soorarai-potru

നടിപ്പിൻ നായകൻ സൂര്യയുടെ ഏറ്രവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഏറെ നിരൂപക പ്രീതിയും പ്രേക്ഷക ശ്രദ്ധയും പിടിച്ചു പറ്റിയ 'ഇരുധി സുട്രു'വിന്റെ സംവിധായിക സുധ കൊങ്കര ഒരുക്കുന്ന ചിത്രത്തിന് 'സൂരരൈ പോട്ര്' എന്നാണ് പേരിട്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 38ആമത്തെ സിനിമയാണിത്.

ടൈറ്റിൽ പോസ്റ്റ‌റിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2 ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.മലയാളി താരമായ അപ‌ർണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്. അപർണയുടെ രണ്ടാമത്ത തമിഴ് ചിത്രമാണ് സൂരരെ പോട്ര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ‌ർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഒരിടവേളയ്ക്കു ശേഷം രാജീവ് മേനോൻ സംവിധാനം ചെയ്ത സർവംതാളമയത്തിൽ ജി.വി പ്രകാശിന്റെ നായികയായാണ് അപർണയുടെ തമിഴിലെ അരങ്ങേറ്റം. ചിത്രത്തിന്റെ പൂജാവേളയിൽ അപർണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം വൈറലായിരുന്നു. ഹിറ്റ് സംവിധായകൻ സെൽവരാഘവൻ ഒരുക്കുന്ന എൻ.ജി.കെയാണ് സൂര്യയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം.