മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനാണ് ബാലചന്ദ്രമേനോൻ. ചിരിയോ ചിരി, കാര്യം നിസാരം, അമ്മയാണെ സത്യം തുടങ്ങി എത്രയോ സിനിമകളിലൂടെ കുടുംബപ്രേക്ഷകരുടെ മനംകവർന്നിരിക്കുന്നു അദ്ദേഹം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം...ബാലചന്ദ്ര മേനോൻ എന്നു കാണുവാൻ തന്നെ ജനം ഒരുകാലത്ത് തിയേറ്ററുകളിലേക്ക് ഒഴുകിയിരുന്നു. നാലു പതിറ്റാണ്ടുകൾ കടന്നിരിക്കുന്നു മലയാളസിനിമയിലെ ഈ മേനോൻ ഇഫക്ട്. പിന്നിട്ട വഴികളും പുതിയ വിശേഷങ്ങളും പങ്കുവയ്ക്കുയാണ് ബാലചന്ദ്രമേനോൻ.
അടുത്തിടെ ഫേസ്ബുക്കിൽ കാണുകയുണ്ടായി 'ഫിലിമി ഫ്രൈഡേയ്സ്" എന്ന താങ്കളുടെ യൂ ട്യൂബ് ചാനലിനെ കുറിച്ച്. എന്താണ് ഫിലിമി ഫ്രൈ ഡേയ്സ്?
യൂ ട്യൂബിൽ ഞാൻ പുതിയൊരു പ്ളാറ്റ്ഫോം സൃഷ്ടിച്ചിരിക്കുകയാണ്. എനിക്ക് പറയേണ്ട കാര്യങ്ങൾ പറയാൻ ഒരു വേദി. മുമ്പ് ഇടയ്ക്കും തലയ്ക്കും പറഞ്ഞുകൊണ്ടിരുന്നത് സിസ്റ്റമാറ്റിക് ആയിട്ട് പറയണമെന്ന് തോന്നി. അതിനാണ് ഫിലിമി ഫ്രൈ ഡേയ്സ്.
ഞാനെന്നും വാശിക്കാരനായിരുന്നു. വിജയിച്ചാലും ഇല്ലെങ്കിലും ശ്രമിക്കുക എന്നത് എന്റെ ശീലമാണ്. 'അമ്മയാണെ സത്യം" എന്ന താങ്കളുടെ പുസ്തകത്തിലെ വാചകമാണിത്. ആരാണ് ബാലചന്ദ്രമേനോനെ വാശിക്കാരനാക്കിയത്?
ആരാണ് എന്നെ വാശിക്കാരനാക്കിയതെന്ന് ചോദിച്ചാൽ, നിന്നെ എന്തിനു കൊള്ളാമെന്ന് എന്നോട് ചോദിച്ചവർ തന്നെയാണ്. ഒരുപാട് പേർ എന്നെ വിലകുറച്ചു കണ്ടിട്ടുണ്ട്. ഇപ്പോഴും മലയാളസിനിമയിൽ ബാലചന്ദ്രമേനോനെ വിലകുറച്ചു കാണുന്നവർ ധാരാളമാണ്.
ജേർണലിസത്തിൽ സ്വർണ മെഡൽ നേടി ഒരു സിനിമാ വാരികയുടെ ലേഖകനായാണ് താങ്കൾ മദ്രാസിലേക്ക് വണ്ടി കയറുന്നത്. എന്താണ് മദ്രാസ് ജീവിതം പഠിപ്പിച്ചത്?
മദ്രാസ് ജീവിതമാണ് എന്റെ പാഠശാല. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ആഗ്രഹിച്ച എനിക്കു കിട്ടിയ ഏറ്റവും വലിയ പ്രായോഗിക പരിശീലനമായിരുന്നു കോടമ്പാക്കം യാത്രകൾ. പത്രപ്രവർത്തനമാണ് ശരിക്കു പറഞ്ഞാൽ എന്നെ സിനിമയിലേക്ക് അടുപ്പിച്ച മാദ്ധ്യമമായി മാറിയത്. അതെനിക്ക് വലിയൊരു സമ്പത്തായിരുന്നു.
സിനിമയിൽ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിത്വം പ്രേംനസീർ ആയിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. താൻ വളരുന്നതിനൊപ്പം ചുറ്റുമുള്ള ലോകത്തെയും വളർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നും. നമ്മുടെ പുതുതലമുറ നായകന്മാർ അങ്ങനെയല്ലെന്നാണോ?
