vishu

ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണനുാമിയ ബന്ധപ്പെട്ടാണ് വിഷുവും വിഷുക്കണിയുമായി ബന്ധപ്പെട്ട ആഘോഷം.

വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു.

വിഷുവിനെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർക്കുന്നത് വിഷുക്കണിയും വിഷുക്കൈനീട്ടവുമാണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കാനും കണി കാണിക്കാനുമുള്ള ചുമതല. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്.

അരി, നെല്ല്,​ അലക്കിയ മുണ്ട്,​ സ്വർണം, വാൽക്കണ്ണാടി,​ കണിവെള്ളരി,​ കണിക്കൊന്ന,​ വെറ്റില, അടക്ക,​ കണ്മഷി, ചാന്ത്, സിന്ദൂരം,​ നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം,​ കിഴക്കോട് തിരിയിട്ട് കത്തിച്ച നിലവിളക്ക്,​ നാളികേരപാതി,​ ശ്രീകൃഷ്ണ വിഗ്രഹം എന്നിവയാണ് വിഷുക്കണി ഒരുക്കാൻ ഉപയോഗിക്കുന്നത്.

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. കണി ഒരുക്കുന്നത് വീട്ടിലെ അമ്മമാരാണെങ്കിൽ കൈനീട്ടം നൽകുന്നത് ഗൃഹനാഥനാണ്. വര്‍ഷം മുഴുവൻ സമ്പൽ സമൃദ്ധി ഉണ്ടാകട്ടെ എന്ന അനുഗ്രഹിച്ചുകൊണ്ടാമ് കൈനീട്ടം നൽകുന്നത്.

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതിഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ നരകാസുരൻ, മുരൻ, താമ്രൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, നഭസ്വാൻ, അരുണൻ ആദിയായ അസുര പ്രമുഖരെയെല്ലാം അവർ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിൽ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തിൽ ജനങ്ങൾക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകൾ കത്തിക്കുന്നത് രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പിക്കുന്നു.