വടക്കേ വയനാട്ടിലെ പൊഴുതന പഞ്ചായത്തിലുള്ള ഇടിയംവയൽ ഗ്രാമത്തിലാണ് പോകേണ്ടത്. കോഴിക്കോട് നിന്ന് പൊഴുതനയിലേക്ക് കെ.എസ്.ആർ.ടി.സി ബസുണ്ട്. പൊഴുതനയിൽ നിന്ന് പതിനഞ്ച് കിലോമീറ്ററുണ്ട് ഇടിയൻവയലിലേക്ക്. 40 മിനുറ്റ് കൊണ്ട് ബസെത്തി. ഇടിയൻവയലിൽ നിന്ന് പിന്നെ കുണ്ടും കുഴിയും നിറഞ്ഞ ചെമ്മൺപാതയിലൂടെ നാന്നൂറ് മീറ്റർ നടന്ന് കുന്നും മലയും കുറ്റിച്ചെടികളും നിറഞ്ഞ ഗ്രാമപ്രദേശത്തിലൂടെ അമ്പലക്കൊല്ലി കോളനിയിലേക്ക്. ഇടവഴി കടന്നെത്തുന്നത് കോൺക്രീറ്റ് പാതിരൂപത്തിൽ അവശേഷിപ്പിച്ച വീട്ടിലേക്ക്.
20 വർഷം മുമ്പ് സർക്കാരിന്റെ കനിവിലുയർന്ന വീട്. ചുടുകട്ട കൊണ്ട് നിർമ്മിച്ച വീടിന്റെ ചുവരുകൾ പൂശിയിട്ടില്ല. മൂന്ന് മുറികൾക്കും വാതിലുകളില്ല. ജനൽക്കമ്പികളിൽ തുരുമ്പ് കയറിയിരിക്കുന്നു. പാളികളില്ലാത്ത ജനലിൽ കൂടി പുറംകാഴ്ച സുവ്യക്തം. മഴയത്ത് ജനൽപ്പാളികൾക്ക് മറയാകുന്നത് പ്ളാസ്റ്റിക് ഷീറ്റാണ്. മണ്ണ് മെഴുകിയ തറ, ചോർച്ച തടയാൻ മേൽക്കൂരയിൽ പലയിടത്തും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുന്നു. ഇതാണ് ശ്രീധന്യ ഐ.എ.എസിന്റെ യുദ്ധഭൂമി. ഇല്ലായ്മകളോട് പടവെട്ടിയാണ് കുറിച്യസമുദായത്തിൽ നിന്നുള്ള ശ്രീധന്യ സിവിൽ സർവീസ് എന്ന നേട്ടം കൈപ്പിടിയിലൊതുക്കിയ ആദ്യത്തെയാളായി മാറിയത്.
ആത്മവിശ്വാസത്തിന്റെ നിറരൂപം
വീടിന് മുന്നിൽ നിൽക്കുന്ന മെലിഞ്ഞ ഇരുനിറത്തിലുള്ള ഇരുപത്തിയാറുകാരിയുടെ പുഞ്ചിരിയിൽ ആത്മവിശ്വാസം സ്ഫുരിക്കുന്നു. ഉറച്ച ശബ്ദത്തിൽ നിശ്ചയദാർഢ്യത്തോടെയുള്ള സ്വീകരണം. പഴശ്ശിയുടെ പടയാളികളായിരുന്നു മുൻഗാമികൾ. പൂർവികരുടെ ഓർമ്മയ്ക്കായി വീടിന് മുൻപിൽ അമ്പും വില്ലും കുത്തിച്ചാരി വച്ചിട്ടുണ്ട്. അച്ഛൻ സുരേഷും അമ്മ കമലയും സഹോദരൻ ശ്രീരാഗും ശ്രീധന്യയുമാണ് വീട്ടിലെ താമസക്കാർ.
