goa-super-cup-champions

സൂപ്പർ കപ്പിൽ ഗോവ ചാമ്പ്യൻമാർ

ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബാളിൽ ഗോവ എഫ്.സി ചാമ്പ്യൻമാരായി. ഇന്നലെ നടന്ന ഫൈനലിൽ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഗോവ കിരീടത്തിൽ മുത്തമിട്ടത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. അമ്പതാം മിനിറ്റിൽ എഡു ബഡിയയുടെ ഷോട്ട് ക്രോസ് ബാറിൽത്തട്ടിത്തെറിച്ചതിന് പിന്നാലെ ഫെറാൻ കൊറൊമിനാസിന്റെ ഗോളിൽ ഗോവ ലീഡ് നേടി. രണ്ട് മിനിറ്രിനുള്ളിൽ റാഫേൽ അഗസ്റ്രോയിലൂടെ ചെന്നൈയിൻ സമനില നേടി. 64 -ാം മിനിറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസ് ഗോവയുടെ കിരീടമുറപ്പിച്ച വിജയ ഗോൾ നേടുകയായിരുന്നു. ഗോവയുടെ ആദ്യ പ്രധാന കിരീടമാണിത്. 2015ൽ ഐ.എസ്.എൽ ഫൈനലിൽ തങ്ങളെ തോല്പിച്ച് കിരീടം നേടിയ ചെന്നൈയിനോടുള്ള മധുര പ്രതികാരം കൂടിയായി ഗോവയ്ക്ക് ഇത്തവണത്തെ സൂപ്പർകപ്പ് ചാമ്പ്യൻപട്ടം.