കേരളം തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ആവേശച്ചൂടിലാണല്ലോ. അതിനൊരു കുറവേയുള്ളൂ. മുൻകാല തിരഞ്ഞെടുപ്പുകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന പല രാഷ്ട്രീയ നേതാക്കന്മാരുടെയും അസാന്നിദ്ധ്യം. അവരിലൊരു നേതാവാണ് നവതിയുടെ നിറവിൽ വിശ്രമജീവിതം നയിക്കുന്ന വക്കം പുരുഷോത്തമൻ.
സാധാരണ രാഷ്ട്രീയ നേതാക്കന്മാരിൽ നിന്നും വ്യതിരിക്തമായൊരു വ്യക്തിത്വമാണ് വക്കം പുരുഷോത്തമൻ. തന്നിൽ അർപ്പിതമായ ഏത് ചുമതലയും അന്യൂനമായി തന്നെ അദ്ദേഹം നിർവഹിച്ചിരുന്നു. ചിലകാര്യങ്ങളിൽ ചിലപ്പോൾ മർക്കടമുഷ്ടി പിടിക്കാതിരുന്നിട്ടില്ല. പക്ഷേ അതെല്ലാം തന്റെ ചുമതലാ നിർവഹണത്തിലെ അർപ്പണമനോഭാവത്തിന്റെ ഭാഗമായിരുന്നു. ഇച്ഛാശക്തിയും ആജ്ഞാശക്തിയും അദ്ദേഹം വഹിച്ച പദവികളിൽ അധിഷ്ഠിതമായ കർത്തവ്യനിർവഹണത്തിൽ പ്രകടമായിരുന്നു.
ഉത്തരവാദപ്പെട്ട പല പദവികളിലും വിരാജിതനായിരുന്നെങ്കിലും വക്കം പുരുഷോത്തമൻ എന്ന് കേൾക്കുമ്പോൾ എന്റെ ഓർമ്മയിൽ ആദ്യം വരുന്നത് നിയമസഭാ സ്പീക്കർ പുരുഷോത്തമനാണ്. രണ്ടുവട്ടം 1982 ലും 84ലും 2001- 2004 ലും സ്പീക്കറായിരുന്നതുകൊണ്ടല്ല അത്. സ്പീക്കർ പദവിക്ക് ഒരു മാതൃകയാണ് കേരളനിയമസഭയുടെ പ്രഥമ സ്പീക്കറായിരുന്ന യശഃശരീരനായ ആർ. ശങ്കരനാരായണൻ തമ്പി. അദ്ദേഹത്തിന്റെ പിൻഗാമികളായ സ്പീക്കർമാരിൽ അഗ്രഗണ്യനായിരുന്നു പുരുഷോത്തമൻ.
നിയമസഭാചട്ടം അനുസരിച്ച് സഭാ സമ്മേളനം രാവിലെ 8.30 ന് തുടങ്ങി ഉച്ചയ്ക്ക് 1.30ന് അവസാനിക്കണം. പക്ഷേ അങ്ങനെ നിശ്ചിതസമയത്ത് സമ്മേളനം അവസാനിക്കുക വളരെ വിരളമാണല്ലോ. സഭയിൽ നടക്കുന്ന ചർച്ചകൾ നിശ്ചിതസമയത്തിനപ്പുറം നീണ്ടുപോകുന്നതിനാലും പ്രതിപക്ഷം ഉയർത്തുന്ന ബഹളം മൂലവും സമ്മേളനം പല ദിവസങ്ങളിലും വൈകുന്നേരം വരെ നീണ്ടുപോകാറുണ്ട്. എന്നാൽ പുരുഷോത്തമൻ സ്പീക്കറായിരുന്ന രണ്ട് കാലയളവിലും അങ്ങനെയായിരുന്നില്ല. ഉച്ചയ്ക്ക് 1.30 ന് അവസാനിക്കേണ്ട സമ്മേളനം ഏറിയാൽ രണ്ട് മണിക്കപ്പുറം പോയിരുന്നില്ല. നിയമസഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുതന്നെയായിരുന്നു അത്രമാത്രം കർക്കശമായി അദ്ദേഹം സഭാനടപടികൾ നിയന്ത്രിച്ചിരുന്നത്.
ഏതൊരു മെമ്പറും സഭയിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന് അനുവദിച്ചിട്ടുള്ള സമയം തീരാറാകുന്നതിന് ഏതാണ്ട് രണ്ടു മിനിട്ട് മുമ്പ് ചെയറിൽ നിന്ന് (സഭയുടെ അദ്ധ്യക്ഷവേദിയിൽ) 'യേസ്"(yes)എന്ന് ഉച്ചത്തിൽ നീട്ടിയുള്ള ഒരുവിളി സഭയിൽ മുഴങ്ങും. മെമ്പറുടെ പ്രസംഗം അവസാനിപ്പിക്കാറായി എന്നുള്ള മുന്നറിയിപ്പായിരിക്കും ആ 'യേസ്"വിളി. പ്രസംഗം നിശ്ചിതസമയത്ത് അവസാനിപ്പിക്കുന്നില്ലെങ്കിൽ ആ മെമ്പറുടെ മുമ്പിലുള്ള മൈക്ക് ഓഫാകും. ഇതെല്ലാം സ്പീക്കർ പുരുഷോത്തമന്റെ സഭാ നടപടികൾ നിയന്ത്രിക്കുന്ന രീതിയിലെ ഒരു പ്രത്യേകതയാണ്. മന്ത്രിമാർക്കും കക്ഷിനേതാക്കന്മാർക്കും മാത്രമായിരുന്നു പ്രസംഗത്തിനുള്ള സമയപരിധിയിൽ ഇളവ് നൽകിയിരുന്നത്.
നിയമസഭാദ്ധ്യക്ഷൻ എന്ന നിലയിലുള്ള തന്റെ കൃത്യനിർവഹണത്തിൽ ചില വിഷമഘട്ടങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. അവയിൽ പ്രധാനം രണ്ട് സംഭവങ്ങളാണ്. 1982-84 ൽ അദ്ദേഹം സ്പീക്കറായിരുന്ന കാലം. അന്ന് നിയമസഭയുടെ രജതജൂബിലി ആഘോഷത്തിന്റെ ചെലവുകളെപ്പറ്റി സിഎജിയുടെ ആഡിറ്റ് റിപ്പോർട്ടിൽ ചില പ്രതികൂല പരാമർശങ്ങളുണ്ടായിരുന്നു. അത് ദേശാഭിമാനി പത്രം ആരോപണ വാർത്തയാക്കി. അതിൽ പ്രകോപിതനായ സ്പീക്കർ ആ വാർത്ത റിപ്പോർട്ട് ചെയ്ത പത്രത്തിന്റെ വാർത്താലേഖകൻ ആർ.എസ്. ബാബുവിന് സഭാസമ്മേളനം ചെയ്യാനുള്ള പാസ് നിഷേധിച്ചു. ഇതെല്ലാം സംഭവിച്ചത് സഭയിൽ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം നടത്താനിരുന്ന ദിവസത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലായിരുന്നു.
ബാബുവിന് പാസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ വാർത്താലേഖകർ ഗവർണർ നയപ്രഖ്യാപനം നടത്തുന്ന ദിവസത്തെ സഭാസമ്മേളനം ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു. എന്നുവച്ചാൽ നയപ്രഖ്യാപന പ്രസംഗം പത്രങ്ങളിൽ വരാതെയാകും. ഞാൻ അന്ന് കേരളകൗമുദിയുടെ വാർത്താലേഖകനായിരുന്നു. ബഹിഷ്കരണ തീരുമാനം എന്നെ വിഷമത്തിലാക്കി. എം. എസ്. മണിസാറായിരുന്നു അന്ന് കേരളകൗമുദിയുടെ എഡിറ്റർ ഇൻ ചീഫ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ബഹിഷ്കരണത്തിൽ പങ്കെടുത്താൽ അദ്ദേഹം എന്റെ ചെവിക്കു പിടിക്കും. മറിച്ച് പങ്കെടുക്കാതിരുന്നാൽ അത് കേരളകൗമുദിക്ക് ക്ഷീണമാകും.
