ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത ഹൃദയമാണ് പാർവ്വതിയമ്മയ്ക്ക്. പ്രൈമറി സ്കൂൾ അദ്ധ്യാപികയായി വിരമിച്ചു. രണ്ട് ആൺമക്കൾ. സ്വസ്ഥമായൊരു ജീവിതം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് അവർ സഹപ്രവർത്തകരോട് പറയുമായിരുന്നു. അറിഞ്ഞോ അറിയാതെയോ ഈ ജന്മത്തിലോ മുജ്ജന്മത്തിലോ എന്തെങ്കിലും പാപങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് അറിഞ്ഞിരുന്നെങ്കിൽ പ്രായശ്ചിത്തം ചെയ്യാമായിരുന്നു. തെറ്റ് എന്താണെന്ന് വ്യക്തമാക്കാതെ ശിക്ഷിക്കുക. അതും നിരന്തരമായ ശിക്ഷകൾ. പ്രാർത്ഥിക്കുമ്പോൾ ഉറങ്ങാൻ കിടക്കുമ്പോഴുമൊക്കെ പാവം പാർവതിയമ്മ അതേ പറ്റി ചിന്തിക്കും. ഉത്തരം കിട്ടാറില്ലെന്ന് മാത്രം.
മൂത്തമകൻ ബുദ്ധിമാനാണ്. പഠിക്കാൻ മിടുക്കൻ. പഠനകാലത്ത് ദുഷ്ടസംസർഗത്താൽ ഇടയ്ക്കൊന്നു പാളം തെറ്റി. ഒരു മദ്യപാനക്കമ്പനി മദ്യപിക്കാത്ത സമയത്ത് മാന്യൻ, സഹൃദയൻ, സ്നേഹസമ്പന്നൻ. മദ്യപിച്ചാൽ എല്ലാം തലതിരിയും. പി.എസ്.സി പരീക്ഷകളൊന്നും എഴുതാറില്ല. ചില സുഹൃത്തുക്കൾ അതിനുവേണ്ടി ഒരുമിച്ചിരുന്നു പഠിക്കുമ്പോൾ ഒരുമിച്ചിരുന്നു മദ്യപിക്കുന്ന സുഖത്തിലാണ് കമ്പം. സമപ്രായക്കാരായ പലർക്കും സർക്കാർ ജോലികിട്ടിയപ്പോൾ നിരാശനായി. അതുമാറ്റാൻ മദ്യപാനത്തിന്റെ അളവും കൂട്ടി. പാർവതിയമ്മയുടെ നിർബന്ധം കൊണ്ട് സാമാന്യം ഭേദപ്പെട്ടൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു.
ഒരു മകനുമായി. എന്നിട്ടും ശീലങ്ങളിലൊന്നും മാറ്റം വന്നില്ല. തട്ടിയും മുട്ടിയും മകന്റെ ജീവിതം നീങ്ങുന്നതുനോക്കി പാർവതിയമ്മ വിഷമിച്ചിരിക്കും. ഒരു വർഷം മുമ്പ് മകൻ ആത്മഹത്യ ചെയ്തു. ആശ്വസിപ്പിക്കാൻ വന്നവരിൽ ചിലർ അമ്മയും അച്ഛനും അമിതമായി ലാളിച്ചതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന് വിധിച്ചു. ഭാര്യ നിയന്ത്രിക്കാത്തതാണ് പ്രശ്നമെന്ന് മറ്റു ചിലർ. കുട്ടിയുടെ ജാതകദോഷമാണെന്ന് ചിലർ വിധിയെഴുതി. മദ്യപിക്കാത്ത സമയത്ത് തന്റെ മടിയിൽ വന്നുകിടക്കുന്നതും മാതൃവാത്സല്യത്തെക്കുറിച്ചുള്ള കവിതകളും പാട്ടുകളും ആലപിക്കുമായിരുന്നു. മകന്റെ മരണശേഷവും അതൊക്കെ ഓർത്ത് പാർവതിയമ്മ കഴിഞ്ഞുകൂടി.
മകന്റെ മകനെ കാണുമ്പോൾ മകനെ കാണുമ്പോലെ തോന്നും പാർവതിയമ്മയ്ക്ക്. പേരക്കുട്ടിക്കും അങ്ങനെതന്നെ. രണ്ടുമാസം കഴിയുമുമ്പേ മരുമകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ അച്ഛനും സഹോദരന്മാരും വന്നപ്പോൾ പാർവതിയമ്മ നിസഹായയായിരുന്നു. എന്തുപറഞ്ഞ് അത് തടയും. അവരുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ അതിലുമുണ്ടല്ലോ ശരി. ഇടയ്ക്കിടെ പേരക്കുട്ടിയെ കൊണ്ടുവരാമെന്ന് മരുമകൾ ഉറപ്പ് നൽകിയിരുന്നു.
രണ്ടാഴ്ചകൂടുമ്പോൾ അതു പാലിച്ചിരുന്നു. ഇപ്പോൾ വർഷം ഒന്നാകുന്നു. ഇടയ്ക്കൊരു ദിവസം അങ്ങോട്ടു പോയെങ്കിലും മകനെ വളർത്തിയതിലെ പിഴവാണ് തന്റെ മകളെ വിധവയാക്കിയതെന്ന് അവിടത്തെ അച്ഛൻ പറഞ്ഞതിനെയും പാർവതിയമ്മ എതിർത്തില്ല. കുട്ടി അച്ഛന്റെ മുഖം മറന്നു വരികയാണെന്നും ഇടക്കിടെ വന്ന് ശല്യപ്പെടുത്തരുതെന്നും അയാൾ പറഞ്ഞതും കേട്ട് കണ്ണീരോടെ മടങ്ങി. ഇപ്പോൾ മകന്റെ മുഖവും പേരക്കുട്ടിയുടെ മുഖവും മറക്കാൻ ശ്രമിക്കുകയാണ് പാർവതിയമ്മ. കണ്ണടയും വരെ അതിന് കഴിയില്ലെന്നറിയാമെങ്കിലും.