നാളെ വിഷു. വെളിച്ചത്തിന്റെ ഉത്സവമാണല്ലോ ഓരോ വിഷുക്കാലവും. ഓണം കഴിഞ്ഞാൽ മലയാളികൾ ഏറ്റവുമധികം കൊണ്ടാടുന്നത് വിഷുവാണെന്നതിൽ തർക്കമില്ല. കൊന്നമരം വിശുദ്ധിയോടെ പൂക്കുമ്പോൾ മലയാളികളുടെ മനസിൽ കവിയുടെ ചിന്തകൾ അലയടിക്കും. കത്തിപ്പടരുന്ന പൂക്കുറ്റികളും പൊട്ടിത്തെറിക്കുന്ന പടക്കങ്ങളും ആഘോഷമുണർത്തും. വിഷുവിന്റെ ഓർമ്മകൾ ഉള്ളിൽ എവിടെയോ ഊറിക്കൂടി കിടപ്പുണ്ട്. ഉളിയത്തുകടവിലെ നനഞ്ഞ മണ്ണിലൂടെ നടന്നു നീങ്ങിയ ബാല്യകാലം വിഷുവിന്റെ ഓർമ്മകൾ ഉണർത്തിക്കൊണ്ടിരുന്നു. ഒളവറപ്പാലത്തിലൂടെ കൽക്കരി തിന്ന് കൂകിപ്പായുന്ന തീവണ്ടി ആകാംക്ഷ നിറക്കുമായിരുന്നു.
സ്കൂളിൽ നിന്നു നോക്കിയാൽ പടിഞ്ഞാറുഭാഗത്തായി ഉളിയത്തു കടവ് കാണാമായിരുന്നു. ഗാന്ധിജിയെക്കുറിച്ച് പറയാൻ തുടങ്ങിയാൽ നാരായണൻ മാഷിന് നിർത്താനാവില്ല ഗാന്ധിജിയെ പരമാർശിക്കുന്ന കൂട്ടത്തിലാണ് മാഷ് വിനോബാഭാവെയെപ്പറ്റി പ്രതിപാദിച്ചത്. ഭൂദാനയജ്ഞത്തിന്റെ നേതാവായിരുന്നു അദ്ദേഹം. മനം മാറ്റത്തിലൂടെ ഭൂമി സാധാരണക്കാർക്ക് ലഭ്യമാക്കാൻ അദ്ദേഹം നടത്തിയ യാത്രയെക്കുറിച്ചും മാസ്റ്റർ പറഞ്ഞിരുന്നു. ഞങ്ങളുടെ നാട്ടിൽ ഒരിക്കൽ വിനോബാഭാവെ വന്നിരുന്നു.
ജ്യേഷ്ഠത്തിയുടെ കൂടെ കാണാൻ പോയത് ഓർമ്മയിലുണ്ട്. ലളിതവസ്ത്രം ധരിച്ച വിനോബാജി പതുക്കെയാണ് സംസാരിച്ചത്. ഭാഷയറിയാതിരുന്ന ഞങ്ങൾ നോക്കിയിരുന്നതേയുള്ളൂ. എങ്കിലും ആ രൂപത്തിൽ എന്തോ ആകർഷണീയത ഉണ്ടായിരുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം വിനോബാജിയുടെ ശിഷ്യൻമാരിൽ ഒരാളായ സേവാറാമിന്റെ കൈയിൽ നിന്നും വിഷുക്കൈ നീട്ടം വാങ്ങാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി അനുഭവപ്പെട്ടിരുന്നു. ആദ്യത്തെ വിഷുകൈനീട്ടം തന്നത് വിനോബാജിയുടെ ശിഷ്യൻ സേവാറാം ആണ്. അദ്ദേഹം ഞങ്ങളുടെ നാട്ടുകാരനാണ്. തെക്കൻ കർണാടകത്തിലെ കാർക്കള എന്ന സ്ഥലത്താണ് സേവാറാം താമസിച്ചിരുന്നത്. അവിടെ ഗൊമ്മടേശ്വര ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പഴയൊരു വീടായിരുന്നു അദ്ദേഹത്തിന്റെ ആശ്രമം. സർവോദയത്തിലും ഖാദിയിലും പ്രവർത്തിക്കുന്നവർ അവിടത്തെ അന്തേവസികളായിരുന്നു.
അവിചാരിതമായാണ് ഞങ്ങളുടെ ജീവിതം കാർക്കളയിലേക്ക് പറിച്ചു നടേണ്ടിവന്നത്. അച്ഛന് സേവാറാമിനെ അറിയാമായിരുന്നു. ആ ബന്ധമാണ് ഞങ്ങളെ കാർക്കളിയിലേക്ക് നയിച്ചത്. മംഗലാപുരം വരെ വണ്ടിയിലും പിന്നെ ബസിലുമായാണ് ഞങ്ങളുടെ സഞ്ചാരം നീണ്ടത്. റോഡുകൾക്ക് പാലമില്ലായിരുന്നു. ഓരോ കടവും ഇറങ്ങിക്കയറിയാണ് കാർക്കളയിലെത്തിയത്. നഗരത്തിന്റെ പടിഞ്ഞാറുവശത്തായുള്ള വാടകവീട് സേവാറാം ഏർപ്പാടാക്കിയിരുന്നു.
