kannanthanam

കൊച്ചി : എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ അൽഫോൺസ് കണ്ണന്താനം ട്രോളൻമാർക്ക് എന്നും ഇഷ്ട കഥാപാത്രമാണ്. മറയില്ലാതെ എല്ലാം സ്വന്തം ശൈലിയിൽ നാട്യമില്ലാതെ തുറന്നടിക്കുന്ന സൗമ്യശീലനായ ഈ മുൻ ഐ.എ.എസുകാരനെ സമൂഹമാദ്ധ്യമത്തിലടക്കം ലൈവായി നിർത്തുന്നതിൽ ട്രോളർമാർ കുറച്ചൊന്നുമല്ല പങ്ക് വഹിച്ചിരിക്കുന്നത്. എന്നാൽ ഒരു പണിയുമെടുക്കാതെ തന്റെ പിന്നാലെ കൂടി ട്രോളുന്നവരോട് അൽഫോൺസ് കണ്ണന്താനത്തിന് പറയാനുള്ളത് താനാരാണെന്നും എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്നും ഓർക്കണം എന്നായിരുന്നു.

ഒരു ഗ്രാമത്തിൽ ജനിച്ച് മണ്ണെണ്ണ വിളക്കിന് മുൻപിലിരുന്ന് പഠിച്ചാണ് താൻ ഐ.എ.എസ് നേടിയത് . തനിക്ക് ഇത് സാധിച്ചുവെങ്കിൽ ആർക്കും ഇത് നേടാനാവും എന്നും അദ്ദേഹം പറയുന്നു. ലോകത്തിലെ നൂറ് നേതാക്കളിൽ ഒരാളായി തന്നെ തിരഞ്ഞെടുത്തത് ഇപ്പോൾ വിവാദമാക്കുന്നവരെയും കണ്ണന്താനം വിമർശിക്കുന്നുണ്ട്. തനിക്ക് കിട്ടിയ ഈ നേട്ടം മറ്റൊരു രാജ്യത്തായിരുന്നുവെങ്കിൽ രാഷ്ട്രീയം മറന്ന് അവർ കൊണ്ടാടുമായിരുന്നു.

ട്രോളൻമാരോട് തനിക്ക് ദേഷ്യമില്ലെന്നും അവർ തന്നെ വേട്ടയാടുന്നതായി കരുതുന്നില്ലെന്നും കാരണം ഇത് വരെ ഇത്തരം ട്രോളുകൾ കണ്ടിട്ടില്ലെന്നും, എന്തെങ്കിലും പണിയെടുക്കാതെ ട്രോളുകളുണ്ടാക്കി നടക്കുന്നതാണോ ജീവിതം എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിലിരുന്ന് ട്രോളുന്ന കഴുകൻമാർക്ക് ഡൽഹി കമ്മീഷണറായിരിക്കുമ്പോൾ അവിടത്തെ മാഫിയയുടെ 14310 കൊട്ടാരങ്ങൾ ഇടിച്ചു നിരത്താൻ നടപടിയെടുത്തത് അറിയാമോ എന്നും, ഡൽഹിയിൽ ഞാൻ തോക്കും കൊണ്ടാണ് നടന്നിരുന്നത്, ട്രോളൻമാർക്ക് ഇങ്ങനെ എന്തിനെങ്കിലും ഒരു രോമമെങ്കിലും പോയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

എറണാകുളത്ത് തീർച്ചയായും ജയിക്കും കാരണം ഇവിടത്തെ വോട്ടർമാരെല്ലാം സ്മാർട്ടാണെന്നും അൽഫോൺസ് കണ്ണന്താനം പറയുന്നു. കേന്ദ്ര മന്ത്രിയായിരുന്ന കാലത്തെ പ്രവർത്തനങ്ങൾകൊണ്ട് കൊച്ചിയെ ടൂറിസ്റ്റ് ഹബ്ബ് ആക്കി മാറ്റിയത് നേട്ടമാവുമെന്നും കണ്ണന്താനം ഉറപ്പിക്കുന്നു.