ചേച്ചി സുശിത കുഞ്ഞിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരത്താണ്. വീട്ടിൽ വൈദ്യുതിയില്ല. അതുകൊണ്ട് തന്നെ ടി.വി അടക്കം യാതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും വീടിന്റെ പടികടക്കാൻ ധൈര്യപ്പെട്ടിട്ടില്ല. മേശപ്പുറത്ത് കുറച്ച് പുസ്തകങ്ങൾ കൂട്ടിവച്ചിട്ടുണ്ട്. പൊട്ടിയ പലകക്കഷണം ചുമരിൽ ആണിയടിച്ച് ഉറപ്പിച്ചതാണ് ശ്രീധന്യയുടെ ഷെൽഫ്. അതിൽ ട്രോഫികൾ. സിമന്റ് തേയ്ക്കാത്ത മൺകട്ടച്ചുവരിൽ പ്രധാനപ്പെട്ട ചില സൂത്രവാക്യങ്ങളും വർഷങ്ങളും എഴുതി ഒട്ടിച്ചിരിക്കുന്നു. നടുവിലെ പലക ഇളകിപ്പോയ കട്ടിലിൽ വളച്ചാക്കിനുള്ളിൽ പഴന്തുണി നിറച്ച തലയണയുണ്ട്. ഇതൊക്കെയാണ് തന്റെ സമ്പാദ്യമെന്ന് ശ്രീധന്യ പറയുന്നു.
പണത്തിന് പണം തന്നെ വേണ്ടേ. കൂട്ടുകൃഷി ചെയ്തും വേട്ടയാടിയുമാണ് പൂർവികർ ഉപജീവനം കണ്ടെത്തിയിരുന്നത്. മക്കളെ പോറ്റാൻ സുരേഷിനും കൃഷി തന്നെയായിരുന്നു ഏക ആശ്രയം. എന്നാൽ പോകെ പോകെ പറ്റുപുസ്തകത്തിൽ നഷ്ടങ്ങൾ മാത്രം സ്ഥാനം പിടിച്ചപ്പോൾ കൃഷി പാതി വഴിയിൽ ഉപേക്ഷിച്ച് തൊഴിലുറപ്പ് ജോലിയ്ക്കിറങ്ങി.
പഠനം മധുരപ്രതികാരം
കുട്ടികളെ ഒരു കരയെത്തിക്കാൻ മറുപാതി കമലയും ഒപ്പം കൂടി. തരിയോടുള്ള സർക്കാർ നിർമല ഹൈസ്കൂളിൽ മലയാളം മീഡിയത്തിൽ നിന്നാണ് സുശിതയും ശ്രീധന്യയും ശ്രീരാഗും പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കാവും മന്ദം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനം. കോളനിയിലെ ഭൂരിഭാഗം കുട്ടികളും പ്ലസ്ടുവിന് ശേഷം പഠനം നിർത്തി തൊഴിൽ തേടിയപ്പോൾ മക്കൾ പഠിച്ച് മുന്നേറണമെന്ന വാശിയായിരുന്നു ശ്രീധന്യയുടെ മാതാപിതാക്കൾക്ക്. വീട്ടിലുള്ളവരും കട്ടയ്ക്ക് കൂടെനിന്നു.
അങ്ങനെ കോഴിക്കോട് ദേവഗിരി കോളേജിൽ സുവോളജിയിൽ ബിരുദപഠനത്തിനായി ശ്രീധന്യ നാടിറങ്ങി. മണിക്കൂറുകളോളം ബസ് യാത്ര വേണ്ടി വന്നതിനാൽ താമസം ഹോസ്റ്റലിലേക്ക് മാറ്റി. ക്ലാസ് കട്ട് ചെയ്ത് നടന്ന് രാഷ്ട്രീയപ്രവർത്തനം നടത്തിയ, അത്യാവശ്യം ഉഴപ്പുള്ള ഒരു കോളേജ് കാലഘട്ടമായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് ശ്രീധന്യ ഓർക്കുന്നു. കോളേജിൽ സജീവ കെ.എസ്.യു പ്രവർത്തകയായിരുന്നു ശ്രീധന്യ. ഇതിനിടയിലും ദുരിതത്തിൽ നിന്ന് എങ്ങനെ കരകയറാമെന്ന ചിന്ത ശ്രീധന്യയെ അലട്ടിയിരുന്നു.
