suresh-gopi

തൃശൂർ : ബി.ജെ.പി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി വന്നതോടെ തൃശൂർ മണ്ഡലത്തിലെ മത്സരം പുതിയ തലത്തിലേക്ക് വന്നിരിക്കുന്നത്. കരുത്തുറ്റ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് സുരേഷ് ഗോപി. അനീതിക്കും അഴിമതിക്കുമെതിരെ പോരാടുന്ന, ഉറക്കെ ശബ്ദിക്കുന്ന നിരവധി കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ജീവൻ പകർന്നത്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാവണമെന്ന തന്നിലുള്ള ആഗ്രഹമായിരിക്കും അത്തരം കഥാപാത്രങ്ങൾക്ക് ഊർജ്ജം നൽകിയിരുന്നതെന്നും അദ്ദേഹം ഓർക്കുന്നു. എന്നാൽ അത്തരത്തിൽ ശക്തമായ കഥാപാത്രങ്ങളായി അഭിനയിക്കുന്ന സമയത്ത് പോടാ എന്ന് പോലും വിളിക്കാൻ തനിക്കാവുമായിരുന്നില്ലെന്ന് ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ സുരേഷ് ഗോപി പറയുന്നു. വെള്ളിത്തിരയിൽ ചെയ്ത ശക്തമായ കഥാപാത്രങ്ങളുടെ സ്വഭാവം പിന്നീട് ജിവതത്തിലും പ്രവർത്തിയിലും തന്നിലേക്ക് വരികയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള മാറ്റത്തിന് വ്യക്തമായ കാരണവും സുരേഷ് ഗോപി പറയുന്നു. നാട്ടിൽ നിലനിൽക്കുന്ന രാഷ്ട്രീയ സ്ഥിതിയെ എന്നും തുടർച്ചയായി വിമർശിച്ചാൽ മാത്രം മതിയോ അതിനുവേണ്ടി എന്ത് മറുപ്രവർത്തനമാണ് ചെയ്യുന്നതെന്നും ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് തന്റെ രാഷ്ട്രീയ പ്രവർത്തനം. കഴിഞ്ഞ മൂന്ന് വർഷം ഒരു നോമിനേറ്റഡ് എം.പി. എന്ന നിലയ്ക്ക് താൻ ഒന്നും ചെയ്തില്ല എന്ന് ആരും പറയില്ല. അങ്ങനെ ചെയ്താൽ കുറച്ച് കാശ് ചിലവാക്കിയെങ്കിലും താൻ എന്ത് ചെയ്തു എന്നതിന്റെ രേഖകൾ പൊതു ജനസമക്ഷം എത്തിക്കും അതിന്റെ രേഖകൾ കേരളത്തിലെ പതിനാല് ജില്ലാ കളക്ടർമാരുടെയും കയ്യിലുണ്ടെന്നും അദ്ദേഹം പറയുന്നു. മറ്റ് നോമിനേറ്റഡ് എം.പിമാർ എന്ത് ചെയ്തുവെന്നും അതുമായി തന്റെ പ്രവർത്തികൾ താരതമ്യം ചെയ്താൽ വ്യക്തമാവുമെന്നും ഞാനതൊക്കെ പുറത്ത് വിട്ടാൽ അവരൊക്കെ എവിടെ പോയൊളിക്കും എന്നും അദ്ദേഹം ചോദിക്കുന്നു.