സുവർണ്ണക്ഷേത്രം കണ്ടു നിറഞ്ഞു തുളുമ്പിയ ഹൃദയവുമായെത്തിയത് തൊട്ടടുത്തു തന്നെയുള്ള ജാലിയൻ വാലാബാഗിലേക്കാണ്. പഞ്ചാബിലെ അമൃത്സർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജാലിയൻ വാലാ ബാഗ് ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ രക്തം കിനിയുന്ന അദ്ധ്യായമാണ്. വർധിച്ച ഹൃദയഭാരത്തോടെയേ ഏതൊരു ഭാരതീയനും ഇവിടെ നില്ക്കാൻ കഴിയൂ. പണ്ടിതൊരു ഉദ്യാനമായിരുന്നു.
സ്വകാര്യ ഉടമസ്ഥതയിലുള്ള, ഇടുങ്ങിയ പ്രവേശന കവാടമുള്ള, നടുവിൽ ഉയർന്ന തറയും ആഴമേറിയ ഒരു പൊതു കിണറുമുണ്ടായിരുന്ന, ചുറ്റുപാടും കെട്ടിടങ്ങളുടെ മതിലുകളാൽ അടഞ്ഞു പോയ ആറര ഏക്കറിലെ വിശാല പ്രദേശം. ഇന്നും ഈ സംരക്ഷിത സ്മാരകത്തിന്റെ പ്രവേശന കവാടം ഇടുങ്ങിയതാണ്.
കവാടത്തിനു മുന്നിലെ തെരുവിൽ, ധവള നിറമാർന്ന സ്മാരകശില്പത്തിൽ തെളിയുന്ന രക്തത്തിൽ കുളിച്ചു പിടഞ്ഞു വീണ നിരപരാധികളുടെ മുഖമില്ലാത്ത മുഖങ്ങൾ... തീനാളത്തിന്റെ ആകൃതിയുള്ള സ്മാരകം... സ്വാതന്ത്ര്യത്തിന്റെ ജ്വാല... പച്ചപ്പ് നിറഞ്ഞ ഉൾത്തളങ്ങൾ... തണൽ മരങ്ങളും പുൽത്തകിടിയും കൈയ്യടക്കി സഞ്ചാരികൾ.
ആക്രമണത്തിനു ശേഷം അതേപടി സംരക്ഷിച്ചിരിക്കുന്ന ചുവരുകളിൽ ഏതാണ്ട് 14 അടി ഉയരെ വരെ തുളഞ്ഞു കയറിയ വെടിയുണ്ടയുടെ പാടുകൾ കാണാം. സ്വതന്ത്ര ഭാരതത്തിന്റെ നെഞ്ചിലെ ഇന്നും ഉണങ്ങാതെ ശേഷിക്കുന്ന മുറിവുകൾ പോലെ.
ഗ്രൗണ്ടിന്റെ നടുവിൽ അനേകം ജീവനുകൾ രക്ഷയ്ക്ക് വേണ്ടി പിടഞ്ഞൊടുങ്ങിയ ആ കിണർ ഹൃദയത്തിൽ ഒരു തേങ്ങലോടു കൂടി മാത്രമേ കാണാൻ കഴിയൂ. ഈ ഏപ്രിൽ 13 നു അക്ഷന്തവ്യമായ ആ കൂട്ടക്കുരുതിക്ക് നൂറു വർഷം തികഞ്ഞു.
1917 ലെ റഷ്യൻ വിപ്ലവമുണ്ടാക്കിയ അലയൊലികൾ 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു സമാനമായ സാഹചര്യങ്ങൾ ഉണ്ടാക്കിയേക്കുമെന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണാധികാരികൾ ഭയന്നിരുന്നു. അതേക്കുറിച്ചു പഠിക്കാൻ അന്നത്തെ വൈസ്രോയി ആയിരുന്ന ചെംസ് ഫോർഡ് ഒരു കമ്മിറ്റിയെ നിയോഗിച്ചു. പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു അത്. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനെ തുടർന്ന് ആൾനാശമുണ്ടായതിനാൽ ഇന്ത്യൻ സേനയും വിഭവ ശേഖരണത്തിനായി തങ്ങളെ ഉപയോഗിച്ചതിനാൽ പഞ്ചാബും അങ്ങേയറ്റം കലുഷിതമായിരുന്നു.