തിരുവനന്തപുരത്തെ പത്രപ്രവർത്തകർക്കിടയിൽ ഞാൻ ഒറ്റപ്പെട്ടുവെന്നും വരാം. അതിനാൽ ബഹിഷ്കരണ തീരുമാനവും അതിന്റെ പശ്ചാത്തലവും ഞാൻ മണിസാറിനെ അറിയിച്ചു. പ്രശ്നത്തിന്റെ കിടപ്പുവശം മനസിലാക്കിയ അദ്ദേഹം ബഹിഷ്കരണത്തിൽ പങ്കെടുക്കാൻ അനുവാദം തന്നു. അടുത്ത ദിവസത്തെ പത്രങ്ങളിൽ ഗവർണറുടെ നയപ്രഖ്യാപനം അച്ചടിച്ചുവന്നതുമില്ല. തനിക്ക് ക്ഷീണമുണ്ടാക്കിയ ആ ബഹിഷ്കരണത്തിന്റെ പേരിൽ സ്പീക്കർ പുരുഷോത്തമൻ പത്രപ്രവർത്തകരിൽ ആരോടും നീരസം പ്രകടിപ്പിച്ചില്ല. എന്നു മാത്രമല്ല, അവരുമായി അദ്ദേഹം പുലർത്തിയിരുന്ന സൗഹൃദം പൂർവാധികം ശക്തമായി തുടരുകയും ചെയ്തു.
ഒരവസരത്തിൽ ഞാൻ കേരളകൗമുദിയിൽ റിപ്പോർട്ട് ചെയ്ത ഒരു എക്സ് ക്ലൂസിവ് വാർത്തയെപ്പറ്റി അന്ന് ആരോഗ്യവകുപ്പുമന്ത്രിയായിരുന്ന അദ്ദേഹം പ്രതികരിച്ചത് ഓർക്കുന്നു. 1980-81 ലെ നായനാർ മന്ത്രിസഭയുടെ കാലം. അന്ന് തിരുവനന്തപുരം കണ്ണാശുപത്രിയിൽ ഒരു ഡോക്ടർ ഒരു പാവപ്പെട്ട സ്ത്രീയുടെ രോഗമുള്ള കണ്ണിന് പകരം രോഗമില്ലാത്ത കണ്ണ് ഓപ്പറേറ്റ് ചെയ്തുവെന്നായിരുന്നു വാർത്ത. ആ വാർത്ത വന്നദിവസം രാവിലെ 10.30 ന് മന്ത്രി വാർത്താസമ്മേളനം നടത്തി. വാർത്തനിഷേധിക്കാനാണോ വാർത്താസമ്മേളനം എന്ന ഭയാശങ്കയിലായിരുന്നു ഞാൻ. കേരളകൗമുദി പത്രം കൈയിൽ പിടിച്ചായിരുന്നു വാർത്താസമ്മേളനത്തിലേക്കുള്ള മന്ത്രിയുടെ വരവ്.
' ഇന്നത്തെ കേരളകൗമുദിയിൽ വന്ന ഒരു എക്സ് ക്ലൂസീവ് വാർത്ത നിങ്ങളെല്ലാവരും വായിച്ചിരിക്കുമല്ലോ" എന്ന ആമുഖത്തോടെ അദ്ദേഹം ആ വാർത്ത മുഴുവനും വായിച്ചു. എന്നിട്ട് ഒരുനിമിഷം അദ്ദേഹം മൗനമായിരുന്നു. എന്റെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു. എന്നിട്ട് മന്ത്രിപറഞ്ഞു: ' ഈ വാർത്ത നൂറുശതമാനവും ശരിയാണ്. ഒരു വനിതാഡോക്ടർക്ക് പറ്റിയ പിഴവാണ് കണ്ണുമാറിയുള്ള ശസ്ത്രക്രിയ. ആ ഡോക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡിപ്പാർട്ട്മെന്റൽ അന്വേഷണത്തിന് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്." അത്രയും കേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെയായത്. മന്ത്രി സ്ഥിരീകരിച്ച ആ വാർത്ത അടുത്തദിവസം ദേശീയ പത്രങ്ങളുൾപ്പെടെ എല്ലാ പത്രങ്ങളിലും പ്രധാന വാർത്തയുമായി.