ദൂരെ കുന്നിൻച്ചരിവിൽ പനകൾ വളർന്നു നിന്നിരുന്നു. കൊയ്തൊഴിഞ്ഞ വയലുകൾ വരണ്ടിരുന്നു. യു.പി ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടി വന്നതിലുള്ള പ്രയാസം ഏറെയായിരുന്നു. വ്യക്തികൾ നാടുവിട്ട് പോകാറുണ്ട്. കുടുംബം നാടു വിടുന്നത് അപൂർവമായിരിക്കും. ഒരു പക്ഷേ ഞങ്ങളുടെ കുടുംബത്തിന് മാത്രം ചേർന്നതും. കാപ്പാട്ട് കാവിലെ വെളിച്ചപ്പാട് എഴുന്നള്ളത്തിന്റെ ഭാഗമായി വീട്ടിലെത്തുമ്പോൾ അച്ഛന്റെ തലയിൽ കൈവച്ച് പ്രത്യേകം അനുഗ്രഹിക്കുമായിരുന്നു. ഭാഗ്യം പൊലിയിച്ചു കൊള്ളാം എന്നാണ് അനുഗ്രഹിച്ചിരുന്നത്. പക്ഷേ ആ ഭാഗ്യം ഞങ്ങൾക്കില്ലായിരുന്നു.
മീനമാസം അവസാനത്തിലാണ് ഞങ്ങൾ കാർക്കളയിലെത്തിയത്. വിഷുവിന് ഏതാനും ദിവസങ്ങളേ ഉണ്ടായിരുന്നുള്ളൂ. നാട്ടിൽ പടക്കങ്ങൾ പൊട്ടിത്തുടങ്ങിയിരുന്നു. തീർത്തും വേറിട്ട ഒരു നാട്ടിൽ എന്ത് വിഷുവാഘോഷം. വിഷുക്കണിക്ക് കൊന്നപ്പൂക്കൾ പറിച്ചു കൊണ്ടുവരാൻ എന്നോടാണ് ആവശ്യപ്പെടാറ്. മേടം പിറക്കുന്നതിന് മുന്നേ തന്നെ നാടെങ്ങും കൊന്നപ്പൂക്കൾ തൂങ്ങിയാടുമായിരുന്നു. കുലമാങ്ങകളും ചക്കയും വെള്ളരിക്കയുമെല്ലാം കണിവയ്ക്കണം. വിത്തും കൈക്കോട്ടും ചേർന്ന ഒരാത്മബന്ധം ജീവിതത്തെ എന്നും ഉത്സാഹിപ്പിച്ചിരുന്നു.
തുല്യമായ അവസ്ഥയെയാണ് വിഷു സൂചിപ്പിക്കുന്നതെന്ന് പറയാറുണ്ട്. കാർഷിക സമൃദ്ധിയാണ് വിഷു ലക്ഷ്യം വയ്ക്കുന്നത്. തിരുവോണത്തിന് ഓണപ്പുടവപോലെ വിഷുവിന് കൈ നീട്ടമാണ് പ്രധാനം. ഒരു വർഷത്തെ ഫലമാണ് കൈനീട്ടത്തിൽ അടങ്ങിയിരിക്കുന്നത്. ഉദാത്തമായ വിശ്വാസങ്ങൾ മനുഷ്യാവസ്ഥയെ എന്നും പ്രചോദിപ്പിക്കുന്നതാണ്. കർണാടകത്തിലായതു കൊണ്ട് പടക്കങ്ങൾ പൊട്ടുന്നുണ്ടായിരുന്നില്ല. കണിവയ്ക്കണ്ടേ എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞത് വിളക്ക് കണി കണ്ടാൽ മതി എന്നാണ്. വെളിച്ചം തന്നെയാണ് കണി കാണാനുള്ളത്. പകൽ വെളിച്ചത്തിലേക്ക് പോവുക എന്നത് പഴയ ഈജിപ്ഷ്യൻ ചൊല്ലാണ്.