പഠിച്ച് വലിയൊരു ജോലി നേടി ദാരിദ്ര്യത്തെ പൊരുതി തോൽപ്പിക്കുക എന്ന സ്വപ്നം ശ്രീധന്യയെ ഊണിലും ഉറക്കത്തിലും ശല്യം ചെയ്തു. ക്ലാസ് കട്ട് ചെയ്യലിനൊക്കെ ഹോസ്റ്റലിൽ കുത്തിയിരുന്ന് പഠിച്ച് പ്രതികാരം ചെയ്തു. മികച്ച മാർക്കോടെ ബിരുദം പൂർത്തിയാക്കിയശേഷം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് 2014ൽ ഉന്നത മാർക്കോടെ ബിരുദാനന്തര ബിരുദവും നേടി.
പുതുപ്രതീക്ഷകളോടെ മുന്നോട്ട്
പഠനം കഴിഞ്ഞ് വീട്ടിലെത്തിയതോടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ എങ്ങനെ ജീവിക്കാമെന്നായി ശ്രീധന്യയുടെ ചിന്ത. അത് അവസാനിച്ചത് ട്രൈബൽ പ്രൊമോട്ടർ ജോലിയിലാണ്. തന്നെ പോലെ കഷ്ടപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പിടിച്ച് ഉയർത്താനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീടുള്ള രണ്ട് വർഷക്കാലം. മദ്യപാനം കുടിൽകെട്ടിപ്പാർക്കുന്ന കോളനികളിലെ കുട്ടികളെ പുതുപ്രതീക്ഷകൾ നൽകി മുന്നോട്ട് എത്തിക്കുക എന്നത് ഭഗീരഥപ്രയത്നം തന്നെയായിരുന്നെന്ന് ശ്രീധന്യ പറയുന്നു.
അക്കാലത്താണ് മാനന്തവാടി സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവറാവുവിനെ നേരിൽ കാണുന്നത്, ആദ്യമായി നേരിൽക്കണ്ട ഐ.എ.എസ് ഉദ്യോഗസ്ഥൻ. ഐ.എ.എസുകാർക്ക് സമൂഹം നൽകുന്ന ബഹുമാനവും സ്നേഹവും ശ്രീധന്യ അനുഭവിച്ചറിഞ്ഞു. അതോടെ സിവിൽ സർവീസ് മോഹം ഉടലെടുത്തു. ജോലി ഉപേക്ഷിച്ച് വീട്ടിൽ ഇരുന്ന് പഠിക്കാനായി ശ്രമം. പട്ടികജാതിവികസന വകുപ്പ് സിവിൽ സർവീസിനായി നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു. എൻട്രൻസ് പാസായി. അതിന് ശേഷമാണ് സിവിൽ സർവീസ് എന്താണ്, എങ്ങനെ പഠിക്കണം എന്നൊക്കെ മനസിലായത്. മാർഗദർശനത്തിന് ആരെങ്കിലും വേണമെന് ന് തോന്നിയതോടെ പരിശീലനത്തിനായി തിരുവനന്തപുരത്തേക്ക് വണ്ടി കയറി.
ഇരുകൈയും നീട്ടി തലസ്ഥാനം സ്വീകരിച്ചു. കേരളത്തിന്റെ വടക്കേയറ്റത്ത് നിന്ന് വണ്ടികയറുമ്പോൾ തെക്കുള്ളവരെ കുറിച്ച് ഒട്ടേറെ മുൻധാരണകൾ മനസിലുണ്ടായിരുന്നു. ആ ധാരണകളൊക്കെ അസ്ഥാനത്താക്കി തന്റെ സ്വപ്നങ്ങൾക്ക് പറക്കാൻ ചിറകു നൽകിയത് തലസ്ഥാനമാണെന്ന് ശ്രീധന്യ പറയുന്നു. തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാഡമിയും ഫോർച്യൂൺ അക്കാഡമിയും പോരാട്ടത്തിനുള്ള കളങ്ങൾ ശ്രീധന്യയ്ക്ക് ഒരുക്കി നൽകി. മലയാളമായിരുന്നു ഐച്ഛിക വിഷയം.
