ബീജിംഗ്: പിതാവിന്റെ കുഴിമാടം തോണ്ടി അസ്ഥികൂടം പുറത്തെടുത്ത് പായയിൽ അടുക്കി അതിനൊപ്പം നഗ്നനായി കിടന്ന് മകന്റെ ഫോട്ടോഷൂട്ട്. ബീജിംഗിലെ ആർട്ടിസ്റ്റായ സിയുവാൻ സുചി എന്ന യുവാവാണ് അച്ഛന്റെ കുഴിമാടം തോണ്ടി അസ്ഥികൾ പുറത്തെടുത്തത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ യുവാവിനെതിരെ വൻവിമർശനങ്ങളാണ് ഉയർന്നത്.
ലി''വർ കാൻസർ ബാധിച്ച് അച്ഛൻ മരിച്ചപ്പോൾ തനിക്ക് മൂന്ന് വയസായിരുന്നു. അസ്ഥികൾക്കൊപ്പം ഫോട്ടോ എടുക്കണമെന്നത് അച്ഛന്റ ആഗ്രഹമായിരുന്നു. ഓർമവയക്കുന്നതിന് മുൻപ് തന്നെ വിട്ടുപിരിഞ്ഞ അച്ഛന്റെ അസ്ഥികൾക്കൊപ്പം കിടക്കാൻ സാധിച്ചത് വേറിട്ട അനുഭവമായിരുന്നു.പിതാവുമായി വളരെ അടുക്കുന്നതായി തോന്നിയെന്നും, ഇതിലൂടെ തന്റെ വികാര വിചാരങ്ങളും ചിന്തകളുമെല്ലാം വ്യക്തിപരമായി അദ്ദേഹത്തോട് പങ്കുവയ്ക്കാൻ സാധിച്ചു. അച്ഛന്റെ അസ്ഥികൾക്കൊപ്പം കിടക്കേണ്ടത് തന്റെ ആവശ്യമായിരുന്നു. നഗ്നരായിട്ടാണ് ഓരോരുത്തരും ഭൂമിയിൽ വരുന്നതും പോകുന്നതും'' - സുചി വ്യക്തമാക്കി.
''സെമിത്തേരിയിലെ കാര്യസ്ഥന്റെ അനുവാദം തേടിയ ശേഷമാണ് ഫോട്ടോഷൂട്ട് നടത്തിയത്. തന്റെ ഭാര്യയാണ് ചിത്രങ്ങൾ പകർത്തിയത്. യഥാർത്ഥ കലയെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നതിൽ തനിക്ക് ഭയമില്ലെ''ന്നും സുചി കൂട്ടിച്ചേർത്തു. മരിച്ചവരോട് ആദരവ് പ്രകടിപ്പിക്കുന്നതിനായി ചൈനയിൽ വർഷം തോറും ആചരിച്ച് വരുന്ന ടോംബ് സ്വീപിംഗ് ഡേയ്ക്ക് തൊട്ടടുത്ത ദിവസമാണ് സുചി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
സുജിയുടെ പ്രവർത്തനങ്ങൾ പരിഹാസ്യവും ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരുടെയും അഭിപ്രായം. സംഭവം വിവാദമായതോടെ സുചിയുടെ വെയ്ബോ അക്കൗണ്ട് അധികൃതർ താല്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു. ദശലക്ഷം പേരാണ് സുചിയുടെ ഫോട്ടോകൾ കണ്ടിരിക്കുന്നത്.