തന്നോടൊപ്പം ചുറ്റുമുള്ള ലോകവും വളരണമെന്ന് വളരെയധികം ആഗ്രഹിച്ച കലാകാരനാണ് പ്രേംനസീർ. ആ ചിന്ത ഇന്ന് എത്രപേർക്ക് ഉണ്ടെന്ന കാര്യം ഒന്നന്വേഷിക്കണം. വളരെ ദൗർഭാഗ്യകരമാണത്. എല്ലാവരും ഒരുമിച്ചു പോകേണ്ട മേഖലയാണ് സിനിമ.
അടുത്തിടെ ഉയർന്നുകേട്ട 'ആർപ്പോ ആർത്തവം" എന്ന വാക്കിനെ നിശിതമായി വിമർശിക്കുകയുണ്ടായി?
സ്ത്രീയെയും പുരുഷനെയും പരസ്പരം വേർതിരിച്ചു നിറുത്തി കലഹിപ്പിച്ചു ജീവിക്കുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ട്. സ്ത്രീ സമത്വം, പെണ്ണെഴുത്ത്, പെൺ സാഹിത്യം എന്നൊക്കെ പറഞ്ഞ് ഇവരെ മനപൂർവമായി വിഭാഗീകരിച്ച് കാണിച്ച്, അവരിൽ പ്രശ്നമുണ്ടാക്കി അതിനിടയിൽ കിട്ടുന്ന ലാഭമുണ്ടാക്കുന്നവർ. യഥാർത്ഥത്തിൽ സ്ത്രീയും പുരുഷനും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് കരുതുന്നയാളാണ് ഞാൻ. പിന്നെ ഫേസ്ബുക്കിൽ എഴുതിയത് മാസ്ട്രുബേഷനെ കുറിച്ചാണ്. ആ വാക്കെടുത്ത് നാലോ അഞ്ചോ സ്ത്രീകൾ ചുറ്റുമിരുന്ന് അതിനെ വർണിച്ച് വിവരിച്ചു കഴിഞ്ഞാൽ സ്ത്രീ സമത്വമുണ്ടാകുമോ എന്നാണ് ചോദിച്ചത്. ഇപ്പോഴും അത് ഞാൻ ചോദിക്കുന്നു.
മലയാളസിനിമയിൽ ഒരുപിടി മികച്ച അഭിനേത്രികളെ സംഭാവന ചെയ്തിട്ടുള്ളയാളാണ് താങ്കൾ. ഇതിൽ ബാലചന്ദ്രമേനോന്റെ ഏറ്റവും പ്രിയപ്പെട്ട നായിക ആരാണ്?
ബാലചന്ദ്രമേനോനെന്ന് പറഞ്ഞാൽ മലയാള സിനിമയിലേക്ക് നായികമാരെ സംഭാവന ചെയ്യാനുള്ള ആളെന്നു വിശേഷിപ്പിക്കുന്നതു തന്നെ എനിക്കിഷ്ടമല്ല. അവർ വന്നു, അവരുടെ ജോലി ചെയ്തു. ബാലചന്ദ്രമേനോൻ അവതരിപ്പിച്ചതുകൊണ്ടല്ല പ്രേക്ഷകർ അവരെ ഇഷ്ടപ്പെട്ടത്. മറിച്ച് അവർ നന്നായി അഭിനയിച്ചതു കൊണ്ടുതന്നെയാണ്. പക്ഷേ ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു നായികയെ എന്റെ ചിത്രത്തിൽ വീണ്ടും ഞാൻ അഭിനയിപ്പിച്ചിട്ടില്ല. അതിന്റെ ഉത്തരം 'ഫിലിമി ഫ്രൈഡേയ്സ്" നൽകും.
താരസംഘടനയായ അമ്മ ഒരു ചെണ്ടയായി മാറിയിരിക്കുന്നുവെന്ന പരാമർശം കുറച്ചു നാളുകൾക്ക് മുമ്പ് നടത്തിയിരുന്നു. ഇപ്പോഴും അതേ അഭിപ്രായമാണോ?