കടംവാങ്ങിയ 40,000 രൂപ
ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും ശ്രീധന്യ പിൻവാങ്ങിയില്ല. ഇതിനിടെ വിധി വീണ്ടും വിലങ്ങു തടിയായെത്തി. ചേച്ചിയുടെ കുഞ്ഞിനെ തേടിയെത്തിയ അർബുദാണുക്കളുടെ രൂപത്തിലായിരുന്നു അത്. തുടർന്ന് കുഞ്ഞിന്റെ ചികിത്സയ്ക്കായി ചേച്ചിയും കുടുംബവും തലസ്ഥാനത്തെത്തി വാടക വീടെടുത്തു. ശ്രീധന്യയുടെ പഠനം ഇവർക്കൊപ്പമായി. ഈ പ്രതിസന്ധികളൊന്നും ശ്രീധന്യയെ തളർത്തിയില്ല. മികച്ച രീതിയിൽ പരീക്ഷ എഴുതി. പ്രിലിമിനറി പരീക്ഷ പാസായതോടെ പിന്നെ പ്രധാനപരീക്ഷയ്ക്കായി പോരാട്ടം. അതും നേടി അഭിമുഖത്തിനായി ഡൽഹിയിലേക്ക്. സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ 40,000 രൂപയുമായാണ് ശ്രീധന്യ ഡൽഹിക്ക് വണ്ടി കയറിയത്.
വയനാട്ടിൽ നിന്നാണെന്നറിഞ്ഞപ്പോൾ, ഇന്റർവ്യു ബോർഡിലുണ്ടായിരുന്നവർ പ്രളയത്തെക്കുറിച്ചു ചോദിച്ചു. പ്രളയകാലത്ത് വെള്ളം കയറി തന്റെ രണ്ട് ചാക്ക് പുസ്തകങ്ങൾ നശിച്ച കഥയും അഭിമുഖത്തിൽ പറഞ്ഞെന്ന് ശ്രീധന്യ പറയുന്നു. റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. അഭിമുഖത്തിന് ശേഷം വണ്ടിക്കാശ് മാത്രമായി നാട്ടിലേക്ക്. കൂട്ടിനുണ്ടായിരുന്നത് ഐ.എ.എസ് എന്ന സ്വപ്നം മാത്രം. ഫലം വന്നപ്പോൾ 410ആം റാങ്കും. സിവിൽ സർവീസ് എന്ന ഒറ്റ ലക്ഷ്യം മാത്രം മുൻനിർത്തി വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുഴുവൻ പിന്തുണയോടെയും പഠിക്കുന്നവർക്ക് കിട്ടുന്ന സൗകര്യങ്ങളോ ആഡംബരങ്ങളോ ഇല്ലായിരുന്നിട്ടും 410ആം റാങ്കെന്നത് ചെറിയ നേട്ടമല്ല. അതുകൊണ്ടു തന്നെയാണ് ആദ്യ റാങ്കുകളേക്കാൾ തിളക്കമുള്ള വിജയമായി ആദിവാസി വിഭാഗത്തിൽനിന്നുള്ള പെൺകുട്ടിയുടെ നേട്ടം കൊണ്ടാടപ്പെടുന്നതും.
