banglur

മൊഹാലി : ഐ. പി.എൽ പന്ത്രണ്ടാം സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ആദ്യ ജയം. ഇന്നലെ നടന്ന രണ്ടാം മത്‌സരത്തിൽ ബാംഗ്ലൂർ 8 വിക്കറ്റിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ കീഴടക്കി.

ആദ്യം ബാറ്ര് ചെയ്ത കിംഗ്സ് ഇലവൻ പഞ്ചാബ് വെടിക്കെട്ട് ബാറ്രിംഗുമായി കളംനിറഞ്ഞ ക്രിസ് ഗെയിലിന്റെ (64 പന്തിൽ 99) മികവിൽ 4 വിക്കറ്ര് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബാംഗ്ലൂർ നായകൻ വിരാട് കൊഹ്‌ലയുടെയും (53 പന്തിൽ 67), സൂപ്പർതാരം എ ബി ഡിവില്ലിയേഴ്സിന്റെയും (പുറത്താകാതെ 38 പന്തിൽ 59) തകർപ്പൻ പ്രകടന മികവിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു. 16 പന്തിൽ നിന്ന് 28 റൺസുമായി പുറത്താകാതെ നിന്ന മാർകസ് സ്‌റ്റോയിനിസും നിർണായക പ്രകടനം കാഴ്ചവച്ചു. തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷമാണ് ബാംഗ്ലൂരിന്റെ വിജയം.

നേരത്തേ ഗെയ്ലിന്റെ ഒറ്രയാൻ പ്രകടനം തന്നെയാണ് പഞ്ചാബിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 64 പന്ത് നേരിട്ട് 10 ഫോറും 5 സിക്ലും ഉൾപ്പെടെയാണ് ഗെയ്ൽ 99 റൺസടിച്ചത്. കെ.എൽ. രാഹുലിനെ കൂട്ടുപിടിച്ച് ഒന്നാം വിക്കറ്റിൽ 6.2 ഓവറിൽ 66 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 18 റൺസെടുത്ത രാഹുലിനെ ചഹാലിന്റെ പന്തിൽ പാർത്ഥിവ് പട്ടേൽ സ്റ്രമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. മായങ്ക് അഗർവാളും (15)​,​ സർഫ്രാസ് ഖാനും (15)​ സാം കുറനും (1)​ എല്ലാം വലിയ ചെറുത്ത് നില്പില്ലാതെ മടങ്ങിയപ്പോഴും ഗെയ്ൽ ഒരു ഭാഗത്ത് അക്ഷോഭ്യനായുണ്ടായിരുന്നു. മൻദീപ് സിംഗ് ഗെയ്‌ലിനൊപ്പം 18 റൺസുമായി പുറത്താകാതെ നിന്നു.ചഹാൽ ബാംഗ്ലൂരിനായി രണ്ട് വിക്കറ്ര് വീഴ്ത്തി. അവസാന പന്തിൽ ഫോറടിച്ചാണ് ഗെയ്ൽ 99ൽ എത്തിയത്.