എന്റെ മുറിയിൽ വച്ചാണ് 'അമ്മ" എന്നു പറഞ്ഞ ഒരു സംഗതിയുടെ ബീജാവഹം നടക്കുന്നത്. ഞാനല്ല തുടങ്ങിയത്. എന്റെ സുഹൃത്തായിരുന്ന വേണുനാഗവള്ളിയാണ് മുരളിയേയും വിളിച്ചുകൊണ്ട് എന്റെ മുറിയിൽ വരുന്നത്. അങ്ങനെയൊക്കെ തുടങ്ങിയതാണ് അമ്മ. അവരിപ്പോൾ ഒരുപാട് മുമ്പോട്ട് പോയി. ഞാൻ ഒരു തവണ അതിന്റെ സെക്രട്ടറിയായിരുന്നു. ഉത്തരവാദിത്വമുള്ള സംഘടന തന്നെയാണ് അമ്മ. എത്രയോ പേർക്കാണ് അതിൽ നിന്ന് കൈനീട്ടം എന്ന പേരിൽ പെൻഷൻ പോലെ ഒരു തുക ലഭിക്കുന്നത്. അതൊക്കെ നല്ല കാര്യമല്ലേ? പിന്നെ അമ്മയെ തകർക്കണമെന്നൊക്കെ പറയുന്നതൊന്നും ശരിയല്ല. ഒരു താരം കാണിച്ച അഹന്തയ്ക്കോ അറിവില്ലായ്മയ്ക്കോ താരസംഘടനയായ 'അമ്മ"യെ കുറ്റപ്പെടുത്തരുത്. അതിൽ പെട്ട ഒരുതാരം പുറത്തിറങ്ങിയിട്ട് ഒരാളെ തെറിവിളിച്ചാൽ അമ്മ മോശമാണെന്ന് പറയുന്നതെങ്ങനെയാണ്? അമ്മയിൽ യോഗ്യന്മാരായ ആൾക്കാരുമുണ്ടല്ലോ?
ബാലചന്ദ്രമേനോൻ മലയാള സിനിമയിലെ മഹാബലിയാകുന്നത് എന്തുകൊണ്ടാണ്? വിശേഷണം താങ്കളുടേത് തന്നെയാണ്?
എന്നെ നിങ്ങൾ ഒരു പകരക്കാരനായി കാണരുത്. കഥ എഴുതുന്ന സമയത്ത് എന്റെ മുഖം ഓർമ്മ വന്നെങ്കിൽ മാത്രമേ എന്നെ വിളിക്കാവൂ. ഞാൻ ചോദിക്കുന്ന പ്രതിഫലം, അത് ചെറുതോ വലുതോ എന്ന് നിങ്ങൾ നിശ്ചയിച്ചുകൊള്ളൂ, അത് എനിക്ക് ലഭിക്കണം. ചിത്രത്തിന്റെ സംവിധായകനോ തിരക്കഥാകൃത്തോ വന്ന് എന്നോട് അതേക്കുറിച്ച് പറയണം. ഒരു കാര്യം വ്യക്തമാക്കട്ടെ, ഞാൻ മലയാളസിനിമയ്ക്ക് ചെയ്ത ഏറ്റവും വലിയ സേവനം എന്നു പറയുന്നത് ഞാൻ ഉപേക്ഷിച്ച ചിത്രങ്ങൾ തന്നെയാണ്.
സിനിമാക്കാർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് എന്താണ് അഭിപ്രായം?
അതിനെന്താ കുഴപ്പം? നമ്മുടെ ഭരണഘടന അതിനവർക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ടല്ലോ. ഒരു മന്ത്രിയാകണമെങ്കിൽ എസ്.എസ്.എൽ.സി പോലും പാസാകണമെന്ന് നിയമമില്ലാത്ത രാജ്യത്ത് സിനിമാക്കാരെ എന്തിനാണ് നമ്മൾ തടയുന്നത്. സിനിമാക്കാരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരാണ്. 1984ൽ എനിക്ക് പത്മശ്രീ ലഭിക്കേണ്ടതായിരുന്നു. അതിനുള്ള എല്ലാ അവസരവും അന്ന് ഒത്തുവന്നിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ ഈ തലമുറയിൽ ആദ്യം പത്മശ്രീ ലഭിക്കേണ്ടത് എനിക്കായിരുന്നു. 2007ലാണ് എനിക്കു കിട്ടിയത്. ഏതാണ്ട് അതേ കാലത്ത് തിരുവനന്തപുരം പാർലമെന്റിലോ, മറ്റേതെങ്കിലും മണ്ഡലത്തിലോ മത്സരിക്കേണ്ടയാളാണ് ഞാൻ. അന്നെനിക്ക് പോകാമായിരുന്നു. പക്ഷേ സ്വസ്ഥമായ മനസോടെ ഇരിക്കാനാണ് എനിക്കിഷ്ടം.
ഒരു ബാലചന്ദ്രമേനോൻ ചിത്രം ഇനി പ്രതീക്ഷിക്കാമോ?
തീർച്ചയായും, ആരോഗ്യമുള്ളിടത്തോളം കാലം എനിക്ക് ദൈവം തന്ന അറിയാവുന്ന നല്ലൊരു പണി എന്നു പറയുന്നത് സിനിമ തന്നെയാണ്. സിനിമയുടെ പ്രാധാന്യം കുറച്ചിട്ടല്ല യൂ ട്യൂബ് ചാനലുമായി വരുന്നത്. സിനിമ എന്റെ ഉള്ളിൽ എന്നുമുണ്ട്.