തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാളിച്ചയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പ്രത്യേക ശ്രദ്ധ നൽകാനാണ് തിരുവനന്തപുരത്ത് ഒരു നിരീക്ഷകനെകൂടി നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും പാർട്ടി ഓരോ നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലം കോൺഗ്രസിന്റെ ഒരു അഭിമാന മണ്ഡലമായതിനാലാണ് ഒരാളെ കൂടി അധികം നിരീക്ഷണത്തിന് വച്ചതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ സംബന്ധിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ ജയസാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേയും പ്രചാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതികരണം. അതേസമയം, പ്രചാരണത്തിൽ ശശിതരൂർ തൃപ്തനാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് പറഞ്ഞു. ഒരു പരാതിയും തരൂർ ഇതുവരെ നൽകിയിട്ടില്ലെന്നും, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വേണ്ടിയാണ് നിരീക്ഷകനെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ യു.ഡി.എഫ് പ്രവർത്തകരെല്ലാം തരൂരിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. 10 വർഷമായി തരൂർ തിരുവനന്തപുരത്തെ എം.പിയാണെന്നും ഇത്തവണയും വിജയിക്കുമെന്നും മുകുൾ വാസ്‌നിക് വ്യക്തമാക്കി.
കെ.സി. വേണുഗോപാലിനെ കൂടാതെ മുകുൾ വാസ്‌നികും അവലോകന യോഗത്തിന് നേതൃത്വം നൽകും. എ.ഐ.സി.സി. പ്രത്യേക പ്രതിനിധി നാനാ പഠോലെയും യോഗത്തിനെത്തിയേക്കും. തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണത്തിൽ ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും സഹകരിക്കുന്നില്ലെന്ന പരാതി ഗൗരവമായാണ് എ.ഐ.സി.സി. കാണുന്നത്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ പ്രചാരണപുരോഗതി വിലയിരുത്താനും ഏകോപിപ്പിക്കാനും എ.ഐ.സി.സി. പ്രത്യേക പ്രതിനിധിയായി നാനാ പഠോലെയെ നിയമിച്ചത്.