modi-amit-shah

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ അടുത്ത ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരിക്കുമെന്ന് ഡൽഹി മുഖ്യമന്തി അരവിന്ദ് കേജ്‌രിവാൾ. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഗോവയിലെ പൊതുറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ ലോക്‌സഭാ സീറ്റുകളിലും മൂന്ന് നിയമസഭാ സീറ്റുകളിലും ഇത്തവണ ബി.ജെ.പി മത്സരിക്കുന്നുണ്ട്.

"മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയാൽ പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ ആയിരിക്കും ആഭ്യന്തരമന്ത്രി. അമിത്ഷാ ആദ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൽ.കെ അദ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധി നഗറിൽ നിന്നുമാണ് അമിത് ഷാ ഇത്തവണ മത്സരിക്കുന്നത്. അമിത് ഷാ അടുത്ത ആഭ്യന്തരമന്ത്രിയായാൽ രാജ്യത്ത് സംഭവിക്കുന്ന കാര്യം ഒന്ന് ചിന്തിച്ചു നോക്കൂ"വെന്നും കേജ്‌രിവാൾ ചോദിച്ചു.

അമിത് ഷാ ആഭ്യന്തരമന്ത്രി ആവുകയാണെങ്കിൽ ഗോവയിലെ സാമ്പത്തിക വ്യവസ്ഥിതി തകർന്നുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവയിൽ ഇതുവരെ ആൾക്കൂട്ട കൊലപാതകം നടന്നിട്ടില്ല. ബി.ജെ.പി തിരിച്ചധികാരത്തിലെത്തിയാൽ ഗോവയിലെ സ്ഥിതി മാറും. വിദേശികൾ ഏറെ എത്തുന്ന സ്ഥലമാണ് ഗോവ. ഇത്തരത്തിലുള്ള സംഭവങ്ങൾ ഗോവയിൽ ഉണ്ടായാൽ വിദേശ സഞ്ചാരികൾ എത്തുന്നത് കുറയുമെന്നും അത് സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയെയും ഭരണഘടനെയെയും സംരക്ഷിക്കുകയാണ് ആവശ്യം. ഹിറ്റ്‌ലർ ജർമനിയിൽ ചാൻസിലറായി അധികാരത്തിലെത്തിയപ്പോൾ മൂന്ന് മാസം കൊണ്ട് അദ്ദേഹം തിരഞ്ഞെടുപ്പും ഭരണഘടനയെയും പാടെ മാറ്റി. ഈ മാതൃക തന്നെയാണ് ബി.ജെ.പിയും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി വീണ്ടും അധികാരത്തിലെത്തണമെന്നും അങ്ങനെയാണെങ്കിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നും പാകിസ്ഥാൻ പ്രാധാനമന്ത്രി ഇമ്രാൻഖാൻ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇമ്രാൻ ഇങ്ങനെ പറയുന്നതെന്നും,​ മോദി വിജയിക്കാൻ ഇമ്രാൻ ആഗ്രഹിക്കുന്നത് എന്തിനാണെന്നും കേജ്‌രിവാൾ ചോദിച്ചു.