ജസ്റ്റിസ് സർ സിഡ്നി റൗലറ്റ് അധ്യക്ഷനായ ആ കമ്മിറ്റി ഇന്ത്യയിലെങ്ങും സമര സന്നദ്ധത സജീവമെന്നും അതില്ലാതാക്കാൻ പുതിയ നിയമം വേണ്ടിവരുമെന്നും റിപ്പോർട്ട് ചെയ്തു. അത് പ്രകാരം നിലവിൽ വന്ന പുതിയ അനാർക്കിയൽ ആൻഡ് റെവല്യൂഷനറി ക്രൈംസ് നിയമ പ്രകാരം വാറണ്ട് കൂടാതെ പൊലീസിന് ആരെയും രണ്ടു വർഷത്തോളം തടങ്കലിൽ ആക്കാൻ കഴിയും. ഇതിനെതിരെ ഗാന്ധിജിയുടെ ദേശീയ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം പ്രതിഷേധം അലയടിച്ചു. പഞ്ചാബിൽ റൗലറ്റ് വിരുദ്ധ സമരത്തിന് ചുക്കാൻ പിടിച്ചിരുന്ന സെയ്ഫുദ്ദീൻ കിച്ച്ലുവിനെയും ഡോക്ടർ സത്യപാലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അതേത്തുടർന്ന് നടന്ന പ്രക്ഷോഭത്തിൽ ഇരുപതോളം ഇന്ത്യക്കാരും അഞ്ച് ബ്രിട്ടീഷുകാരും കൊല്ലപ്പെട്ടു.
1919 ഏപ്രിൽ 13 സിക്ക്് കൊയ്ത്തുത്സവമായ ബൈശാഖി ദിനമായിരുന്നു. പൊലീസ് അതിക്രമങ്ങളിൽ സമാധാനപരമായി പ്രതിഷേധിക്കുവാനാണ് സിക്ക് ,ഹിന്ദു മുസ്ലിം വംശജരുടെ ഒരു കൂട്ടായ്മ ജാലിയൻ വാലാബാഗ് മൈതാനത്തു തടിച്ചു കൂടിയത്.
ബൈശാഖി ഉത്സവത്തിന്റെ മേളകൾ പൊലീസ് അടച്ചു പൂട്ടിയതിനാൽ അതിനു പങ്കെടുക്കാൻ എത്തിയവരും കൂടി ചേർന്ന് ഏതാണ്ട് ഇരുപതിനായിരം പേരോളം മൈതാനത്ത് തിങ്ങിക്കൂടിയിരുന്നു, കൈക്കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളും ഉൾപ്പെടുന്ന ജനക്കൂട്ടം. ദേശസ്നേഹത്തിന്റെ മുദ്രാവാക്യങ്ങൾ അലയടിക്കുന്ന മൈതാനം.
അങ്ങേയറ്റം സമാധാനപരമായി മുന്നേറികൊണ്ടിരുന്ന ആ പ്രാർത്ഥനാസംഗമത്തിലേക്കാണ് ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് എഡ്വേർഡ് ഹാരി ഡയറിന്റെ നേതൃത്വത്തിൽ ഗൂർഖകളും ബലൂചികളും അടങ്ങിയ ഏതാണ്ട് 90 പേരുള്ള സൈനിക സംഘം ഇരച്ചെത്തിയത്. നിരായുധരെ നേരിടുവാൻ റൈഫിളും യന്ത്ര തോക്കുകളും അടങ്ങിയ സൈനിക സന്നാഹം. പ്രധാന വാതിൽ അടച്ചു യാതൊരു പ്രകോപനവും ഇല്ലാതെ അവർ വെടിവയ്പ്പ് ആരംഭിച്ചു.
ഏതാണ്ട് പത്തു മിനിറ്റോളം നീണ്ടു നിന്ന അതിക്രൂരമായ നരനായാട്ട്.ആളുകൾ തിങ്ങിയോടുന്ന പ്രദേശങ്ങളിലേക്ക് വെടിയുതിർക്കുവാൻ ജനറൽ ഡയർ നിർദ്ദേശം നൽകി. നിമിഷനേരം കൊണ്ട് മൈതാനം ശവക്കൂമ്പാരമായി മാറി. അടഞ്ഞു നിൽക്കുന്ന മതിലുകൾ ദുരന്തത്തെ ഇരട്ടിപ്പിച്ചു. വെടിവയ്പ്പിൽ നിന്നും രക്ഷപ്പെടാനായി ജനങ്ങൾ മൈതാനത്തെ ചെറിയ കിണറ്റിന്റെ ഉള്ളിലേക്കും എടുത്തു ചാടി. 120 മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ പിന്നീട് ഇവിടെ നിന്നും കണ്ടെത്തിയത്.
തിക്കിലും തിരക്കിലും പെട്ട് മരിച്ചവർ അനേകർ. 1650 റൗണ്ടോളം വെടിയുതിർത്തതിന് ശേഷം, വെടിയുണ്ടകൾ തീർന്നതിനാൽ മാത്രം അവസാനിപ്പിച്ച, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും ഭീതിദമായ കൂട്ടക്കൊല. തുടർന്ന് നഗരത്തിലെമ്പാടും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ എത്ര പേരു മരിച്ചുവെന്നോ ആരൊക്കെയാണ് മരിച്ചതെന്നോ ഉള്ള കണക്കെടുപ്പ് പോലും അസാധ്യമായ മനുഷ്യക്കുരുതി.
