ipl

മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 4 വിക്കറ്റിന് മുംബയ് ഇന്ത്യൻസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത മുംബയ് ക്വിന്റൺ ഡി കോക്കിന്റെ (52 പന്തിൽ 87)​ നിശ്ചിത ഇരുപതോവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെന്ന ഭേദപ്പെട്ട ടോട്ടലാണ് പടുത്തുയർത്തിയത്. മറുപടിക്കിറങ്ങിയ രാജസ്ഥാൻ തകർത്തടിച്ച ജോസ് ബട്ട്ലറുടെ (43 പന്തിൽ 89 )​ മികവിൽ 3 പന്ത് ശേഷിക്കെ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു. രാജസ്ഥാന്റെ സീസണിലെ രണ്ടാമത്തെ ജയമാണിത്.

മുംബയ് ഉയർത്തിയ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ക്യാപ്ടൻ അജിങ്ക്യ രഹാനെയും (21 പന്തിൽ 37)​ബട്ട്ലറും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 6.2 ഓവറിൽ വേഗത്തിൽ 60 റൺസ് ഒന്നാം വിക്കറ്രിൽ കൂട്ടിച്ചേർത്തു. രഹാനെയെ സൂര്യകുമാർ യാദവിന്റെ കൈയിൽ എത്തിച്ച് ക്രുനാൽ പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. 6 ഫോറും 1 സിക്സും രഹാനെ അടിച്ചു. തുടർന്നെത്തിയ മലയാളിതാരം സഞ്ജു സാംസൺ ബട്ട്ലർക്ക് മികച്ച പിന്തുണ നൽകിയതോടെ രാജസ്ഥാന്റെ ഇന്നിംഗ്സ് പ്രശ്നമില്ലാതെ മുന്നോട്ടു പോയി. അതിവേഗം സഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന ബട്ട്ലറെ സൂര്യകുമാർ യാദവ് ചഹറിന്റെ പന്തിൽ പിടികൂടി പുറത്താക്കുമ്പോൾ രാജസ്ഥാൻ 13.2 ഓവറിൽ 147 റൺസിൽ എത്തിക്കഴിഞ്ഞിരുന്നു. 8 ഫോറും 7 സിക്സും ഉൾപ്പെട്ടതാണ് ബട്ട്ലറുടെ ഇന്നിംഗ്സ്. ടീം സ്കോർ 170ൽ വച്ച് സഞ്ജു സാംസണെ ബുംര എൽബിയിൽ കുരുക്കി.2 ഫോറും 1 സിക്സും സഞ്ജുവിന്റെ ഇന്നിംഗ്സിലുണ്ട്. പിന്നീടി ത്രിപതിയെയും (1)​,​ ലിവിംഗ്സ്റ്റണെയും (1)​ ഒരോവറിൽ പുറത്താക്കി ക്രുനാൽ പാണ്ഡ്യ മുംബയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും പുറത്താകാതെ ഗോപാൽ 13 റൺസുമായി രാജസ്ഥാനെ വിജയ തീരം കടത്തി.

നേരത്തേ ക്വിന്റൺ ഡി കോക്കും നായകൻ രോഹിത് ശർമ്മയും (32 പന്തിൽ 47)​ നൽകിയ മികച്ച തുടക്കമാണ് മുംബയ്‌യെ 187ൽ എത്തിച്ചത്. 6 ഫോറും 4 സിക്സും ഡികോക്ക് അടിച്ചു. ആർച്ചർ രാജസ്ഥാനായി 3 വിക്കറ്ര് വീഴ്ത്തി.