വിഷുദിവസം രാവിലെ തന്നെ ഉണർന്നിരുന്നു. നാട്ടിലുള്ളപ്പോൾ ക്ഷേത്രക്കുളത്തിൽ ചെന്നാണ് കുളിച്ചിരുന്നത്. ശില്പികളുടെ നാടായ കാർക്കളയിൽ ക്ഷേത്രക്കുളമുണ്ടെങ്കിലും അപരിചിതത്വം ഞങ്ങളെ വിലക്കി. കുളിച്ച് ട്രൗസറും കുപ്പായവുമിട്ട് ഞങ്ങൾ കാത്തിരിപ്പായി. അച്ഛൻ റോഡിലിറങ്ങി നോക്കുന്നുണ്ടായിരുന്നു. ഏറെ കാത്തിരിക്കേണ്ടി വന്നില്ല. സേവാറാം പതുക്കെ നടന്നു വന്നു. അച്ഛൻ മുറ്റത്തിറങ്ങി സ്വീകരിച്ചു. പുതച്ചിരുന്നു വേഷ്ടി ശരിപ്പെടുത്തിക്കൊണ്ട് അദ്ദേഹം വരാന്തയിൽ കയറി. അച്ഛൻ നീക്കിയിട്ട കസേരയിലിരുന്നു. അദ്ദേഹം ഏതോ വചനം ഉരുവിടുന്നുണ്ടായിരുന്നു.
അച്ഛനും അമ്മയും ഞാനും അനുജത്തിയും വരാന്തയിൽ വന്നു നിന്നു. ചായ കൊണ്ടു വരട്ടെ എന്ന് അച്ഛൻ ചോദിച്ചു. വേണ്ടെന്ന് ഉത്തരം കിട്ടി. കണിവച്ചില്ലേ? അദ്ദേഹം ആരാഞ്ഞു, വിളക്ക് കത്തിച്ചതേയുള്ളൂ എന്ന് അമ്മ പറഞ്ഞു. വെളിച്ചം തന്നെയാണ് കണി, അദ്ദേഹം സ്വയം പറഞ്ഞു.അല്പം കഴിഞ്ഞ് അദ്ദേഹം മടിക്കുത്തിൽ തിരുകിയിരുന്ന തുണി സഞ്ചി അഴിച്ചു. ഒരു രൂപയുടെ പുത്തൻ നോട്ടുകൾ പുറത്തെടുത്തു. എന്തു കൊണ്ടോ ആദ്യം വിളിച്ചത് എന്നെയാണ്. ഒരു രൂപയുടെ നോട്ട് എന്റെ നേരെ നീട്ടി. രണ്ടു കൈയ്യും നീട്ടി അത് വാങ്ങി. നോട്ട് കണ്ണിൽ ചേർത്തു വച്ചു. എനിക്കു പിന്നാലെ മറ്റുള്ളവരും കൈനീട്ടം വാങ്ങി. അദ്ദേഹം കുറച്ചു നേരം സംസാരിച്ചിരുന്നു. വിഷുവിനെപ്പറ്റിയാണ് അദ്ദേഹം പ്രതിപാദിച്ചത്.
അദ്ദേഹം യാത്ര പറഞ്ഞിറങ്ങിയപ്പോൾ അച്ഛൻ കുറെ ദൂരം ചെന്നു. ജീവിതത്തിലെ അസുലഭ നിമിഷത്തിന്റെ നിർവൃതിയിലായിരുന്നു ഞങ്ങൾ. മുമ്പ് നാട്ടിലായിരിക്കെ ചെറിയമ്മാവൻ ഓട്ടമുക്കാൽ കൈനീട്ടം തന്നിരുന്നു. ഓട്ടമുക്കാൽ അരയിൽ കെട്ടിയ കറുപ്പ് നൂലിൽ കോർത്തിടുമായിരുന്നു. മൂന്നു നാലു ദിവസം അങ്ങനെ ആ മുക്കാൽ നൂലിൽ കിടക്കും. പിന്നെ അതിന് വല്ലതു വാങ്ങി തിന്നും. കൈ നീട്ടം കിട്ടിയ രൂപക്കു വേണ്ടി അച്ഛൻ കൈ നീട്ടിയിരുന്നു. ഞാൻ കൊടുത്തില്ല. വളരെകാലം പഴയ നോട്ടുബുക്കിലെ പേജിനിടയിൽ ആ ഒരു രൂപ കിടന്നിരുന്നു. പിന്നെ അത് നഷ്ടപ്പെട്ടു. അദ്ധ്വാനത്തിന്റെയും ഉത്സാഹത്തിന്റെയും ആഘോഷമായ വിഷു മനുഷ്യ ജീവിതത്തെ നന്മയുടെ വഴികളിലേക്ക് നയിക്കുന്നതാണ്. കൂട്ടായി പണിയെടുത്ത ഒരു കാലഘട്ടത്തെ കണികണ്ട് ഉണരാൻ ആണ് ഇന്ന് വിഷു പ്രേരിപ്പിക്കുന്നത്.
മണ്ണും മഴയും പുഴയും ജീവജാലങ്ങളും ചേർന്ന പ്രകൃതിയിലേക്ക് മടങ്ങണം എന്നാണ് വിഷു ഉപദേശിക്കുന്നത്. നാടായ നാടെല്ലാം നന്മകൾ വിളയുമ്പോഴും ആദ്യത്തെ കൈനീട്ടത്തിന്റെ സ്മരണ മങ്ങാതെ നിലനിൽക്കുന്നു.