പഞ്ചാബ് ലെഫ്റ്റനന്റ് ഗവർണർ മൈക്കിൾ ഡയറിന്റെ തലച്ചോറിൽ വിരിഞ്ഞു ജലന്ധർ ബ്രിഗേഡിന്റെ കമാൻഡർ ജനറലായിരുന്നബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ നടപ്പിലാക്കിയ മനുഷ്യക്കുരുതിയെന്നു ജാലിയൻ വാലാബാഗ് ദുരന്തത്തെപ്പറ്റി പറയപ്പെടുന്നു .379 പേർ മരിച്ചുവെന്ന് സർക്കാരിന്റെ കണക്കെടുപ്പുകളും ഹണ്ടർ കമ്മീഷനും പറയുമ്പോൾ 1800 ലേറെ മരണമെന്ന് രക്ഷാപ്രവർത്തകരും ദൃക്സാക്ഷികളും ഉറപ്പിക്കുന്നു.
ഈ ദുരന്തത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ അങ്ങേയറ്റം മൃഗീയം എന്നാണ് അപലപിച്ചത്. ഇതേത്തുടർന്ന് ബുവർ യുദ്ധകാലത്തു ബ്രിട്ടീഷുകാർ സമ്മാനിച്ച 'കൈസർ ഇ ഹിന്ദ്" പദവി ഗാന്ധിജി ഉപേക്ഷിച്ചു .രവീന്ദ്ര നാഥ ടാഗോർ തന്റെ 'സർ" സ്ഥാനം തിരിച്ചു നൽകി. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് സമിതി അംഗമായിരുന്ന സി ശങ്കരൻ നായർ തന്റെ അംഗത്വം രാജി വച്ചു. ജനറൽ ഡയറിനു തന്റെ പദവി ഉപേക്ഷിക്കേണ്ടതായി വന്നു. ഇന്ത്യക്കാരെ ഒരു പാഠം പഠിപ്പിക്കാനായി ഡയർ ചെയ്ത ഈ പ്രവൃത്തി പിന്നീട് ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കാനുതകിയ സംഭവമായി മാറുക തന്നെ ചെയ്തു.
വർഷങ്ങൾക്കിപ്പുറം 1940 ൽ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്ററിലെ കാക്സ്റ്റൻ ഹാളിൽ നടന്ന ഒരു യോഗത്തിൽ തന്റെ പ്രഭാഷണത്തിനുശേഷം ഇരിക്കാനൊരുങ്ങിയ പഴയ ആ പഞ്ചാബ് ഗവർണർ മൈക്കിൾ ഡയറിനെ കാത്തു സർദാർ ഉധംസിങ് നിൽപ്പുണ്ടായിരുന്നു. വേട്ടയാടപ്പെട്ട തന്റെ ജനതയ്ക്കു വേണ്ടി ഉധം സിങ് വലിച്ച കാഞ്ചിക്കു മുന്നിൽ ഡയർ പിടഞ്ഞു വീണു. ദേശീയ വാദിയും ജാലിയൻ വാലാബാഗ് സംഭവത്തിന്റെ ദൃക്സാക്ഷിയുമായിരുന്ന ഉധംസിങ് ദുരന്ത മൈതാനത്തെ ചോര പുരണ്ട മണ്ണ് നിറച്ച കുപ്പിയുമായി 21 വർഷമായി പ്രതികാരാഗ്നി അണയാതെ സൂക്ഷിച്ചു കാത്തിരിക്കുകയായിരുന്നു. കാലം കാത്തു വച്ച നീതി.
ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരിക്കെ ജാലിയൻ വാലാ ബാഗ് സന്ദർശിച്ച ഡേവിഡ് കാമറോൺ സന്ദർശക പുസ്തകത്തിൽ ഇങ്ങനെ എഴുതി .'ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവം .."മാപ്പ് പറച്ചിൽ മനഃപൂർവം വിസ്മരിച്ചുള്ള ഒരു അനൗദ്യോഗിക ഖേദ പ്രകടമായിരുന്നു അത്. ഇപ്പോഴത്തെ പ്രധാനമന്ത്രി തെരേസ മേയും അഗാധമായ ദുഃഖം മാത്രം രേഖപ്പെടുത്തി സ്പഷ്ടവും ഉപാധികളില്ലാത്തതുമായ ക്ഷമാപണം എന്ന ആവശ്യത്തിൽ നിന്നൊഴിഞ്ഞു മാറിയിരിക്കുന്നു.