പൊന്നുവയ്ക്കേണ്ടിടത്ത് പൂവ് വച്ചു
പ്രിലിമിനറി, ഇന്റർവ്യൂ, ടെസ്റ്റ്സീരീസുകൾ, ഹോസ്റ്റൽ ഫീസ് എല്ലാം സാമ്പത്തികമായി സുരക്ഷിതത്വമുള്ള കുട്ടികൾക്ക് മാത്രം പറ്റുന്നതാണ്. പഠനത്തിനാവശ്യമായ പത്രം വാങ്ങാനുള്ള ശേഷി പോലും ശ്രീധന്യയുടെ മാതാപിതാക്കൾക്കുണ്ടായിരുന്നില്ല. ശ്രീധന്യയുടെ സുഹൃത്തുക്കളുടെയും അച്ഛന്റെ സുഹൃത്തുക്കളുടെയും പിന്നെ പട്ടികജാതി വകുപ്പിന്റേയും സഹായം ലഭിച്ചു. ഫോർച്യൂൺ അക്കാഡമിയിൽ നിന്ന് സ്കോളർഷിപ്പും ലഭിച്ചു. എനിക്കാകുമെങ്കിൽ നിങ്ങൾക്കുമാകും. ഈ നേട്ടം സ്വന്തമാക്കാൻ ആർക്കും കഴിയുമെന്നാണ് സാധാരണക്കാരായ വിദ്യാർത്ഥികളോട് ശ്രീധന്യയ്ക്ക് പറയാനുള്ളത്. ഇച്ഛാശക്തിയും ദൃഢനിശ്ചയവും കഠിനമായി പരിശ്രമിക്കാൻ മനസുമുണ്ടെങ്കിൽ വിജയം സുനിശ്ചിതം.
''ഞങ്ങളുടെ സമുദായത്തിൽ ഒട്ടേറെ ആളുകളുണ്ടെങ്കിലും ഇതുവരെ ഐ.എ.എസോ ഐ.പി.എസോ നേടിയവരില്ല. സിവിൽ സർവീസിന്റെ എന്റെ വിജയം പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെ. വയനാട്ടിൽ നിന്നുള്ളവർക്കും പിന്നാക്ക സമുദായത്തിൽ ജനിച്ചവർക്കും സിവിൽ സർവീസ് അന്യമല്ലെന്ന് അവരും ലോകവും അറിയട്ടെ"" ശ്രീധന്യ അഭിമാനത്തോടെ പറയുന്നു. ''സഹായമഭ്യർത്ഥിച്ചപ്പോൾ പലതവണ ആട്ടിയിറക്കിവിട്ട അധികാരികളോടും നിനക്കൊന്നും എവിടെയുമെത്താനാകില്ലെന്ന് നിരുത്സാഹപ്പെടുത്തിയവരോടും പൊരുതിക്കയറുമ്പോഴും ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചവരോടുമെല്ലാമുള്ള മധുര പ്രതികാരമാണ് എന്റെ മകളുടേത്. അവൾക്ക് വേണ്ടി ഞങ്ങൾ മുണ്ടു മുറുക്കിയുടുത്തു. പൊന്ന് വയ്ക്കേണ്ടിടത്ത് പൂവ് വച്ചു ജീവിക്കാൻ ശീലിച്ചു, ഇനിയൊന്നു വിശ്രമിക്കണം. ""അനുവാദം ചോദിക്കാതെ നിറഞ്ഞൊഴുകിയ കണ്ണുനീരിനെ തൂമ്പ പിടിച്ച് തഴമ്പിച്ച കൈകൾ കൊണ്ട് അമർത്തിത്തുടച്ച് സുരേഷ് പറഞ്ഞു. അടുത്ത വീട്ടിലെ ടി.വിയിൽ നിന്നാണ് ശ്രീധന്യയുടെ ഐ.എ.എസ് നേട്ടം കുടുംബം അറിഞ്ഞത്. മകളുടെ വിജയവാർത്തയറിഞ്ഞ രാത്രി മുതൽ സുരേഷും ഭാര്യ കമലയും സന്ദർശകരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. വരുന്നവർക്ക് ഇരിക്കാനുള്ള കസേരകൾ നാട്ടുകാരെത്തിച്ചു. നെഞ്ച് നിറഞ്ഞൊഴുകുന്ന സന്തോഷം എന്ന് പറഞ്ഞ് നിഷ്കളങ്കമായി ചിരിക്കുന്ന ഒരു കുടുംബം. ഇത് തന്നെയാണ് ശ്രീധന്യയുടെ ഏറ്റവും വലിയ സമ്പാദ്യം. ശ്രീധന്യയുടെ അനുജൻ ശ്രീരാഗ് പോളി ടെക്നിക് വിദ്യാർത്ഥിയാണ്. ചേച്ചി ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയും.
(ലേഖികയുടെ ഫോൺ:9946103963)