ഞാൻ കേരളകൗമുദിയിൽ നിന്നു വിരമിച്ചതിൽ പിന്നീട് ഞങ്ങൾ തമ്മിൽ നടന്ന ഒരു കൂടിക്കാഴ്ചയെക്കൂടി പരാമർശിച്ചുകൊണ്ട് എന്റെ ഈ ഓർമ്മപുതുക്കലിന് തിരശ്ശീലയിടാം. 2004-2006 ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അദ്ദേഹം ധനകാര്യമന്ത്രിയായിരിക്കവേയായിരുന്നു ആ കൂടിക്കാഴ്ച. 2005 ൽ ഞാൻ രചിച്ച 'കേരളനിയമസഭ: ചരിത്രവും ധർമ്മവും" എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മം നിർവഹിക്കാൻ അദ്ദേഹത്തെ ക്ഷണിക്കാനായി ഞാൻ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയിൽ ചെന്നു.ചായസത്ക്കാരത്തിനും സംഭാഷണത്തിനുമിടയിൽ അദ്ദേഹം എന്റെ മുമ്പിലൊരു 'ഓഫർ"വച്ചു.അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ ഒരു ഒഴിവുണ്ട്. നല്ലൊരു തുക ശമ്പളമായി കിട്ടും. വലിയ പണിയൊന്നുമില്ല. ആ ഒഴിവിൽ എന്നെ നിയമിക്കാമെന്നായിരുന്നു ഓഫർ.
ഞാൻ മറുപടി പറയാതേ ചെറുചിരിയോടെ ഇരുന്നതേയുള്ളൂ. അത് കണ്ടിട്ട് താൻ എന്താ ഒന്നും പറയാതിരുന്ന് ചിരിക്കുന്നുവെന്നായി അദ്ദേഹം.. ഞാൻ ചോദിച്ചു, 'നമ്മൾ ഇപ്പോൾ എങ്ങനെയിരുന്നു സംസാരിക്കുന്നു?" തെല്ല് ആശ്ചര്യത്തോടെ അദ്ദേഹം പറഞ്ഞു, 'അതെന്താ സംശയം? നമ്മൾരണ്ട് കസേരകളിലായി മുഖത്തോടുമുഖം നോക്കിയിരുന്നു സംസാരിക്കുന്നു."
' ഞാൻ താങ്കളുടെ പേഴ്സണൽ സ്റ്റാഫംഗമായാൽ പിന്നീട് താങ്കളോടൊപ്പമിരുന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകുമോ എനിക്ക്? ഇല്ലല്ലോ? ശമ്പളമായി കിട്ടുന്ന വലിയ തുകയെക്കാൾ ഞാൻ വിലമതിക്കുന്നത് താങ്കളെപ്പോലുള്ള നേതാക്കന്മാരോടൊപ്പമിരുന്ന് സംസാരിക്കാൻ പത്രപ്രവർത്തകൻ എന്ന നിലയ്ക്കുള്ള എന്റെ സ്വാതന്ത്ര്യത്തെയാണ്. അത് വേണ്ടെന്നു വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല." എന്റെ മറുപടി. അത് കേട്ടിരുന്ന അദ്ദേഹത്തിന്റെ മുഖത്തെ ആശ്ചര്യഭാവം മാറിയില്ല. അദ്ദേഹം എഴുന്നേറ്റ് അടുത്തുവന്ന് ഹസ്തദാനം ചെയ്തുകൊണ്ട് എന്റെ നിലപാടിനെ അഭിനന്ദിച്ചു. എന്റെ പുസ്തകം പ്രകാശനം ചെയ്യാമെന്ന് ഉറപ്പും നൽകി.
പ്രഗത്ഭരും, പ്രശസ്തരുമായ പല നേതാക്കന്മാർ മന്ത്രിമാരായും നിയമസഭാദ്ധ്യക്ഷന്മാരായും വിരാജിച്ചിട്ടുണ്ട്. അവരുടെ കഴിവുകളുടെയും സംഭാവനകളുടെയും തിളക്കമാർന്ന അദ്ധ്യായങ്ങളടങ്ങുന്ന ചരിത്രമാണ് കേരളത്തിനുള്ളത്. ആ അദ്ധ്യായങ്ങളിലൊന്ന് സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന വക്കം പുരുഷോത്തമനും അവകാശപ്പെട്ടതാണ്. നവതിയുടെ നിറവിൽ മാത്രമല്ല, ശതാബ്ദിയുടെ നിറവിനാലും അദ്ദേഹം അനുഗ്രഹീതനാകട്ടെ എന്ന് ആശംസിക്കുന്നു.