മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ കേരളത്തിലെങ്ങും മികച്ച റിപ്പോർട്ടുമായി മുന്നേറുകയാണ്. ചിത്രം ഇറങ്ങിയതിന് പിന്നാലെ ഫാൻ ഫൈറ്റും മൂർച്ചിച്ചിരിക്കുകയാണ്. പലപ്പോഴും ഫാൻ ഫൈറ്റുകൾ അതിരുകടക്കാറുണ്ട്. എന്നാൽ ഇത്തവണ ഫാൻസുകാരുടെ മോശം പ്രവർത്തികൾക്ക് ഇരയായത് സിനിമാ താരം ഷൈൻ ടോം ചാക്കോയായിരുന്നു.
മധുരരാജയിലെ മമ്മൂട്ടിയുടെ ചിത്രം ഫേസ്ബുക്കിന്റെ പ്രൊഫൈൽ പിക്ചർ ആക്കിയതിനെ തുടർന്നാണ് ഒരു യുവാവ് ഷൈനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. തുടർന്ന് ചാക്കോയ്ക്ക് നേരിടേണ്ടി വന്നത് വൻ വിമർശനവും, അപഹാസ്യം നിറഞ്ഞ കമന്റുകളും.
''മമ്മുണ്ണി ഫാനാണല്ലേ...,ലൂസിഫർ കണ്ടോ മോനൂസേ.. പടം കോടി ക്ലബ്ബിൽ കയറിയത് സഹിക്കുന്നില്ല അല്ലേ..'' എന്നായിരുന്നു ആരാധകൻ ഷൈന് മെസേജ് ചെയ്തത്. ഇതിന് നല്ല കിടുക്കൻ മറുപടിയുമായാണ് താരം രംഗത്തെത്തിയത്.
''തനിക്കെന്താണ് പ്രസ്നമെന്നും, നിങ്ങൾക്ക് സുഖമില്ലേ'' എന്നും ഷൈൻ ചോദിച്ചു. എന്നിട്ടും ആരാധകൻ താരത്തെ വിടാതെ ശല്യം ചെയ്തു. ഒടുവിൽ ഇതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ ഒരു പോസ്റ്റിലൂടെയായിരുന്നു ഷൈന്റെ കിടിലൻ മറുപടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
''പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം... ഞാൻ ചെറുപ്പം മുതൽക്കേ തന്നെ ഒരു കടുത്ത ലാലേട്ടൻ ആരാധകൻ ആണ്... ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല... നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കിൽ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ... നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്... ഞാൻ ലാലേട്ടനെ ആരാധിക്കാൻ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല... ആ സ്നേഹത്തിനു നിന്നെക്കാൾ പഴക്കമുണ്ട്... അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്...ഞാൻ ഒന്നിൽ കൂടുതൽ സിനിമകൾ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്...അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വർക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്നേഹത്തെയും കുറിച്ച്...ഞാൻ ആ വ്യക്തിയെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു...അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും...ആ സ്നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും...പിന്നെ എന്റെ സിനിമകൾ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം...അതിനെ നിനക്കു വിമർശിക്കാം എന്തു വേണോ ചെയ്യാം... അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാൻ വരല്ലേ...''