pinarayi-vijayan

പത്തനംതിട്ട: ശബരിമല സംരക്ഷിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയത്തിൽ സംഘപരിവാറിന്റെ എല്ലാ അജണ്ടകളും പൊളിഞ്ഞെന്നും​ തീർത്ഥാടകർ സംതൃപ്തരായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ സംസാരിക്കവെയാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്.

ശബരിമലയിൽ കാണിക്കയിടാൻ പാടില്ല എന്ന് പറഞ്ഞതാരാണ്? സ്ത്രീകളെ അക്രമിച്ചതാരാണ്? എല്ലാം പറഞ്ഞത് സംഘപരിവാറാണ്. എന്നാൽ ദർശനത്തിന് എത്തിയ തീർത്ഥാടകർ സംതൃപ്തരായിരുന്നു. ശബരിമല ഉത്സവം തകർക്കാനായിരുന്നു സംഘപരിവാർ സംഘടനകളുടെ ഉദ്ദേശം. പക്ഷേ ഇവരുടെ അജണ്ട പൊളിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല നാടിന്റെ പ്രധാന തീർത്ഥാടന കേന്ദ്രമാണെന്നും,​ തീർത്ഥാടനം മുടക്കാൻ ചിലർ ശ്രമിച്ചപ്പോൾ സർക്കാർ അത് തടയുകയായിരുന്നു. എന്നാൽ പലരും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാർത്തകൾ പരത്തുകയാണ് ഇപ്പോൾ. ദേവസ്വം ബോർഡില്‍ കുറവ് വന്ന തുക സർക്കാരാണ് നൽകിയതെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം മുത്തലാഖ് ബില്ലിനെപ്പറ്റി കോൺഗ്രസ് മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് നിലപാടിന്റെ വീഴ്ചയാണ്. കേരളത്തിലെ പലയിടത്തും ബി.ജെ.പി-കോൺഗ്രസ് രഹസ്യധാരണ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.