ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ് നടനുമായ ജെ.കെ. റിതേഷ് അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണം. രാമനാഥ പുരത്തെ മുൻ എംപിയായിരുന്നു അദ്ദേഹം. രാമനാഥ പുരത്ത് നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശിവകുമാർ എന്ന റിതേഷ് എ.ഐ.എ.ഡി.എം.കെയുടെ എം.ജി.ആർ യൂത്ത് വിംഗ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. 2014ൽ ജയലളിതയുടെ സാന്നിദ്ധ്യത്തിലായിരുന്നു എ.ഐ.എ.ഡി.എം.കെയിൽ ചേർന്നത്. എം.കെ. അഴഗിരിയുടെ അടുത്ത അനുയായിയായിരുന്നു. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നായഗൻ എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു. ആർ.ജെ ബാലാജി നായകനായ എൽ.കെ.ജിയാണ് അവസാനം റിലീസ് ചെയ്ത ചിത്രം. 2009ലാണ് രാമനാഥപുരത്തു നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.