naresh-goyal-

ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ട് പ്രവർത്തനം അവതാളത്തിലായ ജെറ്ര് എയർവേസിന്റെ ഓഹരി സ്വന്തമാക്കാൻ, കമ്പനിയുടെ സ്ഥാപകനും മുൻ ചെയർമാനുമായ നരേഷ് ഗോയൽ താത്പര്യപത്രം സമർപ്പിച്ചു. വായ്‌പാത്തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞമാസമാണ് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് കൺസോർഷ്യം ജെറ്രിന്റെ നിയന്ത്രണം ഏറ്രെടുത്തത്. തുടർന്ന്, നരേഷ് ഗോയൽ രാജിവയ്ക്കുകയായിരുന്നു.

കമ്പനിയുടെ 75 ശതമാനം ഓഹരികൾ വിറ്റഴിച്ച് വായ്‌പാപ്പണം തിരികെ നേടാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. 8,000 കോടിയോളം രൂപയാണ് കമ്പനി ബാങ്കുകൾക്ക് നൽകാനുള്ളത്. ആഭ്യന്തര-അന്താരാഷ്‌ട്ര റൂട്ടുകളിൽ 100ലേറെ വിമാനസർവീസുകൾ നടത്തിയിരുന്ന ജെറ്ര് എയർവേസ് ഇപ്പോൾ പറത്തുന്നത് പത്തിൽ താഴെ വിമാനങ്ങളാണ്. മിക്ക വിമാനങ്ങളും വാടക മുടങ്ങിയതോടെ പാട്ടക്കമ്പനികൾ തിരിച്ചെടുക്കുകയായിരുന്നു. പേമെന്റിൽ തുടർച്ചയായി വീഴ്‌ച വരുത്തിയതിനാൽ, ജെറ്ര് എയർവേസിന് ഇന്ധനം നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിറുത്തുകയും ചെയ്‌തു.

ഇതിനിടെ ജെറ്രിന്റെ പ്രതിസന്ധി സംബന്ധിച്ച് ചർച്ച ചെയ്യാൻ ഡി.ജി.സി.എയും വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോലയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയും അടിയന്തര യോഗം ചേർന്നു. ജെറ്ര് എയർവേസിലെ ജീവനക്കാർ നേരിടുന്ന തൊഴിൽനഷ്‌ട ഭീതി സംബന്ധിച്ച് ചർച്ച ചെയ്‌ത യോഗം, ജെറ്ര് എയർവേസ് പ്രവർത്തനം അവസാനിപ്പിക്കുന്നത് രാജ്യത്ത് വിമാന ടിക്കറ്ര് നിരക്കിൽ വൻ വർദ്ധനയുണ്ടാകുന്നതിന് ഇടവരുത്തുമെന്ന ആശങ്കയും വ്യക്തമാക്കി. ജെറ്ര് പ്രതിസന്ധി സംബന്ധിച്ച വിശദ റിപ്പോർട്ട് പ്രദീപ് സിംഗ് ഖരോലയിൽ നിന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു റിപ്പോർട്ട് തേടിയിട്ടുമുണ്ട്.

ഇതിനിടെ ശമ്പളം മുടങ്ങിയതിനെ തുടർന്ന് ജെറ്ര് എയർവേസ് ജീവനക്കാർ ഇന്നലെ ന്യൂഡൽഹി വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. വെള്ളിയാഴ്‌ച മുംബയ് വിമാനത്താവളത്തിലും ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. ജെറ്രിനെ ഏറ്റെടുത്തതിന് പിന്നാലെ അടിയന്തര സഹായമായി 1,500 കോടി രൂപ നൽകുമെന്ന് ബാങ്കിംഗ് കൺസോർഷ്യം വ്യക്തമാക്കിയിരുന്നു. ഈ പണം ലഭിച്ചാൽ ശമ്പളം വിതരണം ചെയ്യാനാകും. എന്നാൽ, റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കാത്തതിനാൽ സഹായം നൽകുന്നത് വൈകുന്നുവെന്നാണ് സൂചന.