മലയാളികൾക്ക് ഐശ്വര്യത്തിന്റെ പൊൻകണിയൊരുക്കി ഒരു വിഷുകൂടി വരവായി. വിഷുവെന്ന് കേട്ടാൽ ഇല കൊഴിച്ച് പൊന്നിൻ നിറമുള്ള പൂക്കളുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന കണിക്കൊന്നകളാണ് മനസിലേക്ക് ഓടിയെത്തുന്നത്.
എന്നാൽ വിഷുവിന് കണിയൊരുക്കുന്നതിനായി നാടാകെ കണ്ണിന് കുളിർമയേകി നിൽക്കുന്ന കൊന്നമരത്തെ വെട്ടി നശിപ്പിച്ച് പൂക്കൾ അപ്പാടെ ശേഖരിക്കുന്നതിനെ വിമർശിച്ച് കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബിജു കാരക്കോണം. ആരെയും കൊന്നിട്ടില്ലെങ്കിലും കൊന്നമരം എന്ന പേരുദോഷം കൊണ്ടാണോ എന്നറിയില്ല പല മരങ്ങളെയും വിഷുക്കണി വെക്കാനെന്ന പേരിൽ കൊന്നുതള്ളുന്നവെന്നാണ് അദ്ദേഹം പരിഭവിച്ചുകൊണ്ട് എഴുതുന്നത്. പ്രകൃതി ഒരുക്കിയ കണിയെ മനുഷ്യന്റെ കച്ചവട കണ്ണുകൾ പിച്ചിചീന്താൻ തുടങ്ങിയിരിക്കുകയാണെന്നും, വീട്ടിൽ ഒരു മരം നട്ടുവളർത്തി കണിവെക്കാൻ കഴിയാത്തവർ കണിവെക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
"സേവ് കണികൊന്ന "
# Save Kanikkonna .
വീണ്ടുമൊരു വിഷു വരവായി, നാട്ടിലൊക്കെ കണിക്കൊന്ന പൂവിട്ടു നിൽക്കുന്ന കാഴ്ച വളരെ ഹൃദയഹാരിയാണ്. ആരെയും കൊന്നിട്ടില്ലെങ്കിലും കൊന്നമരം എന്ന പേരുദോഷം കൊണ്ടാണോ എന്നറിയില്ല പല മരങ്ങളെയും വിഷുക്കണി വെക്കാനെന്ന പേരിൽ കൊന്നുതള്ളുന്നു.
പ്രകൃതി ഒരുക്കിയ കണിയെ മനുഷ്യന്റെ കച്ചവട കണ്ണുകൾ പിച്ചിചീന്താൻ തുടങ്ങിക്കഴിഞ്ഞു.മുന്ന് ദിവസം മുൻപ് ഒരു വലിയ കണികൊന്നമരത്തിൽ നിന്നും പൂത്തുനിൽക്കുന്ന കൊമ്പുകൾ വെട്ടി പ്ലാസ്റ്റിക് കവറുകളിലാക്കി ഓട്ടോയിൽ കയറ്റുന്ന കാഴ്ച ഒരു യാത്രയുടെ മധ്യേ കാണാൻ കഴിഞ്ഞു. ഒരാഴ്ചയോളം വിഷുവിനുണ്ടെന്നിരിക്കെ ആ കൊണ്ടുപോയ പൂക്കളിൽ ഒരു പൂക്കുല പോലും വിഷുവിന് കൊഴിയാതെ കിട്ടുമെന്ന് തോന്നുന്നില്ല. ഇത്തരം നടപടികളെ എതിർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഒരു പൂക്കുല അടർത്തി എടുത്തു കണി വെക്കുന്നതു പോലെയല്ല മരങ്ങൾ മുഴുവനായി നശിപ്പിച്ചു കൊണ്ട് നടത്തുന്ന കച്ചവടങ്ങൾ. ആൾക്കാർ വാങ്ങി വീട്ടിൽ കൊണ്ടു പോകുന്നതിന്റെ നൂറിരട്ടിയാണ് വെറുതെ വിൽക്കാതെ നശിച്ചുപോകുന്നത്.
വീട്ടിൽ ഒരു മരം നട്ടുവളർത്തി കണിവെക്കാൻ കഴിയാത്തവർ കണിവെക്കരുത്.
ഈശ്വരന്റ ഐശ്വര്യം കിട്ടുന്നതിനു വേണ്ടിയാണ് കണി വെക്കുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി, ഈശ്വരന്റെ സൃഷ്ടിയിലെ മറ്റൊരു ജീവജാലമാണു പൂമ്പാറ്റകളും കിളികളും അണ്ണാനും തേനീച്ചയും അവരുടെ അന്നത്തെ ഇല്ലാതാക്കിയിട്ടു ഈ പൂക്കുലകളെടുത്തു കണ്ണ് മുൻപിൽ വച്ചാൽ അതിൽ മയങ്ങി വീണു നിങ്ങൾക്കനുഗ്രഹം തരാൻ ,കണ്ണൻ മണ്ടനല്ല !
നമ്മളെ പോലെ മറ്റു ജീവജാലങ്ങളെ സ്നേഹിക്കുകയും അവരെ ജീവിക്കാൻ അനുവദിക്കുന്നവരിലെ ദൈവം കൂടെ വരൂ. ദൈവങ്ങൾ മണ്ടൻമാരാണെന്ന് വിചാരിക്കരുത്. വിതച്ചാലെ കൊയ്യാൻ പറ്റൂ.
പൊതുസ്ഥലങ്ങളിൽ കണികൊന്നമരങ്ങൾ സംരക്ഷിക്കാൻ അധികാരികൾ നടപടി എടുക്കണം. കച്ചവടത്തിനായി നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കാൻ അധികാര വർഗ്ഗത്തിന് കഴിവുണ്ടാകണം .
ഇത്രയും പറയുന്നതുകൊണ്ട് എനിക്കെന്തെങ്കിലും മുദ്ര ചാർത്തി തരാൻ ശ്രമിക്കണ്ട. ഞാൻ ഒരു ഈശ്വരവിശ്വാസിയും പ്രകൃതി സ്നേഹിയുമാണ്. ഞങ്ങളും എല്ലാ വർഷവും വിഷുക്കണി വെയ്ക്കും .
ഒരാചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും എതിരെയല്ല
ഇതു പറഞ്ഞത്.അടുത്ത കുറെ വർഷമായി വിഷുക്കാലത്തു കണ്ടു വരുന്ന കച്ചവടത്തിന്റെ പേരിൽ നടത്തുന്ന ഈ നശീകരണത്തിന് എതിരെയാണു.
WISHING YOU ALL A HAPPY AND PROSPEROUS VISHU