബ് മഹീന്ദ്രയുടെ രണ്ട് ഫ്ളോട്ടിംഗ് റിസോർട്ടുകൾ ഇന്നലെ പുലർച്ചെ കത്തി നശിച്ചു. രണ്ടിലും താമസക്കാരുണ്ടായിരുന്നെങ്കിലും തീപിടിത്തമുണ്ടായ ഉടൻ രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കരയോട് ചേർന്ന് അഷ്ടമുടിക്കായലിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ആഡംബര റിസോർട്ടുകളാണിത്. ഒരു റിസോർട്ടിൽ നാല് കുടുംബങ്ങൾക്കാണ് താമസ സൗകര്യമുള്ളത്.
പുലർച്ചെ നാലോടെ ഒരു കുടുംബം നേരിയ തീപ്പൊരി മുറിക്കകത്ത് കണ്ടതോടെ ഫയർ എക്സ്റ്റിൻഗുഷർ ഉപേയാഗിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ ആദ്യ റിസോർട്ടിലെ എ.സി യൂണിറ്റ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തീനാളങ്ങൾ രണ്ടാമത്തെ റിസോർട്ടിലേക്ക് പതിച്ച് അവിടെയും തീപടരുകയായിരുന്നു. കരയിൽ നിന്ന് 10 അടിയോളം ദൂരത്തിലാണ് രണ്ട് റിസോർട്ടുകളും.
ഇരുമ്പ് നടപ്പാതയിലൂടെ താമസക്കാർ ആദ്യമേ കരയ്ക്കെത്തിയതാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഇവിടേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ ചവറയിൽ നിന്നെത്തിയ അഗ്നിശമന സേനയ്ക്ക് റിസോർട്ടിലെത്താൻ കഴിഞ്ഞില്ല. നിരവധി ഹോസുകൾ കൂട്ടിയോജിപ്പിച്ചാണ് വെള്ളം പമ്പ് ചെയ്തത്. തെക്കുംഭാഗം പൊലീസ് കേസെടുത്തു.